അനധികൃത കുടിയേറ്റക്കാർക്കെതിരെ നടപടി ശക്തമാക്കി ജര്‍മനി

ബര്‍ലിന്‍ : ജര്‍മനിയിൽ രേഖകളില്ലാത്ത കുടിയേറ്റക്കാർക്കെതിരെ നടപടി ശക്തം. സത്യപ്രതിജ്ഞ ചെയ്ത് 20 മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ കര്‍ശനമായ ഉത്തരവുകൾ നടപ്പിലാക്കി ജര്‍മന്‍ ആഭ്യന്തരമന്ത്രി അലക്സാണ്ടര്‍ ഡോബ്രിന്‍ഡ് . പുതിയ ഉത്തരവനുസരിച്ച് എല്ലാ അതിര്‍ത്തികളിലും അഭയം തേടിയെത്തുന്നവരെ തടയുന്നത് ശക്തമാക്കി. കൂടുതല്‍ പൊലീസുകാരെ വിന്യസിച്ചു. പുതിയ സര്‍ക്കാരിന്റെ ആദ്യ 24 മണിക്കൂറിനുള്ളിലെ ആദ്യ തീരുമാനമാണിത്.
ഇന്നു മുതല്‍, എല്ലാ കുടിയേറ്റക്കാരെയും ജര്‍മന്‍ കര അതിര്‍ത്തികളിലൂടെ നിയമവിരുദ്ധമായി രാജ്യത്തേക്ക് പ്രവേശിക്കുന്നത് തടയുകയാണ്. അവര്‍ അഭയം തേടിയാലും എന്ന് ഫെഡറല്‍ ആഭ്യന്തര മന്ത്രി അലക്സാണ്ടര്‍ ഡോബ്രിന്‍ഡ് അറിയിച്ചു. അതിര്‍ത്തി നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കിയതായും നിയമവിരുദ്ധ എന്‍ട്രികള്‍ നിരസിക്കുന്നത് വര്‍ധിപ്പിക്കാനും ഡോബ്രിന്‍ഡ് ഫെഡറല്‍ പൊലീസിന് നിര്‍ദേശം നല്കി.
നിലവിലുള്ള 11,000 ഓഫിസര്‍മാര്‍ക്കു പുറമെ 2,000 മുതല്‍ 3,000 വരെ ഓഫിസര്‍മാരെ കൂടി ഉള്‍പ്പെടുത്തി ശക്തിപ്പെടുത്തുമെന്നും അറിയിച്ചു. ഏകദേശം 4,000 കിലോമീറ്റര്‍ നീളമുള്ള ബാഹ്യ അതിര്‍ത്തിയിലെ സ്ഥലങ്ങളില്‍ വിന്യസിക്കാന്‍ അവരെ ചുമതലപ്പെടുത്തി. ഇതിനുപുറമെ, മുന്‍ ആഭ്യന്തര മന്ത്രി തോമസ് ഡി മൈസിയറില് നിന്ന് 2015 ല്‍ ഫെഡറല്‍ പൊലീസിന് നല്കിയ വാക്കാലുള്ള നിര്‍ദേശം ഡോബ്രിന്‍ഡ് റദ്ദാക്കി.
2015 ല്‍ ചാന്‍സലര്‍ അംഗല മെര്‍ക്കലിന്റെ കീഴില്‍ അഭയാര്‍ഥി പ്രതിസന്ധിയിലായിരുന്നു ഫെഡറല്‍ പൊലീസിന് ഉത്തരവ് നല്‍കിയത്. ആ സമയത്ത്, ആയിരക്കണക്കിന് ആളുകള്‍ ജര്‍മനിയുടെ അതിര്‍ത്തികളില്‍ എത്തി.
3533 ദിവസങ്ങള്‍ക്ക് ശേഷം, മെര്‍സും ഡോബ്രിന്ഡും ജര്‍മന്‍ കര അതിര്‍ത്തികളില്‍ നിലവിലുള്ള നിയമത്തിന്റെ സസ്പെന്ഷന് ഇപ്പോള്‍ അവസാനിപ്പിച്ചു. 2023 ഒക്ടോബര്‍ മുതല്‍, പോളണ്ട്, ചെക്ക് റിപ്പബ്ളിക്, സ്വിറ്റ്സര്‍ലന്‍ഡ് എന്നിവയുമായുള്ള അതിര്‍ത്തികള്‍ നിയന്ത്രണത്തിലാണ്. ജര്‍മന്‍- ഓസ്ട്രിയന്‍ അതിര്‍ത്തിയില്‍ കുറച്ചുകാലമായി നിയന്ത്രണങ്ങള്‍ നിലവിലുണ്ട്.
എന്നിരുന്നാലും, കഴിഞ്ഞ സെപ്റ്റംബറില്‍ ജര്‍മനി റിപ്പബ്ളിക്കിന്റെ കിഴക്കും തെക്കും ഭാഗങ്ങളില്‍ നിലവിലുണ്ടായിരുന്ന നിയന്ത്രണങ്ങള്‍ ഡെന്മാര്ക്ക്, നെതര്‍ലാന്‍ഡ്സ്, ബെല്‍ജിയം, ലക്സംബര്‍ഗ് എന്നിവയുമായുള്ള അതിര്‍ത്തികളിലേക്ക് വ്യാപിപ്പിച്ചു. സെപ്റ്റംബര്‍ 16 മുതല്‍, “എല്ലാ കരാധിഷ്ഠിത ആന്തരിക ഷെംഗന്‍ അതിര്‍ത്തികളിലും താല്‍ക്കാലിക ആഭ്യന്തര അതിര്‍ത്തി നിയന്ത്രണങ്ങള്‍ നിലവിലുണ്ട്. ഫെഡറല്‍ പൊലീസിന്റെ കണക്കനുസരിച്ച്, ഏപ്രില്‍ അവസാനത്തോടെ 33,406 അനധികൃത എന്‍ട്രികള്‍ തടയാനായി.
അനധികൃതമായി അതിര്‍ത്തി കടന്നതുമായി ബന്ധപ്പെട്ട് 21,393 പേരെ അതിര്‍ത്തിയില്‍ വച്ച് തിരിച്ചയയച്ചു. ജര്‍മനിയില്‍ 1247 പേര്‍ക്ക് വീണ്ടും പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയതിനാല്‍ അവര്‍ക്ക് പ്രവേശനം നിഷേധിക്കപ്പെട്ടു. 835 കള്ളക്കടത്തുകാരെ താല്‍ക്കാലികമായി അറസ്റ്റ് ചെയ്തു, ഇതിനുപുറമെ, 4723 അറസ്റ്റ് വാറണ്ടുകള്‍ നടപ്പിലാക്കുകയും ചെയ്തു.