ഇറാന്റെ ഔദ്യോഗിക വാർത്താ വിതരണ ഏജൻസിയായ ഐആർഐബിയുടെ സംപ്രേഷണം തടസ്സപ്പെടുത്തി ഹാക്കർമാർ

ടെഹ്റാൻ : ഇറാന്റെ ദേശീയ ടെലിവിഷൻ ചാനൽ ഐആർഐബി ഹാക്ക് ചെയ്തു. 1979ലെ ഇസ്ലാമിക വിപ്ലവത്തെ തുടർന്ന് നാടുകടത്തപ്പെട്ട ഷാ രാജവംശത്തിലെ നിലവിലെ കിരീടാവകാശി റിസ പഹ്ലവിക്ക് പിന്തുണ അറിയിച്ചും സൈനികരോട് ജനങ്ങൾക്ക് നേരെ തോക്ക് ചൂണ്ടരുതെന്ന് ആവശ്യപ്പെട്ടുമുള്ള ദൃശ്യങ്ങളാണ് തിങ്കളാഴ്ച രാവിലെ ചാനൽ ഹാക്ക് ചെയ്യപ്പെട്ടതിനു ശേഷം പ്രത്യക്ഷപ്പെട്ടത്. സൈനികർക്കും ജനങ്ങൾക്കുമുള്ള റിസ പഹ്ലവിയുടെ സന്ദേശവും പ്രത്യക്ഷപ്പെട്ടു.
ഇറാന്റെ ബദർ സാറ്റലൈറ്റ് വഴി സംപ്രേഷണം ചെയ്യുന്ന ചാനലുകളെയാണ് ഹാക്കിംഗ് ബാധിച്ചത്. ഏകദേശം പത്ത് മിനിറ്റോളം അനധികൃതമായ ഉള്ളടക്കം രാജ്യത്തുടനീളം സംപ്രേഷണം ചെയ്യപ്പെട്ടു. പഹ്ലവിയുടെ മീഡിയ ടീം പിന്നീട് ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. ഫാഴ്സി ഭാഷയിലുള്ള സന്ദേശങ്ങളാണ് ഹാക്കർമാർ സംപ്രേഷണം ചെയ്തത്. സാധാരണ പരിപാടികൾക്കിടെ അപ്രതീക്ഷിതമായി റെസ പഹ്ലവിയുടെ ദൃശ്യങ്ങൾ പ്രത്യക്ഷപ്പെടുകയായിരുന്നു.
“ഇതാണ് നിങ്ങളുടെ അവസാന അവസരം” എന്ന് റെസ പഹ്ലവി ഇറാൻ സുരക്ഷാ സേനയോട് വീഡിയോയിലൂടെ ആഹ്വാനം ചെയ്തു. ഭരണകൂടത്തിന്റെ കല്പനകൾ ലംഘിക്കണമെന്നും സ്വന്തം കുടുംബാംഗങ്ങളെയും ജനങ്ങളെയും വെടിവെച്ചു കൊല്ലാൻ മടിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
“നിങ്ങൾ ഖമേനിയുടെ സൈന്യമല്ല, മറിച്ച് രാജ്യത്തിന്റെയും ജനങ്ങളുടെയും സൈന്യമാകണം,” എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. കൂടാതെ, സഹായിക്കാൻ ലോകരാജ്യങ്ങൾ ഉടൻ എത്തുമെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാക്കുകൾ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു. നേരത്തെയും ഇറാന്റെ ദേശീയ ടെലിവിഷൻ ചാനൽ ഹാക്ക് ചെയ്തിരുന്നു.



