സ്പോർട്സ്

മഴക്കളിയേറ്റില്ല: ഗുജറാത്തിനെ തകർത്ത് ചെന്നൈക്ക് അഞ്ചാം ഐ.പി.എൽ കിരീടം


അഹമ്മദാബാദ് : മഴ വൈകിപ്പിച്ചെങ്കിലും ആവേശം അണുവിട ചോരാതിരുന്ന ഫൈനലില്‍ ഗുജറാത്ത് ടൈറ്റാൻസിനെ അവസാന പന്തില്‍ ബൗണ്ടറിയടിച്ച്‌ തോല്‍പ്പിച്ച്‌ ചെന്നൈ സൂപ്പര്‍ കിംഗ്സ് തങ്ങളുടെ അഞ്ചാം ഐ.പി.എല്‍ കിരീടം സ്വന്തമാക്കി.

ഇന്നലെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് ടൈറ്റാൻസ് നാലുവിക്കറ്റ് നഷ്ടത്തിലാണ് 214 റണ്‍സടിച്ചത്. സായ് സുദര്‍ശൻ (96),വൃദ്ധിമാൻ സാഹ(54),ശുഭ്മാൻ ഗില്‍ (39),ഹാര്‍ദിക് പാണ്ഡ്യ (21*) എന്നിവരുടെ മികച്ച പ്രകടനമാണ് നിലവിലെ ചാമ്ബ്യന്മാരെ ഈ സ്കോറിലെത്തിച്ചത്.

മറുപടിക്കിറങ്ങിയ ചെന്നൈ 3 പന്തുകളില്‍ 4 റണ്‍സെടുത്തപ്പോഴേക്കും കനത്ത മഴ പെയ്യുകയായിരുന്നു.തുടര്‍ന്ന് രാത്രി 12.10നാണ് മത്സരം പുനരാരംഭിക്കാൻ കഴിഞ്ഞത്. ഇതോടെ ചെന്നൈയുടെ വിജയലക്ഷ്യം 15 ഓവറില്‍ 171 റണ്‍സായി പുനര്‍നിര്‍ണയിക്കുകയായിരുന്നു.ഇതാണ് രവീന്ദ്ര ജഡേജ അവസാന രണ്ടുപന്തുകളില്‍ സിക്സും ഫോറുമടിച്ച്‌ മറികടന്നത്.

നേരത്തേ ഗുജറാത്തിന് തകര്‍പ്പൻ തുടക്കമാണ് സാഹയും ഗില്ലും ചേര്‍ന്ന് നല്‍കിയത്. സാഹയാണ് ആക്രമണത്തിന് മുന്നിട്ട് നിന്നത്. ആദ്യ ഏഴോവറില്‍ 67 റണ്‍സാണ് ഓപ്പണിംഗ് സഖ്യം കൂട്ടിച്ചേര്‍ത്തത്. ഇതുവരെ മൂന്ന് സെഞ്ച്വറികള്‍ നേടിയിരുന്ന ഗില്‍ വീണ്ടുമൊരു സെഞ്ച്വറിയിലേക്ക് എത്തുമോ എന്ന് പ്രതീക്ഷയോടെ കാത്തിരുന്നവരെ ധോണിയു‌ടെ മിന്നല്‍ സ്റ്റംപിംഗ് നിരാശപ്പെ‌ടുത്തുകയായിരുന്നു. 20 പന്തുകളില്‍ ഏഴു ഫോറടക്കം 39 റണ്‍സ് നേടിയ ഗില്‍ ദീപക് ചഹറിനെ ഇറങ്ങി അടിക്കാൻ ശ്രമിച്ചപ്പോഴാണ് ധോണി സ്റ്റംപ് ചെയ്തുവിട്ടത്.

