മ്യാന്മറിൽ ആഭ്യന്തര കലാപം; റാഖൈനിലെ 17ൽ 14 ടൗൺഷിപ്പും പിടിച്ചെടുത്ത് അറാകാൻ ആർമി

നയ്പിഡാവ് : ഡിസംബറിൽ പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ മ്യാന്മറിൽ ആഭ്യന്തര കലാപം. ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്ന പടിഞ്ഞാറൻ മേഖലയിലെ റാഖൈൻ പ്രവിശ്യയിലെ 17ൽ 14 ടൗൺഷിപ്പുകളും അറാകാൻ ലിബറേഷൻ ആർമി പിടിച്ചെടുത്തു. സായുധ വിഭാഗം റാഖൈനിലെ മുസ്ലിം വിഭാഗമായ റോഹിങ്ക്യകൾക്കെതിരെ അക്രമം നടത്തുന്നതായി റിപ്പോർട്ടുണ്ട്. കലാപം അടിച്ചമർത്തുമെന്ന് സൈനിക ഭരണകൂടം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അറാകാൻ വിഭാഗത്തിന്റെ ശക്തികേന്ദ്രമായ രഖൈനിയിലേക്ക് ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെ അവശ്യസാധനങ്ങൾ എത്തുന്നത് സൈന്യം തടഞ്ഞത് 20 ലക്ഷത്തിലേറെ ആളുകളുടെ ജീവിതം പ്രതിസന്ധിയിലാക്കി. ഇവിടത്തെ 57 ശതമാനം ആളുകൾ ഭക്ഷ്യക്ഷാമം നേരിടുന്നതായി വേൾഡ് ഫുഡ് പ്രോഗ്രാം ഈ മാസം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ഡിസംബറിലെ കണക്കിൽ 33 ശതമാനമായിരുന്നു ക്ഷാമം നേരിട്ടിരുന്നത്. അതിനിടെ സൈന്യം വ്യോമാക്രമണം നടത്തിയതായും റിപ്പോർട്ടുണ്ട്. 2023നും 2025 ജൂണിനുമിടയിൽ സൈന്യത്തിന്റെ വ്യോമാക്രമണത്തിൽ 96 കുട്ടികൾ ഉൾപ്പെടെ 402 സാധാരണക്കാർ കൊല്ലപ്പെട്ടതായി യുനൈറ്റഡ് ലീഗ് ഓഫ് അറാകാൻ പറഞ്ഞു.
കഴിഞ്ഞ മേയ് മുതൽ അരാകൻ പ്രസ്ഥാനം 18നും 45നും ഇടയിൽ പ്രായമുള്ള പുരുഷന്മാരെയും 18നും 25നും ഇടയിലുള്ള സ്ത്രീകളെയും സായുധ വിഭാഗത്തിലേക്ക് നിയമിക്കുന്നുണ്ട്. 70000ത്തോളം പേരെ നിയമിച്ച് മ്യാന്മർ സൈന്യവും ഏറ്റുമുട്ടലിന് തയാറെടുത്തിട്ടുണ്ട്. മ്യാന്മറിൽ ഡിസംബർ 28ന് പൊതുതെരഞ്ഞെടുപ്പ് നടത്തുമെന്ന് സൈനിക ഭരണകൂടം കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു. സായുധ വിഭാഗങ്ങളായ 21 ഗോത്രവിഭാഗങ്ങൾ, നാഷനൽ യൂനിറ്റി ഗവൺമെന്റ്, പീപ്ൾസ് ഡിഫൻസ് ഫോഴ്സ് എന്നിവ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. വർഷങ്ങളായി ആഭ്യന്തര യുദ്ധത്തിന്റെ ദുരിതം നേരിടുന്ന മ്യാന്മറിൽ ആഭ്യന്തരമായും അന്താരാഷ്ട്ര തലത്തിൽനിന്നും നേരിടുന്ന ശക്തമായ സമ്മർദത്തെ തുടർന്നാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.