ലെബനനിൽ ഇസ്രയേൽ വ്യോമാക്രമണം; കുട്ടികൾ ഉൾപ്പടെ 40 പേർ മരിച്ചു
ബെയ്റൂട്ട് : ലെബനനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ കുട്ടികൾ ഉൾപ്പടെ 40പേർ കൊല്ലപ്പെട്ടു. തലസ്ഥാനമായ ബെയ്റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിൽ ഒറ്റരാത്രികൊണ്ട് ഇസ്രായേൽ നടത്തിയ കനത്ത ബോംബാക്രമണത്തിന് പിന്നാലെയാണ് ഈ സംഭവം.
തീരദേശ നഗരമായ ടയറിൽ വെള്ളിയാഴ്ച വൈകിട്ടുണ്ടായ ആക്രമണത്തിൽ ഏകദേശം ഏഴുപേർ കൊല്ലപ്പെട്ടുവെന്ന് ലെബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ശനിയാഴ്ച സമീപ പട്ടണങ്ങളിൽ നടന്ന ആക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ബാൽബെക്കിന് ചുറ്റുമുള്ള കിഴക്കൻ സമതലങ്ങളിൽ ശനിയാഴ്ച ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 20 പേർ കൊല്ലപ്പെട്ടതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
രക്ഷാപ്രവർത്തനം നടന്നുകൊണ്ടിരിക്കുകയാണ്. കണ്ടെടുത്ത ശരീരഭാഗങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന നടത്തും. നേരത്തെ, ആക്രമണങ്ങൾക്ക് മുൻപ് നഗരത്തിൽ നിന്ന് പലായനം ചെയ്യണമെന്ന് ഇസ്രായേൽ സൈന്യം ജനങ്ങൾക്ക് അറിയിപ്പ് നൽകിയിരുന്നു. എന്നാൽ വെള്ളിയാഴ്ചത്തെ ആക്രമണത്തിന് മുൻപ് അത്തരത്തിലുള്ള അറിയിപ്പുകളൊന്നുമുണ്ടായിരുന്നില്ല.
കഴിഞ്ഞ വർഷം ലെബനനിൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ 3,136 പേർ കൊല്ലപ്പെടുകയും 13,979 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ലെബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതിൽ 619 സ്ത്രീകളും 194 കുട്ടികളും ഉൾപ്പെടുന്നു.