ചെങ്കടലിൽ കേബിളുകൾ മുറിഞ്ഞു; ഇന്ത്യയിലും പാകിസ്താനിലും ഇന്റർനെറ്റ് കണക്ടിവിറ്റിക്ക് തകരാർ

ന്യൂഡൽഹി : ജിദ്ദക്കു സമീപം ചെങ്കടലിൽ കേബിളുകൾ മുറിഞ്ഞതോടെ ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ ഇന്റർനെറ്റ് തകരാർ. ഇന്ത്യയും പാകിസ്താനും ഉൾപ്പെടെ ദക്ഷിണേഷ്യയിലെ നിരവധി രാജ്യങ്ങളിൽ ഇന്റർനെറ്റ് കണക്ടിവിറ്റിയെ ഇത് ബാധിച്ചുവെന്നാണ് സൂചന. ഇന്ത്യയിൽ തടസ്സം നേരിട്ടതായി ആഗോള ഇന്റർനെറ്റ് നിരീക്ഷക സ്ഥാപനമായ ‘നെറ്റ്ബ്ലോക്ക്സ്’ പറയുന്നുണ്ടെങ്കിലും ഇന്റർനെറ്റ്, ഡാറ്റ കണക്ടിവിറ്റി സേവനങ്ങളിൽ തകരാർ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് ഇന്ത്യൻ ടെലികോം ഓപറേറ്റർമാർ അറിയിച്ചു.
ഒന്നിലധികം റൂട്ടുകളിലൂടെ നെറ്റ്‌വർക്കുകൾക്ക് നമുക്കുണ്ടെന്നും അതിനാൽ രാജ്യത്തെ ബാധിക്കാനിടയില്ലെന്നും ഇന്ത്യൻ ടെലികോം അതോറിറ്റി വ്യക്തമാക്കി.ടാറ്റ കമ്യൂണിക്കേഷൻസ് ഉൾപ്പെടെയുള്ള ടെലികോം കമ്പനികളുടെ കൺസോർട്ട്യമാണ് ഈ ഭാഗങ്ങളിൽ കേബിൾ പ്രവർത്തിപ്പിക്കുന്നത്. എന്നാൽ, ടാറ്റ കമ്യൂണിക്കേഷൻ ഉൾപ്പെടെയുള്ള കമ്പനികൾ തടസ്സം സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല.കപ്പൽ നങ്കൂരമിടുന്നത് മൂലമോ മനഃപൂർവമോ തകരാർ സംഭവിക്കാമെന്നാണ് വിദഗ്ധർ നൽകുന്ന സൂചന. ഹൂതികൾ കേബിളുകൾ മുറിച്ചതാണെന്ന സംശയവുമുണ്ട്. മിഡിൽ ഈസ്റ്റിലൂടെയുള്ള നെറ്റ്‌വർക്ക് ട്രാഫിക്കിൽ വേഗത കുറഞ്ഞേക്കാമെന്നും എന്നാൽ, മറ്റുപാതകളിലൂടെ ഇത് ക്രമീകരിക്കുമെന്നും മൈക്രോസോഫ്റ്റ് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി.