അന്തർദേശീയം

ഇറാൻ- യു.എസ് യുദ്ധം എപ്പോൾ അവസാനിക്കുമെന്ന് ഇറാന്‍ തീരുമാനിക്കും : ഐആർജിസി

തെഹ്‌റാൻ : ഇറാൻ-യു.എസ്. ഇസ്രായേൽ സംഘർഷം ഉടൻ അവസാനിക്കുമെന്ന യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയോടെ അതിശക്തമായ മറുപടിയുമായി ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐ.ആർ.ജി.സി). ” യുദ്ധം എപ്പോൾ അവസാനിക്കുമെന്ന് നമ്മൾ തീരുമാനിക്കും” ഇഐ.ആർ.ജി.സി വ്യക്തമാക്കി.

യുദ്ധത്തിന്റെ ദൈർഘ്യം നിശ്ചയിക്കുന്നത് അമേരിക്കയല്ലെന്നും, മറിച്ച് തങ്ങളാണെന്നും മേഖലയുടെ ഭാവി ഇപ്പോൾ ഇറാൻ സേനയുടെ കൈകളിലാണെന്നും അവർ കൂട്ടിച്ചേർത്തു. “മേഖലയുടെ സമവാക്യങ്ങളും ഭാവിയും ഇപ്പോൾ നമ്മുടെ സായുധ സേനയുടെ കൈകളിലാണ്; അമേരിക്കൻ സൈന്യം യുദ്ധം അവസാനിപ്പിക്കില്ല,” ഐ.ആർ.ജി.സി കൂട്ടിച്ചേർത്തു.

മിയാമിയിലെ ഗോൾഫ് ക്ലബ്ബിൽ റിപ്പബ്ലിക്കൻ നിയമസഭാംഗങ്ങളെ അഭിസംബോധന ചെയ്യവെയാണ് ട്രംപ് യുദ്ധത്തെക്കുറിച്ച് പരാമർശിച്ചത്. ‘ചില തിന്മകളെ ഇല്ലാതാക്കാൻ പശ്ചിമേഷ്യയിലേക്ക് ഞങ്ങൾ നടത്തിയ ഒരു ചെറിയ യാത്രയാണിത്. ഇത് വളരെ ചുരുങ്ങിയ കാലയളവിനുള്ളിൽ അവസാനിക്കുന്നത് നിങ്ങൾക്ക് കാണാം.’ എന്നായിരുന്നു ട്രംപിന്റെ വാദം.

അതേസമയം, ഹുർമുസ് കടലിടുക്കിലൂടെയുള്ള എണ്ണ വിതരണം തടയാൻ ഇറാൻ ശ്രമിച്ചാൽ ഇതുവരെ നേരിട്ടതിനേക്കാൾ ശക്തമായ തിരിച്ചടി നൽകുമെന്ന് ട്രംപ് സോഷ്യൽ മീഡിയയിലൂടെ മുന്നറിയിപ്പ് നൽകി. നിലവിൽ യുദ്ധത്തെത്തുടർന്ന് ആഗോള വിപണിയിൽ എണ്ണ, ഗ്യാസ് വിതരണം തടസപ്പെടുകയും ഇന്ധനവില കുതിച്ചുയരുകയും ചെയ്തിട്ടുണ്ട്. 2022ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലാണ് എണ്ണവില എത്തിയത്. അലി ഖാംനഈയുടെ മകൻ മുജ്തബ ഖാംനഈയെ ഇറാന്റെ പുതിയ പരമോന്നത നേതാവായി തിരഞ്ഞെടുത്തത് യുദ്ധം നീണ്ടുനിൽക്കുമെന്നതിന്റെ സൂചനയായാണ് വിലയിരുത്തുന്നത്. അമേരിക്കയും ഇസ്രായേലും ആരംഭിച്ചയുദ്ധം പത്തുദിവസം പിന്നിടുമ്പോഴാണ് ഇറാൻ ഈ നിർണായക തീരുമാനം എടുത്തതെന്നും അദ്ദേഹം പറഞ്ഞു.

യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് ഡൊണാൾഡ് ട്രംപ് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി ചർച്ച നടത്തി. ഗൾഫ് രാജ്യങ്ങളിലെ നേതാക്കളുമായും ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയനുമായും സംസാരിച്ച ശേഷം, സംഘർഷം പരിഹരിക്കാനുള്ള ചില രാഷ്ട്രീയ-നയതന്ത്ര നിർദേശങ്ങൾ പുടിൻ മുന്നോട്ടുവെച്ചതായി ക്രെംലിൻ വക്താവ് അറിയിച്ചു.

ഫെബ്രുവരി 28 ഇറാൻ-ഇസ്രായേൽ ആക്രമണത്തിൽ ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലിഖാംനഈയും മുതിർന്ന ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന് തിരിച്ചടിയായി ഗൾഫ് മേഖലയിലെ യു.എസ് സൈനിക താവളങ്ങൾക്കും ഇസ്രായേലിലും ഇറാൻ മിസൈൽ ആക്രമണം തുടങ്ങിയതോടെ മേഖല സംഘർഷാവസ്ഥയിലേക്ക് നീങ്ങുകയും ഹുർമൂസ് കടലിടിക്കിലൂടെയുള്ള ഇന്ധന നീക്കം നിലച്ചിരിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button