ടെഹ്റാൻ ടൈംസിലൂടെ യുഎസ് സൈന്യത്തിന് കടുത്ത മുന്നറിയിപ്പുമായി ഇറാന്

ടെഹ്റാൻ : അമേരിക്കയുടെ സൈനിക നീക്കങ്ങൾക്ക് മുന്നറിയിപ്പുമായി ഇറാൻ. പ്രമുഖ ഇറാൻ പത്രമായ ടെഹ്റാൻ ടൈംസിലൂടെയാണ് രാജ്യം യുഎസിന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ‘നരകത്തിലേക്ക് സ്വാഗതം’ എന്ന തലക്കെട്ടോടെ നൽകിയിരിക്കുന്ന വാർത്തയിൽ ഇറാന്റ മണ്ണിൽ കാല് കുത്തുന്ന ഏതൊരു അമേരിക്കൻ സൈനികനും ശവപ്പെട്ടിയിലാകും മടങ്ങിപ്പോവുകയെന്ന കടുത്ത ശാസനയുണ്ട്. പശ്ചിമേഷ്യയിലേക്ക് പതിനായിരത്തോളം അധിക സൈനികരെ വിന്യസിക്കാൻ യുഎസ് ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണിത്.
മേഖലയിൽ ഒരു കരസേന ആക്രമണത്തിന് അമേരിക്ക തയ്യാറെടുക്കുന്നുവെന്ന അഭ്യൂഹങ്ങൾ കൂടി വന്നതോടെ തീരുമാനം ഇറാൻ കടുപ്പിച്ചിരിക്കുന്ന അവസ്ഥയാണ്. വെടിനിർത്തൽ ചർച്ചകൾ പുരോഗമിക്കുന്നുണ്ടെന്ന് യുഎസ് വാദിക്കുമ്പോഴും ഇറാന് ചുറ്റുമുള്ള സൈനിക സാന്നിധ്യം വർദ്ധിപ്പിക്കാനാണ് പെന്റഗണിന്റെ നീക്കമെന്നാണ് റിപ്പോർട്ടുകൾ. അമേരിക്കൻ സൈന്യം ഇറാനിൽ പ്രവേശിച്ചാൽ യെമനിലെ ഹൂതി സഖ്യകക്ഷികളെ ഉപയോഗിച്ച് കപ്പലുകൾക്ക് നേരെ ആക്രമണം നടത്തുമെന്നും ഇറാൻ അറിയിച്ചിട്ടുണ്ട്. പ്രധാന എണ്ണകയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സൈനികരെ വിന്യസിക്കാനാണ് ഇറാൻ പദ്ധതിയിടുന്നത്.



