രാത്രി 10 മുതൽ രാവിലെ ഏഴ് വരെ സ്ലീപ് മോഡ്; ടീൻ അക്കൗണ്ടുമായി ഇൻസ്റ്റഗ്രാം
ന്യൂയോർക്ക്: കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു എന്ന വിമർശനത്തിൻ്റെ നിഴലിലായിരുന്നു സമൂഹമാധ്യമമായ ഇൻസ്റ്റഗ്രാം ഇതുവരെ. എന്നാൽ ഇതിന് പരിഹാരവുമായി എത്തിയിരിക്കുകയാണ് കമ്പനിയിപ്പോൾ. കൗമാരക്കാരെ നിയന്ത്രിക്കാൻ ടീൻ അക്കൗണ്ട് ഫീച്ചറുമായാണ് കമ്പനി രംഗത്തെത്തിയിരിക്കുന്നത്. മാതാപിതാക്കളുടെ മാർഗനിർദേശത്തിൽ കുട്ടികൾക്ക് ഇതൊരു പുതിയ അനുഭവമായിരിക്കുമെന്ന് ഇൻസ്റ്റഗ്രാം അഭിപ്രായപ്പെട്ടു.
പുതിയ സംവിധാനം ഇതിനോടകം കമ്പനി നടപ്പിലാക്കാൻ തുടങ്ങിയിട്ടുണ്ട്. ഇന്ന് മുതൽ ഇൻസ്റ്റാഗ്രാമിൽ സൈൻ അപ്പ് ചെയ്യുന്ന കൗമാരക്കാരെ ടീൻ അക്കൗണ്ടുകളിലേക്ക് ഉൾപ്പെടുത്താൻ തുടങ്ങുമെന്ന് മെറ്റാ പ്ലാറ്റ്‌ഫോം അറിയിച്ചു. ഈ മാറ്റങ്ങളെക്കുറിച്ച് ഇൻസ്റ്റാഗ്രാം ഉപയോഗിക്കുന്ന കൗമാരക്കാരെ അറിയിക്കുകയും ചെയ്യും. നിലവിലുള്ള അക്കൗണ്ടുകൾ അടുത്തയാഴ്ച മുതൽ ടീൻ അക്കൗണ്ടുകളിലേക്ക് മാറ്റുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.
ഘട്ടംഘട്ടമായായിരിക്കും ഇൻസ്റ്റാഗ്രാം ടീൻ അക്കൗണ്ടുകൾ പുറത്തിറക്കുക. യുഎസ്, യുകെ, കാനഡ, ആസ്ത്രേലിയ എന്നിവിടങ്ങളിലായിരിക്കും ആദ്യം ഇതാരംഭിക്കുക. ഈ പ്രദേശങ്ങളിൽ 60 ദിവസത്തിനുള്ളിൽ മാറ്റങ്ങൾ പ്രകടമാകും. യൂറോപ്യൻ യൂണിയൻ മേഖലയ്ക്ക് ഈ വർഷാവസാനം ഈ പതിപ്പ് ലഭിക്കുമെന്നും കമ്പനി വ്യക്തമാക്കി. അടുത്ത വർഷത്തോടെ മുഴുവൻ കൗമാരക്കാരെയും ടീൻ അക്കൗണ്ടുകൾ പരിചയപ്പെടുത്തുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം.
സുരക്ഷയാണ് ടീൻ അക്കൗണ്ടുകളുടെ പ്രധാന സവിശേഷത. ഉപയോക്താവിനെ ആർക്കൊക്കെ ബന്ധപ്പെടാനാകുമെന്നതും അവർക്ക് ലഭിക്കുന്ന ഉള്ളടക്കവും ഇതിലൂടെ നിയന്ത്രിക്കപ്പെടും. കൗമാരക്കാർക്ക് അവരുടെ താൽപ്പര്യങ്ങൾ പര്യവേക്ഷണം ചെയ്യാനുള്ള പുതിയ വഴികളും നൽകുന്നു.
കൗമാരക്കാരെ ടീൻ അക്കൗണ്ടുകളിലേക്ക് സ്വയമേവ ഉൾപ്പെടുത്തുമെന്ന് കമ്പനി സമൂഹമാധ്യമ പോസ്റ്റിലൂടെ വ്യക്തമാക്കി. കൂടാതെ 16 വയസ്സിന് താഴെയുള്ള കൗമാരക്കാർക്ക് ഈ ക്രമീകരണങ്ങളിൽ ഏതെങ്കിലും മാറ്റം വരുത്താൻ രക്ഷിതാവിൻ്റെ അനുമതി ആവശ്യമാണ്. മാതാപിതാക്കളെ മികച്ച രീതിയിൽ പിന്തുണയ്ക്കുന്നതിനാണ് ഈ പുതിയ അനുഭവം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇതിലൂടെ തങ്ങളുടെ കുട്ടികൾ സുരക്ഷിതരാണെന്ന് അവർക്ക് ഉറപ്പുനൽകാനാണ് കമ്പനി ശ്രമിക്കുന്നത്.
അടുത്ത വർഷം മറ്റ് മെറ്റാ പ്ലാറ്റ്‌ഫോമുകളിലേക്കും ടീൻ അക്കൗണ്ടുകൾ കൊണ്ടുവരുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ദശലക്ഷക്കണക്കിന് കൗമാരക്കാരുടെ ഇൻസ്റ്റാഗ്രാം അനുഭവത്തെ മാറ്റുന്ന പുത്തൻ അപ്‌ഡോണിത്.
പ്രധാന മാറ്റങ്ങൾ
കൗമാരക്കാരുടെ അക്കൗണ്ടുകൾ ഇതോടെ സ്വമേധയാ പ്രൈവറ്റായി മാറും. ഇതിനകം ഇൻസ്റ്റാഗ്രാമിലുള്ളവരും സൈൻ അപ്പ് ചെയ്യുന്നവരും ഉൾപ്പെടെ 16 വയസ്സിന് താഴെയുള്ള എല്ലാ കൗമാരക്കാർക്കും ഇത് ബാധകമായിരിക്കും. മെസ്സേജുകൾ അയക്കുന്നതിൽ കർശന നിയന്ത്രണങ്ങൾ കൊണ്ടുവരും.
കുട്ടികൾക്ക് ലഭിക്കുന്ന സെൻസിറ്റീവ് കണ്ടൻ്റുകൾ നിയന്ത്രണത്തിന് വിധേയമായിരിക്കും. ഫോളോ ചെയ്യുന്ന അക്കൗണ്ടുകളെ മാത്രമായിരിക്കും ടാഗ് ചെയ്യാനോ മെൻഷൻ ചെയ്യാനോ സാധിക്കുക. കമൻ്റുകളിൽ നിന്നും ഡിഎമ്മിൽ നിന്നും മോശമായ ഭാഷയും, ശൈലികളും സ്വയമേവ ഫിൽട്ടർ ചെയ്യുന്നു.
ഓരോ ദിവസവും 60 മിനിറ്റിന് ശേഷം ആപ്പിൽ നിന്ന് പുറത്തിറങ്ങാൻ കൗമാരക്കാർക്ക് അറിയിപ്പുകൾ ലഭിക്കും. രാത്രി 10 മണിക്കും രാവിലെ ഏഴ് മണിക്കും ഇടയിൽ സ്ലീപ്പ് മോഡ് ഓണാകും. ഈ സമയം നോട്ടിഫിക്കേഷനുകൾ ഓട്ടോമാറ്റിക്കായി മ്യൂട്ട് ചെയ്യപ്പെടുകയും ചെയ്യും.