ബംഗ്ലാദേശിൽ ഇടക്കാല സർക്കാർ ഇന്ന് അധികാരമേൽക്കും
ധാക്ക : നൊബേൽ സമ്മാന ജേതാവ് മുഹമ്മദ് യൂനുസ് നയിക്കുന്ന ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ ഇന്ന് അധികാരമേൽക്കും. യൂനുസ് നയിക്കുന്ന മന്ത്രിസഭയിൽ 15 അംഗങ്ങൾ ഉണ്ടാകുമെന്ന് സൈനിക മേധാവി ജനറൽ വാഖർ ഉസ് സമാൻ അറിയിച്ചു.
രാത്രി എട്ടിനാണ് സത്യപ്രതിജ്ഞ. മുഹമ്മദ് യൂനുസിനെ ഇടക്കാല സര്‍ക്കാരിന്റെ ഉപദേശകനാക്കണമെന്ന് പ്രക്ഷോഭത്തിന് നേതൃത്വം നല്കിയ വിദ്യാര്‍ഥി നേതാക്കൾ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
പിന്നാലെ പ്രസിഡന്റ് മുഹമ്മദ് ഷഹബുദീൻ ആണ് മുഹമ്മദ് യൂനുസിനെ ഇടക്കാല സർക്കാരിന്റെ തലവനായി പ്രഖ്യാപിച്ചത്. സംവരണവിരുദ്ധ പ്രതിഷേധം ശക്തമായതോടെ ഷെയ്ഖ് ഹസീന പ്രധാനമന്ത്രി സ്ഥാനം രാജിവച്ച് ഇന്ത്യയിലേക്ക് കടന്നതോടെയാണ് ഇടക്കാല സർക്കാർ അധികാരത്തിലെത്തുന്നത്.