ഇറാനെതിരെ പ്രത്യാക്രമണം നടത്താൻ തീരുമാനിച്ച് ഇസ്രായേൽ, വ്യോമാതിർത്തി ഉപയോഗിക്കാൻ പറ്റില്ലെന്ന് അറബ് രാജ്യങ്ങൾ
ദുബൈ: ഇറാനെതിരെ പ്രത്യാക്രമണം നടത്താൻ രാത്രി ചേർന്ന ഇസ്രായേൽ സുരക്ഷാ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി സിഎൻഎൻ ചാനൽ റിപ്പോർട്ട് ചെയ്തു. എന്നാൽ തീയതിയും ആക്രമണത്തിന്‍റെ സ്വഭാവവും തീരുമാനിച്ചിട്ടില്ല. ഇറാനെതിരെ പരിമിത സ്വഭാവത്തിലുള്ള പ്രത്യാക്രമണത്തിന് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡന്‍റിന്‍റെ അനുമതി ഇസ്രായേലിനുണ്ട്. അതേസമയം, ഇറാൻ ആണവ, സിവിലിയൻ കേന്ദ്രങ്ങൾ ആക്രമിക്കുന്നതിനെ അമേരിക്ക പിന്തുണക്കില്ല.
മേഖലയിലെ സൈനിക താവളങ്ങൾ ഉപയോഗിച്ച് ഇറാനെതിരെ ആക്രമണം നടത്തുന്നതിനെ ഗൾഫ് ഉൾപ്പെടെ അറബ് രാജ്യങ്ങൾ അനുവദിക്കില്ല. തങ്ങളുടെ വ്യോമാതിർത്തി ഇസ്രായേൽ പോർവിമാനങ്ങൾ ഉപയോഗിക്കാൻ ശ്രമിച്ചാൽ ആക്രമിക്കാൻ സേനക്ക് അനുമതി നൽകിയതായി അറബ് രാജ്യങ്ങൾ അമേരിക്കയെ അറിയിച്ചതായി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് യു.എസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മേഖലയിലെ യുഎസ് താവളങ്ങൾ മുഖേന തങ്ങളെ ആക്രമിച്ചാൽ ബന്ധപ്പെട്ട രാജ്യത്തിന് നേരെ തിരിച്ചടിക്കുമെന്ന് കഴിഞ്ഞ ദിവസം ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു. യുദ്ധം തങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ ആക്രമണം നടന്നാൽ തിരിച്ചടി മാരകമായിരിക്കുമെന്നും ഇറാൻ ഇസ്രായേലിന് മുന്നറിയിപ്പ് നൽകി.
അതിനിടെ, ലബനാനിലും ഗസ്സയിലും വ്യാപക കുരുതി തുടരുകയാണ് ഇസ്രായേൽ. ഗസ്സയിലെ ദൈർ അൽ ബലഹിൽ അഭയാർഥി ക്യാമ്പായി പ്രവർത്തിക്കുന്ന സ്കൂളിനുനേരെ ഇസ്രായേൽ നടന്ന വ്യോമാക്രമണത്തിൽ 28 ഫലസ്തീനികൾ കൊല്ലപ്പെട്ടു.മരിച്ചവരിലധികവും സ്ത്രീകളും കുട്ടികളുമാണ്. 54 പേർക്ക് പരിക്കുണ്ട്.ദൈർ അൽ ബലഹിലെ ഇന്തോനേഷ്യൻ, അൽ അവ്ദ, കമാൽ അദ്വാൻ ആശുപത്രികളിൽ നിന്ന് രോഗികളെ ഒഴിപ്പിക്കാൻ കഴിഞ്ഞ ദിവസം ഇസ്രായേൽ ആവശ്യപ്പെട്ടിരുന്നു. ജബലിയ, ബൈത് ഹാനൂൻ, ബൈത് ലാഹിയ എന്നിവിടങ്ങളിൽ ഹമാസ് പോരാളികളും ഇസ്രായേൽ സേനയും തമ്മിൽ വ്യാപക ഏറ്റുമുട്ടൽ നടന്നു. ഒരു സൈനികനെ വധിച്ചതായി ഹമാസ് അറിയിച്ചു.
രാത്രി ലബനാൻ തലസ്ഥാനമായ ബൈറൂത്തിനെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ടു. 120 ഓളം പേർക്ക് പരിക്കുണ്ട്. ഐക്യരാഷ്ട്രസഭ സമാധാന സേനയുടെ ലബനാൻ നാഖൂറയിലെ പ്രധാന താവളത്തിനുനേരെ ഇസ്രായേൽ സേന വെടിവെപ്പ് നടത്തിയതിൽ രണ്ട് സൈനികർക്ക് പരിക്കേറ്റു. യുഎന്നും ഇറ്റലി ഉൾപ്പെടെ വിവിധ രാജ്യങ്ങളും ആക്രമണത്തെ അപലപിച്ചു. ചെങ്കടലിൽ രണ്ട് യുഎസ് കപ്പലുകൾക്ക് നേരെ ആക്രമണം നടത്തിയതായി യെമനിലെ ഹൂതികൾ അറിയിച്ചു