നതാൻസ് ആണവനിലയം വീണ്ടും ആക്രമിക്കപ്പെട്ടെന്ന് ഇറാൻ

തെഹ്റാൻ : ഇറാന്റെ പ്രധാന യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രമായ നതാൻസ് വീണ്ടും ആക്രമിക്കപ്പെട്ടു. അമേരിക്കയും ഇസ്രയേലും ചേർന്ന് “ക്രിമിനൽ ആക്രമണം” നടത്തിയതായി ഇറാന്റെ ആറ്റോമിക് എനർജി ഓർഗനൈസേഷൻ സ്ഥിരീകരിച്ചു. ആക്രമണത്തിന്റെ ഫലമായി ആണവ വികിരണം ഉണ്ടായിട്ടില്ലെന്നും അതിനാൽ ആണവനിലയത്തിന് ചുറ്റുമുള്ള ജനവാസ മേഖലകളിൽ അപകടമില്ലെന്നും വക്താക്കളെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ആക്രമണം എങ്ങനെയാണ് നടന്നതെന്നോ ഏതുതരം ബോംബുകളാണ് ഉപയോഗിച്ചതെന്നോ വ്യക്തമാക്കിയിട്ടില്ല.
ഇറാനിലെ പ്രധാന ആണവനിലയങ്ങളിൽ ഒന്നാണ് രാജ്യത്തിന്റെ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന നതാൻസ്. ഇസ്‌ഫഹാനിലെ ആണവ കേന്ദ്രങ്ങളും ഇത്തരത്തിൽ പ്രധാനപ്പെട്ടതാണ്. ഇറാന്റെ ആണവ പദ്ധതികൾ തകർക്കുക, ഇറാൻ അണുബോംബ് നിർമിക്കുന്നത് തടയുക എന്നിവയാണ് തങ്ങളുടെ ലക്ഷ്യങ്ങളെന്ന് അമേരിക്കയും ഇസ്രായേലും അവകാശപ്പെടുന്നത്.
ഇസ്‌ഫഹാനിലെ കേന്ദ്രങ്ങൾക്ക് സമീപം ദിനംപ്രതി ആക്രമണങ്ങൾ നടക്കുന്നതായി റിപ്പോർട്ടുകൾ വരാറുണ്ടെങ്കിലും, നതാൻസിന് നേരെ ഒരു വലിയ ആക്രമണം നടക്കുന്നത് ഇതാദ്യമായാണ്. അമേരിക്കയാണ് ഈ ആക്രമണത്തിന് പിന്നിലെന്ന് യുഎസ് വൃത്തങ്ങളെ ഉദ്ധരിച്ച് ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.



