അന്തർദേശീയം

അമേരിക്കയോ സഖ്യകക്ഷികളോ ആക്രമിച്ചാൽ പ്രതിരോധത്തിനായി ആണവായുധങ്ങൾ സ്വന്തമാക്കുകയല്ലാതെ മറ്റ് മാർഗങ്ങളില്ല : ഇറാൻ

തെഹ്‌റാൻ : അമേരിക്കയോ സഖ്യകക്ഷികളോ ആക്രമിച്ചാൽ പ്രതിരോധത്തിനായി ആണവായുധങ്ങൾ സ്വന്തമാക്കുകയല്ലാതെ തെഹ്‌റാന് മറ്റ് മാർഗങ്ങളില്ലെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇയുടെ ഉപദേഷ്ടാവ്.

തെഹ്‌റാൻ വാഷിങ്ടണുമായി ആണവ പദ്ധതി സംബന്ധിച്ച് ഒരു കരാറിലെത്തിയില്ലെങ്കിൽ ബോംബാക്രമണവും കൂടുതൽ തീരുവകളും ഏർപ്പെടുത്തുമെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറാനെ നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു. ട്രംപിന്റെ ‘അശ്രദ്ധയും യുദ്ധസ്വഭാവവുമുള്ള’ പരാമർശങ്ങൾക്കെതിരെ തിങ്കളാഴ്ച ഇറാൻ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിൽ പരാതിപ്പെട്ടു.

‘ഞങ്ങൾ ആണവായുധങ്ങളിലേക്ക് നീങ്ങുന്നില്ല, പക്ഷേ ഇറാനിയൻ ആണവ വിഷയത്തിൽ യു.എസ് എന്തെങ്കിലും തെറ്റ് ചെയ്താൽ സ്വയം പ്രതിരോധത്തിന്റെ ഭാഗമായി ഇറാന് അതിലേക്ക് നീങ്ങുകയല്ലാതെ മറ്റ് വഴികളില്ല.’ ഖാംനഇയുടെ ഉപദേഷ്ടാവ് അലി ലാരിജാനി പറഞ്ഞു. ഇറാൻ ഇത് ചെയ്യാൻ ആഗ്രഹിക്കുന്നില്ല, പക്ഷേ മറ്റ് മാർഗമില്ലെന്നും ഏതെങ്കിലും ഘട്ടത്തിൽ യു.എസ് സ്വയമേവയോ അല്ലെങ്കിൽ ഇസ്രായേൽ വഴിയോ ബോംബാക്രമണത്തിലേക്ക് നീങ്ങുകയാണെങ്കിൽ നിങ്ങൾ ഇറാനെ വ്യത്യസ്തമായ ഒരു തീരുമാനം എടുക്കാൻ നിർബന്ധിതരാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഐക്യരാഷ്ട്രസഭയിലെ ഇറാൻ അംബാസഡർ അമീർ സയീദ് ഇറവാനി യു.എൻ സുരക്ഷാ കൗൺസിലിന് കത്തയച്ചു. അമേരിക്കയുടെയോ ഇസ്രായേൽ ഭരണകൂടത്തിന്റെയോ ഏതൊരു ആക്രമണത്തിനെതിരെയും ഇറാൻ പ്രതികരിക്കുമെന്ന് അദ്ദേഹം എഴുതി. ‘അവർ ദുഷ്ടത കാണിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നു’വെന്ന് റമദാൻ ആഘോഷ പരിപാടിയിൽ നടത്തിയ പ്രസംഗത്തിനിടെ ട്രംപിന്റെ ഭീഷണിയോട് ആയത്തുള്ള ഖാംനഇയും പ്രതികരിച്ചു.

ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിലെ മുതിർന്ന കമാൻഡറായ ജനറൽ അമിറാലി ഹാജിസാദെ, മേഖലയിലെ അമേരിക്കൻ താവളങ്ങളുടെയും സൈനികരുടെയും സാന്നിധ്യം ചൂണ്ടിക്കാട്ടി. ‘ഇറാന് ചുറ്റുമുള്ള മേഖലയിൽ അമേരിക്കക്ക് കുറഞ്ഞത് 10 താവളങ്ങളെങ്കിലും ഉണ്ട്. 50,000 സൈനികരുമുണ്ട്’ അദ്ദേഹം മുന്നറിയിപ്പ് നൽകി. ‘ഒരു ഗ്ലാസ് മുറിയിലായിരിക്കുന്ന ഒരാൾ ആരെയും കല്ലെറിയരുത്’ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഞങ്ങൾ ചർച്ചകൾ ഒഴിവാക്കുന്നില്ല; വാഗ്ദാന ലംഘനമാണ് ഇതുവരെ ഞങ്ങൾക്ക് പ്രശ്‌നങ്ങൾ സൃഷ്ടിച്ചത് -ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ അഭിപ്രായപ്പെട്ടു. വിശ്വാസം വളർത്തിയെടുക്കാൻ കഴിയുമെന്ന് അവർ തെളിയിക്കണമെന്നും പറഞ്ഞു. അതേസമയം, ഇറാനെ ആണവായുധം വികസിപ്പിക്കാൻ അനുവദിക്കില്ലെന്ന നിലപാട് യു.എസ് ആവർത്തിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button