ഇസ്രയേലിനെ നേരിടാൻ ചൈനയുടെ ജെ-10 സി വിമാനങ്ങൾ വാങ്ങാനൊരുങ്ങി ഇറാൻ

ടെഹ്‌റാന്‍ : ഇസ്രയേലുമായുള്ള പോരാട്ടത്തിന് പിന്നാലെ ചൈനീസ് ജെ-10 സി യുദ്ധ വിമാനങ്ങള്‍ സ്വന്തമാക്കാനുള്ള നീക്കങ്ങളുമായി ഇറാന്‍. 12 ദിവസത്തെ യുദ്ധത്തില്‍ ഇസ്രയേലിന്റെ ഭാഗത്ത് നിന്ന് കനത്ത വ്യോമ ആഘാതം ഇറാന് നേരിടേണ്ടി വന്നിരുന്നു. ഈ സാഹചര്യത്തിലാണ് വ്യോമസേനയെ ശക്തിപ്പെടുത്തുന്നതിനുള്ള നീക്കങ്ങള്‍ ഇറാന്‍ നടത്തി വരുന്നത്. റഷ്യയുടെ എസ്‌യു-35 വിമാനങ്ങള്‍ വാങ്ങാനായിരുന്നു നേരത്തെ പദ്ധതിയിട്ടിരുന്നത്. ഇതിന് പകരമായിട്ടാണ് ഇപ്പോള്‍ ചൈനയുമായി ഇറാന്‍ ചര്‍ച്ചകള്‍ ശക്തമാക്കിയിരിക്കുന്നതെന്ന് റഷ്യന്‍ മാധ്യമങ്ങള്‍ വ്യക്തമാക്കുന്നു.
‘ഇറാന്‍ അവരുടെ വ്യോമസേനയെ പെട്ടെന്ന് തന്നെ ആധുനികവത്ക്കരിക്കാന്‍ ശ്രമങ്ങള്‍ നടത്തുന്നുണ്ട്. കൂടാതെ റഷ്യന്‍ വിമാനത്തേക്കാള്‍ താങ്ങാനാവുന്നതും വിലകുറഞ്ഞതുമായ ഒരു ബദലായി ചൈനീസ് വിമാനങ്ങളെ അവര്‍ കാണുന്നു’ ദി മോസ്‌കോ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ഇറാനിയന്‍ പ്രതിരോധ മന്ത്രി അസീസ് നസീര്‍സാദെ ചൈന സന്ദര്‍ശിച്ച സമയത്ത് ചര്‍ച്ചകള്‍ നടന്നതായാണ് വിവരം. ചൈനീസ് നിര്‍മിത ‘4++ തലമുറ’ J-10CE ജെറ്റുകള്‍ വാങ്ങുന്നതിനുള്ള തയ്യാറെടുപ്പുകളാണ് ഇറാന്‍ നടത്തുന്നത്. നിലവില്‍ പാക് സൈന്യത്തിന്റെ ഭാഗമായിട്ടുള്ള ഈ വിമാനങ്ങള്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നുവെന്നാണ് ഇറാന്‍ അധികൃതര്‍ കണ്ടെത്തിയിരിക്കുന്നത്.
നേരത്തെ യുദ്ധ വിമാനങ്ങള്‍ വാങ്ങുന്നതിന് ഇറാന്‍ റഷ്യയുമായി കരാറുണ്ടാക്കിയെങ്കിലും അത് പിന്നീട് പാളിപ്പോയിരുന്നു. 2023-ല്‍ ഉണ്ടാക്കിയ കരാര്‍ പ്രകാരം 50 എസ്-35 വിമാനങ്ങളായിരുന്നു ഇറാന്‍ വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍ നാലു വിമാനങ്ങള്‍ മാത്രമേ റഷ്യക്ക് ഇറാന് കൈമാറാന്‍ സാധിച്ചിരുന്നുള്ളൂ. ഇതേത്തുടര്‍ന്ന് കരാര്‍ റദ്ദാക്കിയതായാണ് വിവരം.
ചൈനീസ് യുദ്ധ വിമാനങ്ങള്‍ സ്വന്തമാക്കാന്‍ ഇറാന്‍ ഇതാദ്യമായിട്ടല്ല ശ്രമം നടത്തുന്നത്. രണ്ട് പതിറ്റാണ്ടുകള്‍ മുമ്പു തന്നെ ഇറാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. 2015 ല്‍ 150 യുദ്ധവിമാനങ്ങള്‍ വിതരണം ചെയ്യുന്നതിനുള്ള കരാറില്‍ ഒപ്പുവയ്ക്കാനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചെങ്കിലും കരാര്‍ മുന്നോട്ട് പോയില്ല. വിദേശ കറന്‍സിയില്‍ പണം നല്‍കണമെന്ന് ചൈന നിര്‍ബന്ധം പിടിച്ചു. സാമ്പത്തിക ഞെരുക്കം കാരണം എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും രൂപത്തിലുള്ള കൈമാറ്റമായിരുന്നു ഇറാന്‍ വാഗ്ദാനം ചെയ്തത്. ഇറാനുമേലുള്ള ഐക്യരാഷ്ട്രസഭയുടെ ആയുധ ഉപരോധവും ഈ ഇടപാടിന് തടസ്സമുണ്ടാക്കി.
2020ല്‍ ഈ നിയന്ത്രണങ്ങള്‍ നീക്കുകയും ചര്‍ച്ചകള്‍ പുനരാരംഭിക്കുകയും ചെയ്തു. എന്നാല്‍ ഇടപാട് 36 വിമാനങ്ങളായി ചുരുങ്ങി, എന്നാല്‍ ചൈനയ്ക്കും ഇറാനും പണമിടപാടില്‍ വീണ്ടും ധാരണയിലെത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ ഇസ്രയേല്‍-ഇറാന്‍ വെടിനിര്‍ത്തലിന് പിന്നാലെ ജൂണ്‍ 24-ന് ഉപരോധ ഭീഷണിയില്ലാതെ ഇറാനില്‍ നിന്ന് എണ്ണ വാങ്ങാന്‍ അമേരിക്ക ചൈനയ്ക്ക് അനുമതി നല്‍കിയതിന് ശേഷം സാഹചര്യം മാറിയിരിക്കുകയാണ്.
ഈ വര്‍ഷം ആദ്യത്തില്‍ ഇറാനിയന്‍ വ്യോമസേനയുടെ കൈവശം ഏകദേശം 150 യുദ്ധവിമാനങ്ങള്‍ ഉണ്ടെന്നാണ് കണക്കുകള്‍. എന്നാല്‍ 1979 ലെ ഇസ്ലാമിക വിപ്ലവത്തിന് മുമ്പ് രാജ്യത്തിന് ലഭിച്ച കാലഹരണപ്പെട്ട അമേരിക്കന്‍ നിര്‍മിത മോഡലുകളാണ് അവയിലധികവും.