പശ്ചിമേഷ്യയിലെ ഇസ്രായേൽ ബന്ധമുള്ള യു.എസ് കമ്പനികളെ ആക്രമിക്കുമെന്ന് ഇറാൻ

തെഹ്റാൻ : പശ്ചിമേഷ്യയിൽ സ്ഥിതി ചെയ്യുന്ന ഇസ്രായേൽ ബന്ധമുള്ള യു.എസ് കമ്പനികളെ ആക്രമിക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. സാങ്കേതിക വിദ്യ ഉപയോഗിച്ച് സൈനിക നീക്കങ്ങൾക്ക് സഹായം നൽകുന്ന ഇസ്രായേൽ ബന്ധമുള്ള യു.എസ് കമ്പനികളുടെയും പശ്ചിമേഷ്യയിലെ അവരുടെ ഓഫിസുകളുടെയും പേരുകൾ ഇറാനിലെ തസ്നീം ന്യൂസ് ഏജൻസി പുറത്തുവിട്ടതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു.
‘ഇറാന്‍റെ പുതിയ ലക്ഷ്യങ്ങൾ’ എന്ന പേരിലാണ് പട്ടിക പുറത്തുവിട്ടത്. ഇസ്രായേലും യു.എസും ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ട് യുദ്ധം വ്യാപിപ്പിക്കുന്ന സാഹചര്യത്തിൽ ഇറാനും ലക്ഷ്യകേന്ദ്രങ്ങൾ വ്യാപിക്കുന്നതായി വാർത്തയിൽ പറയുന്നു. ഗൂഗിൾ, മൈക്രോസോഫ്റ്റ്, പലന്തിർ, ഐ.ബി.എം, എൻവിഡിയ, ഒറാക്കിൾ എന്നി കമ്പനികളുടെ പേരുകൾ പട്ടികയിലുണ്ട്. ഈ കമ്പനികളുടെ ഓഫിസുകൾ നിരവധി ഇസ്രായേലി നഗരങ്ങളിലും ചില ഗൾഫ് രാജ്യങ്ങളിലുമുണ്ട്.
ഗൂഗിളിനും മൈക്രോസോഫ്റ്റിനും മിഡിൽ ഈസ്റ്റിൽ ഒന്നിലധികം ഓഫിസുകളുണ്ട്. ഗൂഗിളിന്‍റെ മിഡിൽ ഈസ്റ്റ് ആസ്ഥാനം ദുബൈയിലും മൈക്രോസോഫ്റ്റിന്‍റേത് യു.എ.ഇയിലുമാണ്. ഇരുവർക്കും ഇസ്രായേലിലും ഓഫിസുകളുണ്ട്. മിഡിൽ ഈസ്റ്റിലെ യു.എസ്, ഇസ്രായേൽ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട സാമ്പത്തിക കേന്ദ്രങ്ങളെയും ബാങ്കുകളെയും ആക്രമിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
യു.എസിന്‍റെയും സയണിസ്റ്റ് ഭരണകൂടത്തിന്റെയും സാമ്പത്തിക കേന്ദ്രങ്ങളെയും ബാങ്കുകളെയും ഉന്നംവെക്കാൻ ശത്രുക്കൾ ഞങ്ങളുടെ കൈകളെ ബാക്കിവച്ചു എന്ന് ഐ.ആർ.ജി.സിയുമായി ബന്ധമുണ്ടെന്ന് യു.എൻ വിശേഷിപ്പിക്കുന്ന ഖതം അൽ-അൻബിയയുടെ വക്താവ് പറഞ്ഞതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു. ഈ മേഖലകളിലെ ജനങ്ങൾ ബാങ്കുകളുടെ ഒരു കിലോമീറ്റർ ചുറ്റളവിൽ നിൽക്കരുതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.