തുടര്‍ന്നിറങ്ങിയ സായ് സുദര്‍ശനെ കൂട്ടുനിറുത്തി സാഹ ജ്വലിച്ചതോടെ ടൈറ്റാൻസിന്റെ സ്കോര്‍ മുന്നോട്ടുതന്നെ കുതിച്ചു. അടുത്ത ഏഴോവറില്‍ 64 റണ്‍സ് കൂട്ടിച്ചേര്‍ത്തശേഷമാണ് സഖ്യം വേര്‍പിരിഞ്ഞത്. 39 പന്തുകളില്‍ അഞ്ചുഫോറും ഒരു സിക്സുമടക്കം അര്‍ദ്ധസെഞ്ച്വറി കടന്ന സാഹ 14-ാം ഓവറില്‍ വിക്കറ്റിന് പിന്നിലേക്ക് ഉയര്‍ത്തിയടിച്ച്‌ ധോണിക്ക് ഈസി ക്യാച്ച്‌ നല്‍കുകയായിരുന്നു. ഇതോടെ ഗുജറാത്ത് ടൈറ്റാൻസ് 131/2 എന്ന നിലയിലായി.

തുടര്‍ന്ന് സായ്‌യുടെ ഉൗഴമായിരുന്നു. ധോണിയുടെ ബൗളിംഗ് ചേഞ്ചുകളെയും ഫീല്‍ഡിംഗ് തന്ത്രങ്ങളെയും അതിജീവിച്ച്‌ മുന്നേറിയ സായ്‌യ്ക്ക് മറുവശത്തുനിന്ന് നായകൻ ഹാര്‍ദിക് പാണ്ഡ്യയുടെ മികച്ച പിന്തുണയും ലഭിച്ചു.ടീമിനെ 212ലെത്തിച്ചശേഷം അവസാന ഓവറിന്റെ മൂന്നാം പന്തിലാണ് സായ് മടങ്ങിയത്. 47 പന്തുകളില്‍ എട്ടുഫോറും ആറുസിക്സും പായിച്ച സായ് സെഞ്ച്വറിക്ക് നാലുറണ്‍സകലെ പതിരാണയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങുകയായിരുന്നു. 12 പന്തുകളില്‍ രണ്ട് സിക്സടക്കമാണ് ഹാര്‍ദിക് 21 റണ്‍സുമായി പുറത്താകാതെ നിന്നത്. അവസാന പന്തില്‍ റാഷിദ് ഖാൻ പുറത്തായി.

മഴ കഴിഞ്ഞ് മറുപടിക്കിറങ്ങിയ ചെന്നൈയ്ക്ക് വേണ്ടി ആദ്യ നാലോവറില്‍ റിതുരാജ് ഗെയ്ക്ക്വാദും ഡെവോണ്‍ കോണ്‍വേയ്‌യും ചേര്‍ന്ന് 50 റണ്‍സ് നേ‌ടി. എന്നാല്‍ ഏഴാം ഓവറില്‍ നൂര്‍ അഹമ്മദ് റിതുരാജിനെയും (26) കോണ്‍വേയെയും(47 ) പുറത്താക്കിയതോടെ ചെന്നൈ 78/2 എന്ന നിലയിലായി.തുടര്‍ന്ന് വീശിയടിച്ച രഹാനെയെ (27) 11-ാം ഓവറില്‍ മോഹിത് ശര്‍മ്മ പുറത്താക്കി. അവസാന മത്സരത്തിനിറങ്ങിയ അമ്ബാട്ടി എട്ടുപന്തില്‍ 19 റണ്‍സടിച്ച്‌ വിജയപ്രതീക്ഷ തിരിച്ചെത്തിച്ച്‌ പുറത്തായി.

തുടര്‍ന്ന് ധോണി കളത്തിലിറങ്ങി ആദ്യ പന്തില്‍ത്തന്നെ മില്ലര്‍ക്ക് ക്യാച്ച്‌ നല്‍കി. ഇതോടെ ചെന്നൈ 149/5 എന്ന നിലയിലായി. അവസാന രണ്ടോവറില്‍ 21 റണ്‍സായിരുന്നു ചെന്നൈയ്ക്ക് വേണ്ടിയിരുന്നത്. അവസാന ഓവറില്‍ 13 റണ്‍സും. അവസാന രണ്ട് ബോളുകളില്‍ 10 റണ്‍സ് നേടിയ ജഡേജയാണ് ചെന്നൈയുടെ വിജയശില്പിയായത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button