വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കാൻ പ്രമേയം പാസാക്കി ഇസ്രയേൽ

ജറുസലേം : ഗാസ സമാധാന സമിതിയുടെ ആദ്യ ചർച്ച നടക്കാനിരിക്കെ അധിനിവേശ വെസ്റ്റ് ബാങ്കിനെ പൂർണമായും കൈപ്പിടിയിലാക്കാനുള്ള പ്രകോപനപരമായ നീക്കവുമായി ഇസ്രയേൽ. 1967ന് ശേഷം ആദ്യമായി അധിനിവേശ വെസ്റ്റ് ബാങ്കിൽ കുടിയേറ്റവും ഭൂമി രജിസ്റ്റർ ചെയ്യാനും അനുവദിക്കുന്ന കരട് പ്രമേയം ഇസ്രയേൽ സർക്കാർ പാസാക്കി. ധനമന്ത്രി ബേസലേൽ സ്മോട്രിച്ച്, നീതിന്യായ വകുപ്പ് മന്ത്രി യാരിവ് ലെവിൻ, പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് എന്നിവർ ചേർന്ന് അവതരിപ്പിച്ച പ്രമേയത്തിനാണ് ക്യാബിനറ്റ് അംഗീകാരം നൽകിയത്. ജൂത കുടിയേറ്റക്കാർക്ക് പലസ്തീൻ ഭൂമി വേഗത്തിൽ ഏറ്റെടുക്കാൻ സഹായമാകുമെന്നും പലസ്തീൻ രാഷ്ട്രമെന്ന ആശയം ഇല്ലാതാക്കാൻ കഴിയുന്നതെല്ലാം ചെയ്യുമെന്നും ബേസലേൽ സ്മോട്രിച്ച് പ്രതികരിച്ചു.
ഇസ്രയേലിന്റെ നീക്കത്തിനെതിരെ ശക്തമായി പ്രതികരിച്ച് ഹമാസ് രംഗത്തെത്തി. അധിനിവേശ വെസ്റ്റ് ബാങ്ക് ജൂതവൽക്കരിക്കാനും കൊള്ളയടിക്കാനുമുള്ള ശ്രമമാണിതെന്ന് ഹമാസ് പ്രതികരിച്ചു. ഇൗ പ്രമേയത്തിന് നിയമപരമായ നിലനിൽപ്പില്ല. അന്താരാഷ്ട്ര നിയമങ്ങളുടെയും ഐക്യരാഷ്ട്രസംഘടനയുടെ വ്യവസ്ഥകളുടെയും നഗ്നമായ ലംഘനമാണിത്. വെസ്റ്റ് ബാങ്കിൽ ജൂതൻമാരുടെ നിർബന്ധിത കുടിയേറ്റത്തിന് അടിത്തറ പാകുകയാണിത്. പലസ്തീൻ ജനതയ്ക്ക് നേരെ നടക്കുന്ന ക്രൂരതകൾക്കെതിരെ പ്രതികരിക്കാൻ ഐക്യരാഷ്ട്രസംഘടനയും രാഷ്ട്രങ്ങളും തയ്യാറാവണമെന്നും അവർ പ്രതികരിച്ചു.
നിയമം പ്രാവർത്തികമാവുകയാണെങ്കിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് പലസ്തീൻ പ്രസിഡന്റ് മഹമൂദ് അബ്ബാസിന്റെ ഓഫീസ് പത്രക്കുറിപ്പിൽ പറഞ്ഞു. പലസ്തീനിന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും വെല്ലുവിളിയാണിത്. ഐക്യരാഷ്ട്രസംഘടനയുടെ 2334 പ്രമേയത്തിൽ അധിനിവേശ വെസ്റ്റ് ബാങ്കിലും കിഴക്കൻ ജറുസലേമിലും ഇസ്രയേൽ കുടിയേറ്റം നിയമവിരുദ്ധമാണെന്ന് പ്രതിപാദിക്കുന്നുണ്ട്. പലസ്തീൻ രാഷ്ട്രത്തിന്റെ പരമാധികാരത്തിന്റെ മുകളിൽ ഒരു മേൽക്കൈയും ഇൗ പ്രമേയം നൽകുന്നില്ലെന്നും അവർ പറഞ്ഞു.



