ലെബനനിലെ ലിതാനി നദിക്ക് കുറുകെയുള്ള പാലം മിസൈൽ ആക്രമണത്തിൽ തകർത്ത് ഇസ്രയേൽ

ബെയ്‌റൂട്ട് : ലെബനന് മേൽ അതിശക്തമായ വ്യോമാക്രമണം തുടരുന്ന ഇസ്രയേൽ സേന ലിതാനി നദിക്ക് കുറുകെയുള്ള തന്ത്രപ്രധാനമായ പാലം തകർത്തു. സരാരിയേ, തായർ ഫൽസെ എന്നീ പട്ടണങ്ങളെ ബന്ധിപ്പിക്കുന്ന പാലമാണ് ഇസ്രയേൽ മിസൈൽ ആക്രമണത്തിൽ തകർന്നത്.
ഹിസ്ബുള്ള പോരാളികൾ തെക്കൻ ലെബനനിലേക്ക് എത്താതിരിക്കാനാണ് ഈ നീക്കമെന്ന് ഇസ്രയേൽ അവകാശപ്പെട്ടു. അതിർത്തിയിൽ നിന്ന് 20 കിലോമീറ്റർ അകലെയുള്ള ലിതാനി നദിയുടെ വടക്കൻ മേഖലയിലുള്ളവരോടും ഉടൻ ഒഴിഞ്ഞുപോകാണമെന്ന് ഇസ്രയേൽ സൈന്യം ഉത്തരവിട്ടിട്ടുണ്ട്.
ഇതോടെ ലക്ഷക്കണക്കിന് ആളുകളാണ് പാലായനം ചെയ്യുന്നത്. ലെബനനിലെ സിവിൽ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ഇസ്രയേൽ നടത്തുന്ന പരസ്യമായ ആക്രമണമാണിതെന്ന് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നു. വടക്കൻ ബെയ്‌റൂട്ടിലെ ജനവാസ മേഖലകളിലും ഇസ്രയേൽ ഡ്രോൺ ആക്രമണം നടത്തി.
ബോർജ് ഹമ്മൂദിലെ പാർപ്പിട സമുച്ചയത്തിന് നേരെയുണ്ടായ ആക്രമണത്തിൽ കെട്ടിടം തകരുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഹിസ്ബുള്ളയെ നിരായുധരാക്കിയില്ലെങ്കിൽ കരയുദ്ധം ആരംഭിക്കുമെന്ന ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ മുന്നറിയിപ്പിന് പിന്നാലെയാണ് ആക്രമണം വ്യാപിപ്പിച്ചത്.
രണ്ടാഴ്ചയായി തുടരുന്ന യുദ്ധത്തിൽ ഇതുവരെ എട്ടു ലക്ഷത്തിലധികം ആളുകൾ ലെബനനിൽ ഭവനരഹിതരായതായാണ് കണക്ക്. ബെയ്‌റൂട്ടിൽ സന്ദർശനം നടത്തുന്ന ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് കുടിയിറക്കപ്പെട്ടവർക്കായി പ്രത്യേക സഹായം അഭ്യർത്ഥിച്ചു.



