അന്തർദേശീയം

നിർണായക ഇറാൻ-അമേരിക്ക ആണവ ചർച്ച ശനിയാഴ്ച ഒമാനിൽ

മസ്കത്ത് : ഇറാൻ-അമേരിക്ക ആണവ ചർച്ച ശനിയാഴ്ച ഒമാനിൽ നടക്കും. അന്താരാഷ്ട്ര വാർത്ത ഏജൻസികളാണ് ഇത് സംബന്ധിച്ച് റിപ്പോർട്ട് ചെയ്തത്. എന്നാൽ, ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക വിശദീകരണം ഒന്നും ഒമാൻ അധികൃതരുടെ ഭാഗത്തുനിന്നും ഇതുവരെ ഉണ്ടായിട്ടില്ല. ഒമാനിൽ ശനിയാഴ്ച ചർച്ചകൾ നിശ്ചയിച്ചിട്ടുണ്ടെന്ന് തെഹ്‌റാനും സ്ഥിരീകരിച്ചിട്ടുണ്ട്. വിദേശകാര്യ മന്ത്രി അബ്ബാസ് അരഘ്ചിയും മിഡിൽ ഈസ്റ്റിലെ ഉന്നത യു.എസ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും ചർച്ചകളിൽ പങ്കെടുക്കുമെന്ന് ഇറാൻ വാർത്താ ഏജൻസിയായ തസ്നിം റിപ്പോർട്ട് ചെയ്തു.

ഇത് ഒരു പരീക്ഷണം പോലെ തന്നെ ഒരു അവസരവുമണെന്ന് അരഘ്ചി എക്സിൽ കുറിച്ചു. ഞങ്ങൾ ഇറാനുമായി നേരിട്ട് ബന്ധ​പ്പെടുകയാണെന്നും ശനിയാഴ്ച ഞങ്ങൾക്ക് വലിയ ഒരുമീറ്റിങ്ങു​ണ്ടെന്നും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചക്കു ശേഷമാണ് ചർച്ചകൾ ആരംഭിക്കുമെന്ന് ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞത്. ചർച്ചകൾ ഉന്നതതലത്തിലായിരിക്കുമെന്ന് പറഞ്ഞ ട്രംപ് എവിടെ നടക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല.

അതേസമയം, ചർച്ചകൾ വിജയിച്ചില്ലെങ്കിൽ ഇറാൻ ‘വലിയ അപകടത്തിലാകുമെന്നും’ ട്രംപ് മുന്നറിയിപ്പ് നൽകി. തെഹ്‌റാനും വാഷിങ്ടണും തമ്മിലുള്ള പരോക്ഷ ചർച്ചകളിൽ ഒമാന് വീണ്ടും ഒരു മധ്യസ്ഥത വഹിക്കാൻ കഴിയുമെന്നാണ് കരുതുന്നതെന്ന് ഇറാൻ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഭാഷണം സാധ്യമാക്കുന്നതിൽ ഒമാന്റെ മധ്യസ്ഥത സ്വാഭാവികമായ ഒരു തിരഞ്ഞെടുപ്പാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് നാസർ കനാനി പറഞ്ഞു. അമേരിക്കയുമായുള്ള പരോക്ഷ ചർച്ചകൾ പുനരുജ്ജീവിപ്പിക്കുന്നതിൽ ഒമാൻ നിർണായക പങ്ക് വഹിക്കുമെന്ന് സുൽത്താനേറ്റിന്റെ ഫലപ്രദമായ മധ്യസ്ഥതയുടെ ചരിത്രം എടുത്തുകാണിച്ചുകൊണ്ട് കനാനി പറഞ്ഞു. 2015ലെ ആണവ കരാറിന്റെ ചർച്ചകൾ ഉൾപ്പെടെ നയതന്ത്ര വിഷയങ്ങളിലെ ഭിന്നതകൾ പരിഹരിക്കാൻ ഒമാൻ മുമ്പ് സഹായിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button