അന്തർദേശീയം

വെടിയൊച്ചകള്‍ നിലച്ചു; പ്രത്യാശയുടെ പുതുപുലരിയില്‍ ഗസ്സ

തെല്‍ അവിവ് : 15 മാസങ്ങൾക്കിപ്പുറം ഗസ്സയിൽ ഇന്ന്​ വെടിയൊച്ചകൾ നിലച്ച പ്രത്യാശയുടെ പ്രഭാതം. വെടിനിർത്തൽ കരാറിന്‍റെ ഭാഗമായി ഹമാസ്​ വിട്ടയച്ച 3 വനിതാ ബന്ദികൾ ഇസ്രായേലിലെത്തി. ഇതിനു പകരമായി ഇസ്രായേൽ തടവറകളിലുള്ള 90 ഫലസ്തീനികളെ മോചിപ്പിച്ചു. ഇവരെ കൈമാറുന്നതിനായി ബസുകളിൽ കൊണ്ടുപോയി.

വനിതാ ബന്ദികളായ ഡോറോൻ സ്റ്റൈൻബ്രെച്ചർ, എമിലി ദമാരി, റോമി ഗോനെൻ എന്നീ യുവതികളെ തെൽ അവീവിലെ ഷെബ മെഡിക്കൽ സെന്‍ററിൽ പരിശോധനക്കായി എത്തിച്ചു. യുവതികൾ പൂർണ ആരോഗ്യവതികളാണെന്ന് റെഡ് ക്രോസ് അറിയിച്ചു.രാത്രി വൈകിയാണ്​ ഫലസ്തീൻ തടവുകാരെ വിട്ടയക്കാനുള്ള നടപടിക്രമങ്ങൾക്ക്​ ഇസ്രായേൽ തുടക്കം കുറിച്ചത്​.

വെടിനിർത്തലിന്‍റെ ഏഴാം നാളിലാണ്​ അടുത്ത ബന്ദി കൈമാറ്റം. ആ ദിവസം നാലു ബന്ദികളെ ഹമാസ്​ കൈമാറണം എന്നാണ്​ കരാർ. ഇസ്രായേൽ പിൻമാറിയ ഗസ്സ പ്രദേശങ്ങളുടെ നിയന്ത്രണം ഹമാസ്​ ഏറ്റെടുത്തു. വടക്കൻ ഗസ്സയിലെയും മറ്റും തങ്ങളുടെ താമസ സ്ഥലങ്ങൾ തേടി​ പതിനായിരങ്ങളാണ്​ ഒഴുകുന്നത്. ആക്രമണം പുനാരംഭിക്കാൻ മടിക്കില്ലെന്ന ഇസ്രായേൽ പ്രധാനമന്ത്രി ​ബിന്യമിൻ നെതന്യാഹുവിന്‍റെ മുന്നറിയിപ്പ്​ സൃഷ്​ടിച്ച ആശങ്കക്കിടയിലും മൂന്നു ഘട്ടങ്ങളായുള്ള വെടിനിർത്തൽ കരാർ നടപ്പാക്കാൻ എല്ലാ നീക്കവും തുടരുമെന്ന്​ മധ്യസ്ഥ രാജ്യങ്ങളായ ഖത്തറും ഈജിപ്​തും അറിയിച്ചു. കരാർ നടപ്പാക്കാൻ സാധിച്ചതിൽ ഏറെ സംതൃപ്തിയുണ്ടെന്ന്​ യു.എസ്​ പ്രസിഡന്‍റ്​ ​ജോ ബൈഡൻ പ്രതികരിച്ചു. യൂറോപ്യൻ യൂണിയനും വിവിധ രാജ്യങ്ങളും കരാർ നടപ്പാക്കിയതിനെ സ്വാഗതം ചെയ്തു. ഗസ്സയിലേക്ക്​ സഹായവസ്തുക്കളുമായി നിത്യം 700 ട്രക്കുകൾ വീതം അയക്കുമെന്ന്​ അമേരിക്ക അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button