ഹമാസ് തലവന്‍ ഇസ്മയിൽ ഹനിയ വധം : ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്രയേല്‍
വാഷിങ്ടണ്‍ : ഹമാസ് തലവന്‍ ഇസ്മയിൽ ഹനിയയെ വധിച്ചത് തങ്ങളാണെന്ന് സ്ഥിരീകരിച്ച് ഇസ്രയേല്‍. പ്രതിരോധമന്ത്രി ഇസ്രയേല്‍ കാട്‌സ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഹൂതി നേതൃനിരയെ ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇസ്മയിൽ ഹനിയ കൊല്ലപ്പെട്ട് അഞ്ചുമാസമാകുമ്പോഴാണ്, കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഇസ്രയേല്‍ ഏറ്റെടുക്കുന്നത്.
ഇസ്രായേല്‍ ഹൂതി ഭീകരസംഘടനയുടെ തന്ത്രപ്രധാനമായ അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ക്കും. അവരുടെ നേതാക്കളെ ശിരഛേദം ചെയ്യും. ടെഹ്റാനിലും ഗാസയിലും ലെബനനിലും ഹനിയ, സിന്‍വാര്‍, നസ്റല്ല എന്നിവരോട് ഞങ്ങള്‍ ചെയ്തതുപോലെ ഹൊദൈയ്ദയിലും സനായിലും ചെയ്യും. ഇസ്മയേല്‍ കാട്‌സ് കൂട്ടിച്ചേര്‍ത്തു.
ഹൂതി ഭീകര സംഘടന ഇസ്രയേലിനുനേരെ മിസൈലുകള്‍ തൊടുത്തുവിടുമ്പോള്‍, അവര്‍ക്ക് വ്യക്തമായ ഒരു സന്ദേശം നല്‍കാന്‍ ആഗ്രഹിക്കുകയാണ്. ഹമാസിനെയും ഹിസ്ബുല്ലയെയും ഞങ്ങള്‍ പരാജയപ്പെടുത്തി. ഇറാന്റെ പ്രതിരോധ മേഖലയെയും നിര്‍മ്മാണ സംവിധാനത്തെയും തകര്‍ത്തു. സിറിയയിലെ അസദ് ഭരണകൂടത്തെ അട്ടിമറിച്ചു. തിന്മയുടെ അച്ചുതണ്ടിന് കനത്ത പ്രഹരം ഏല്‍പ്പിച്ചു. അവസാനം അവശേഷിക്കുന്ന യെമനിലെ ഹൂതി ഭീകരര്‍ക്കും കനത്ത പ്രഹരം ഏല്‍പ്പിക്കുമെന്നും ഇസ്മയേല്‍ കാട്‌സ് പറഞ്ഞു.
സൈനിക ഉദ്യോഗസ്ഥരെ ആദരിക്കുന്ന ചടങ്ങിലായിരുന്നു ഇസ്രയേല്‍ പ്രതിരോധമന്ത്രിയുടെ പ്രസ്താവന. ജൂലൈ 31 നാണ് ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ വെച്ച് ഇസ്മയിൽ ഹനിയ കൊല്ലപ്പെടുന്നത്. ഇറാന്‍ പ്രസിഡന്റായി മസൂദ് പെസഷ്‌കിയാന്‍ ചുമതലയേല്‍ക്കുന്ന ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഹനിയ. വീടിനു നേരെയുണ്ടായ ആക്രമണത്തില്‍ ഹനിയയും അംഗരക്ഷകനും കൊല്ലപ്പെട്ടു. 2017 മുതല്‍ ഹമാസിന്റെ തലവനായിരുന്നു ഹനിയ. ഏപ്രിലില്‍ ഹനിയയുടെ മൂന്ന് മക്കളെയും മൂന്ന് പേരക്കുട്ടികളെയും ഇസ്രയേല്‍ ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു.