ഇറാനിൽ ഇന്റര്‍നെറ്റ് വിച്ഛേദിച്ചു; പ്രക്ഷോഭങ്ങളില്‍ 42 മരണം

ടെഹ്‌റാന്‍ : വിലക്കയറ്റ വിരുദ്ധ പ്രതിഷേധം സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭമായി മാറിയ ഇറാനില്‍ സ്ഥിതിഗതികള്‍ രൂക്ഷമാകുന്നു. പ്രക്ഷോഭം 13 ദിവസം പിന്നിടുമ്പോള്‍ പ്രതിഷേധക്കാരോട് നിലപാട് കടുപ്പിക്കുകയാണ് ഇറാന്‍ അധികൃതര്‍. പ്രക്ഷോഭകാരികളെ വിമര്‍ശിച്ച് ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖൊമേനി തന്നെ രംഗത്തെത്തി. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ പ്രീതിപ്പെടുത്താനാണ് ഒരു വിഭാഗം പ്രക്ഷോഭകാരികള്‍ ശ്രമിക്കുന്നത് എന്നാണ് ഇറാന്‍ പരമോന്നത നേതാവിന്റെ പ്രതികരണം.
രാജ്യത്ത് പ്രതിഷേധങ്ങള്‍ വര്‍ധിക്കുന്നതിനിടെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ആയത്തുള്ള അലി ഖൊമേനി. ട്രംപിനെ അഹങ്കാരിയെന്ന് വിശേഷിപ്പിച്ചായിരുന്നു പ്രതികരണം. ട്രംപിന്റെ കൈകളില്‍ ഇറാനികളുടെ രക്തം പുരണ്ടിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ട്രംപ് സ്വന്തം രാജ്യത്തെ പ്രശ്‌നങ്ങളില്‍ ശ്രദ്ധിക്കണം. ഇല്ലെങ്കില്‍ കനത്ത തിരിച്ചടിയുണ്ടാകുമെന്നും പരമോന്നത നേതാവ് മുന്നറിയിപ്പ് നല്‍കി. ഇറാനിലെ പ്രതിഷേധക്കാരെ കായികമായി നേരിട്ടാല്‍ യുഎസ് ഇടപെടുമെന്ന ട്രംപിന്റെ മുന്നറിയിപ്പ് പരാമര്‍ശിച്ചാണ് പരമോന്നത നേതാവിന്റെ പ്രതികരണം.
പ്രക്ഷോഭങ്ങളെ നേരിടാന്‍ രാജ്യത്തെ ഇന്റര്‍നെറ്റ് ഉള്‍പ്പെടെ തടഞ്ഞിട്ടുണ്ട്. ബിബിസി ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങളുടെ പ്രവര്‍ത്തനങ്ങളും ഭരണകൂടം ഇടപെട്ട് തടഞ്ഞതായും വിവരങ്ങളുണ്ട്. സോഷ്യല്‍ മീഡിയയെ ആശ്രയിച്ചാണ് ഇപ്പോള്‍ വിവരങ്ങള്‍ ശേഖരിക്കുന്നതെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫോണ്‍ കോളുകള്‍ രാജ്യത്ത് എത്തുന്നില്ല, വിമാന സര്‍വീസുകളും റദ്ദാക്കി, ഓണ്‍ലൈന്‍ ഇറാനിയന്‍ വാര്‍ത്താ സൈറ്റുകള്‍ ഉള്‍പ്പെടെ നിശ്ചലമായതോടെ പുറം ലോകവുമായി ഇറാന്‍ വലിയതോതില്‍ ഒറ്റപ്പെട്ടു.
പ്രതിഷേധം രണ്ടാഴ്ച പിന്നിടുമ്പോള്‍ 42 പേരെങ്കിലും മരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രക്ഷോഭവുമായി ബന്ധപ്പെട്ട് 2,270 ല്‍ അധികം ആളുകളെ സുരക്ഷാ സേന കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും യുഎസ് ആസ്ഥാനമായുള്ള മനുഷ്യാവകാശ സംഘടനകള്‍ പറയുന്നു. ഡിസംബര്‍ 28 ന് ടെഹ്റാറില്‍ കടകള്‍ അടച്ചിട്ട് വ്യാപാരികള്‍ ആരംഭിച്ച സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധം പിന്നീട് രാജ്യവ്യാപമായ ബഹുജന പ്രക്ഷേഭമായി വളരുകയായിരുന്നു.



