അന്തർദേശീയം

ബഹ്റൈനിലും അബുദാബിയിലും അമേരിക്കൻ സൈന്യവുമായി ബന്ധമുള്ള വ്യവസായ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇറാൻ ആക്രമണം

മനാമ : ബഹ്റൈനിലെ പ്രമുഖ അലുമിനിയം നിർമ്മാണ ശാലയായ ‘അൽബ’യ്ക്ക് (Alba) നേരെ ഞായറാഴ്ച പുലർച്ചെ ഇറാൻ മിസൈൽ ആക്രമണം നടത്തി. ആക്രമണത്തിൽ രണ്ട് ജീവനക്കാർക്ക് പരിക്കേറ്റതായി ബഹ്റൈൻ വാർത്താ ഏജൻസി സ്ഥിരീകരിച്ചു.

ഇതേസമയം തന്നെ യുഎഇയിലെ അബുദാബിയിലുള്ള ‘എമിറേറ്റ്‌സ് ഗ്ലോബൽ അലുമിനിയം’ (EGA) പ്ലാന്റിന് നേരെയും ആക്രമണമുണ്ടായി. ഇവിടെ ആറ് പേർക്ക് പരിക്കേൽക്കുകയും പ്ലാന്റിന് നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു. അമേരിക്കൻ സൈന്യവുമായി ബന്ധമുള്ള വ്യവസായങ്ങളെയാണ് തങ്ങൾ ലക്ഷ്യം വെക്കുന്നതെന്ന് ഇറാന്റെ റെവല്യൂഷണറി ഗാർഡ് (IRGC) വ്യക്തമാക്കി.

അമേരിക്കയും ഇസ്രയേലും ചേര്‍ന്ന് ഇറാനെതിരായ അധിനിവേശ ആക്രമണങ്ങൾ തുടരുകയാണ്. ഇതിനിടയിലാണ് പ്രത്യാക്രമണങ്ങൾ. കരയുദ്ധത്തിനുള്ള നീക്കങ്ങളും ഇരു രാജ്യങ്ങളും ത്വരിതപ്പെടുത്തി.

ഇറാന്റെ പ്രത്യാക്രമണത്തിനിടെ വടക്കൻ ഇറാഖിലെ ഇർബിലുള്ള അമേരിക്കൻ കോൺസുലേറ്റിനും സൈനിക താവളങ്ങൾക്കും നേരെ ശനിയാഴ്ച രാത്രി വൈകി വലിയ തോതിലുള്ള ഡ്രോൺ ആക്രമണമുണ്ടായി. മണിക്കൂറുകളോളം നീണ്ടുനിന്ന ഏറ്റുമുട്ടലിൽ നിരവധി ‘കാമികാസി’ ഡ്രോണുകൾ അമേരിക്കൻ പ്രതിരോധ സംവിധാനങ്ങൾ വെടിവെച്ചിട്ടതായി അവകാശപ്പെട്ടു. തകർന്നുവീണ ഡ്രോണുകളുടെ അവശിഷ്ടങ്ങൾ ജനവാസ മേഖലകളിൽ പതിച്ചെങ്കിലും ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.

യുദ്ധം ആരംഭിച്ച ശേഷം ആദ്യമായി യെമനിലെ ഇറാൻ അനുകൂല ഹൂതികൾ ഇസ്രായേലിന് നേരെ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും തൊടുത്തുവിട്ടു. തെക്കൻ ഇസ്രായേലിലെ ബീർഷെബ (Beersheba) ഉൾപ്പെടെയുള്ള നഗരങ്ങളിൽ വ്യോമാക്രമണ മുന്നറിയിപ്പ് നൽകുന്ന സൈറണുകൾ മുഴങ്ങി. ആക്രമണങ്ങൾ ഇസ്രായേൽ പ്രതിരോധ സംവിധാനങ്ങൾ തടഞ്ഞതായി അവകാശപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button