അന്തർദേശീയം

ട്രംപ് മുന്നോട്ട് വച്ച വെടിനിർത്തൽ കരാർ അം​ഗീകരിച്ച് 10 ഇന പദ്ധതി മുന്നോട്ട് വെച്ച് ഇറാൻ

ടെഹ്റാൻ : പാകിസ്ഥാൻ ഇടപെടലിൽ ട്രംപ് മുന്നോട്ട് വച്ച രണ്ടാഴ്ചത്തെ വെടിനിർത്തൽ കരാർ അം​ഗീകരിച്ചതായി ഇറാൻ. ഹോർമുസ്, ഇറാൻ സൈന്യത്തിന്റെ സഹായത്തോടെ, തുറക്കുമെന്ന് ഇറാൻ വിദേശ മന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചു. ഇറാനെതിരായ അമേരിക്കൻ-ഇസ്രയേൽ സംയുക്ത സൈനിക നീക്കം 40-ാം ദിവസത്തിലേക്ക് കടക്കുമ്പോൾ ആശ്വാസകരമായ വാർത്തയാണ് വരുന്നത്.

രണ്ടാഴ്ചത്തെ വെടിനിർത്തലിന് യുഎസ്സും ഇസ്രയേലും ഇറാനും സമ്മതിച്ചിരിക്കുന്നു. പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ നിർണായകമായ ഇടപെടലായിരുന്നു ഈ തീരുമാനത്തിലേക്ക് വഴി തുറന്നത്. രണ്ടാഴ്ചത്തേക്ക് ശത്രുത അവസാനിപ്പിക്കാനും ഹോർമുസ് കടലിടുക്ക് ഉടനടി തുറന്നുകൊടുക്കാനും ഈ കരാർ ആഹ്വാനം ചെയ്യുന്നു. ഇറാനുമായി ഒരു അന്തിമ കരാറിലെത്താൻ ഈ രണ്ടാഴ്ചത്തെ സമയം അമേരിക്ക ഉപയോഗിക്കുമെന്നും ട്രംപ് വ്യക്തമാക്കിയത്. ഇതിന് പിന്നാലെയാണ് ഇറാൻ വിദേശകാര്യമന്ത്രിയുടെ പ്രതികരണമെത്തിയത്.

ചർച്ചകൾക്കായി ഇറാൻ മുന്നോട്ടുവെച്ച 10 ഇന നിർദ്ദേശങ്ങളുടെ പൊതുവായ ചട്ടക്കൂട് അംഗീകരിക്കുന്നതായി അമേരിക്കൻ പ്രസിഡന്റ് പ്രഖ്യാപിച്ച സാഹചര്യത്തിലും ഇറാന് നേരെയുള്ള ആക്രമണങ്ങൾ നിർത്തലാക്കുകയാണെങ്കിൽ, ഞങ്ങളുടെ കരുത്തുറ്റ സായുധ സേന പ്രതിരോധ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുമെന്നാണ് അബ്ബാസ് അരാഗ്ചി സാമൂഹ്യ മാധ്യമങ്ങളിൽ കുറിച്ചത്.

രണ്ടാഴ്ചത്തേക്ക് ഇറാന്റെ സായുധ സേനയുമായുള്ള ഏകോപനത്തിലൂടെയും സാങ്കേതികമായ പരിമിതികൾ കണക്കിലെടുത്തും ഹോർമുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിതമായ ഗതാഗതം സാധ്യമാകുമെന്നും അരാഗ്ചി കൂട്ടിച്ചേർത്തു. അതേസമയം, ഗൾഫ് രാജ്യങ്ങളിൽ നിലവിലുള്ള സാഹചര്യങ്ങൾ പരിഗണിച്ച് പൗരന്മാരുടെയും പ്രവാസികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.

ദിവസങ്ങള്‍ക്ക് മുന്‍പ് വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യുഎസ് ഇറാനിലേക്ക് 15 ഇന നിര്‍ദ്ദേശം അയച്ചിരുന്നു. ഇതിന് മറുപടിയായി ചര്‍ച്ചകള്‍ക്കായി പരിഷ്‌കരിച്ച 10 ഇന നിര്‍ദ്ദേശങ്ങള്‍ ഇറാന്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. ഈ നിര്‍ദ്ദേശത്തിലെ പ്രധാന കാര്യങ്ങള്‍ ചുവടെ:

ഇറാന്‍ സായുധ സേനയുമായി ഏകോപിപ്പിച്ച് ഹോര്‍മുസ് കടലിടുക്കിലൂടെ നിയന്ത്രിത ഗതാഗതം.

‘ആക്‌സിസ് ഓഫ് റെസിസ്റ്റന്‍സിലെ’ എല്ലാ ഘടകങ്ങള്‍ക്കും എതിരായ യുദ്ധം അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകത.

മേഖലയിലെ എല്ലാ താവളങ്ങളില്‍ നിന്നും സ്ഥാനങ്ങളില്‍ നിന്നും യുഎസ് സേനയെ പിന്‍വലിക്കുക.

അംഗീകരിച്ചിട്ടുള്ള പ്രോട്ടോക്കോള്‍ അനുസരിച്ച് ഇറാന്റെ ആധിപത്യം ഉറപ്പുനല്‍കുന്ന സുരക്ഷിത ട്രാന്‍സിറ്റ് പ്രോട്ടോക്കോള്‍ ഹോര്‍മുസ് കടലിടുക്കില്‍ സ്ഥാപിക്കുക.

കണക്കാക്കിയ പ്രകാരം ഇറാന് ഉണ്ടായ നാശനഷ്ടങ്ങള്‍ പൂര്‍ണ്ണമായി നല്‍കുക.

എല്ലാ പ്രാഥമിക, അനുബന്ധ ഉപരോധങ്ങളും ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സിന്റെയും സെക്യൂരിറ്റി കൗണ്‍സിലിന്റെയും പ്രമേയങ്ങളും നീക്കം ചെയ്യുക.

വിദേശത്തുള്ള ഇറാന്റെ തടഞ്ഞുവെച്ച എല്ലാ ആസ്തികളും വസ്തുവകകളും വിട്ടുനല്‍കുക.

ഈ ഇനങ്ങളെല്ലാം യുഎന്‍ സുരക്ഷാ കൗണ്‍സിലിന്റെ നിര്‍ബന്ധിത പ്രമേയത്തിലൂടെ അംഗീകരിക്കുക.

10 ഇന പദ്ധതിയിലെ തത്വങ്ങള്‍ അംഗീകരിക്കുന്ന പക്ഷം യുദ്ധം അവസാനിപ്പിക്കാന്‍ തയ്യാറാകുമെന്നും ഇറാന്‍ വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button