Uncategorized

ജപ്പാനിൽ ഇൻഫ്ലുവൻസ പടരുന്നു; സ്കൂളുകൾ അടച്ചുപൂട്ടി, വാക്സിനേഷൻ എടുക്കാൻ നിർദ്ദേശം

ടോക്കിയോ : ജപ്പാനിൽ ഇൻഫ്ലുവൻസ സീസൺ പതിവിലും നേരത്തെ ആരംഭിച്ചു. 4,000-ത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ രാജ്യവ്യാപകമായി ഇൻഫ്ലുവൻസ പകർച്ചവ്യാധി ഔദ്യോഗികമായി പ്രഖ്യാപിച്ചു. അതിവേഗം പടരുന്ന വൈറസ് രാജ്യത്ത് ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. സെപ്റ്റംബർ 22ന് ആരംഭിച്ച ആഴ്ചയിൽ രാജ്യത്തുടനീളമുള്ള ഏകദേശം 3,000 ആശുപത്രികളിൽ നിന്നായി 4,030 ഫ്ലൂ കേസുകൾ റിപ്പോർട്ട് ചെയ്തുവെന്നാണ് ജാപ്പനീസ് ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്ക്. ഒക്കിനാവയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തൊട്ടുപിന്നാലെ ടോക്കിയോ, കഗോഷിമ എന്നിവിടങ്ങളിലും കേസുകളുണ്ട്. കുട്ടികൾക്കിടയിലെ രോഗവ്യാപനം അതിരൂക്ഷമായതിനെ തുടർന്ന് 100ൽ അധികം സ്കൂളുകളും കിന്‍റർഗാർട്ടനുകളും ശിശുസംരക്ഷണ കേന്ദ്രങ്ങളും അടച്ചുപൂട്ടാൻ അധികൃതർ നിർബന്ധിതരായി.

സാധാരണ സമയത്തേക്കാൾ ഏകദേശം അഞ്ച് ആഴ്ചയോളം നേരത്തെയാണ് ഇത്തവണ ജപ്പാൻ ഇൻഫ്ലുവൻസ സീസൺ നേരിടുന്നത്. കൊവിഡാനന്തര ലോകത്ത് വൈറസിന്‍റെ സ്വഭാവത്തിലുണ്ടായ മാറ്റങ്ങളെക്കുറിച്ച് ഇത് ആശങ്ക ഉയർത്തുന്നു. കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് ഫ്ലൂ കേസുകളിൽ നാല് മടങ്ങ് വർധനയുണ്ടായതായി ഒക്ടോബർ മൂന്നിന് ജാപ്പനീസ് ആരോഗ്യ ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്തിരുന്നു.

ക്രമരഹിതമായ കാലാവസ്ഥാ രീതികൾ, ഫ്ലൂ വൈറസിന്‍റെ സ്വഭാവത്തിലെ മാറ്റങ്ങൾ, കുറഞ്ഞ വാക്സിനേഷൻ നിരക്ക് എന്നിവ ഉൾപ്പെടെ വിവിധ ഘടകങ്ങൾ ഈ വർദ്ധനവിന് കാരണമായേക്കാം. ആഗോള പരിസ്ഥിതിയിലെ മാറ്റങ്ങൾ കാരണം വരും വർഷങ്ങളിൽ നേരത്തെയുള്ളതും തീവ്രവുമായ രോഗവ്യാപനം സാധാരണമായേക്കാം എന്നും ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

പ്രതിരോധത്തിന് വാക്സിനേഷൻ പ്രധാനം :-

പൗരന്മാരോടും വിനോദസഞ്ചാരികളോടും ഫ്ലൂ വാക്സിൻ എടുക്കാൻ ജപ്പാനിലെ ആരോഗ്യ ഉദ്യോഗസ്ഥർ അഭ്യർത്ഥിച്ചിട്ടുണ്ട്. വാക്സിനേഷൻ അണുബാധ തടയാനും രോഗത്തിന്റെ തീവ്രത കുറയ്ക്കാനും സഹായിക്കും. കുട്ടികൾ, പ്രായമായവർ, മറ്റ് രോഗങ്ങളുള്ളവർ തുടങ്ങിയ ദുർബല വിഭാഗങ്ങൾക്ക് ഇത് വളരെ പ്രധാനമാണ്.

ഗർഭിണികളുടെ പ്രതിരോധശേഷി കുറയാൻ സാധ്യതയുള്ളതിനാൽ അവർ നിർബന്ധമായും ഫ്ലൂ വാക്സിൻ എടുക്കണമെന്ന് ലോകാരോഗ്യ സംഘടന നിര്‍ദേശിച്ചു. പ്രവർത്തനരഹിതമായ ഫ്ലൂ വാക്സിൻ ഗർഭകാലത്തിന്‍റെ ഏത് ഘട്ടത്തിലും സുരക്ഷിതമാണ്.

സ്വയം സംരക്ഷണ മാർഗങ്ങൾ :-

വാക്സിനേഷന് പുറമെ, ഇടയ്ക്കിടെ കൈ കഴുകുന്നത്, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായിൽ മൂടുന്നത്, പ്രതലങ്ങൾ പതിവായി അണുവിമുക്തമാക്കുന്നത് എന്നിവ വൈറസ് വ്യാപനം തടയാൻ സഹായിക്കും. മാസ്‌ക് ധരിക്കുന്നത്, പ്രത്യേകിച്ച് പൊതുഗതാഗത സൗകര്യങ്ങൾ, ആൾക്കൂട്ടങ്ങൾ എന്നിവിടങ്ങളിൽ സുരക്ഷ വർദ്ധിപ്പിക്കും. പനി, ചുമ, ശരീരവേദന തുടങ്ങിയ ചെറിയ ലക്ഷണങ്ങൾ ഉള്ളവർ പോലും വൈറസ് മറ്റുള്ളവരിലേക്ക് പകർത്താൻ സാധ്യതയുള്ളതിനാൽ സ്വയം ഐസൊലേഷനിൽ കഴിയുന്നത് ഉചിതമാണ്. ലക്ഷണങ്ങൾ വഷളാകുകയാണെങ്കിൽ ഉടൻ വൈദ്യസഹായം തേടുക. ആദ്യത്തെ 48 മണിക്കൂറിനുള്ളിൽ ആന്‍റിവൈറൽ മരുന്ന് കഴിക്കുന്നത് വേഗത്തിൽ രോഗമുക്തി നേടാൻ സഹായിക്കും.

ജലദോഷവും ഫ്ലൂവും തടയാനുള്ള ചില ടിപ്പുകൾ :-

നിങ്ങളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്‌സിഡന്‍റുകളും അടങ്ങിയ സമീകൃതാഹാരം കഴിക്കുക.

അണുബാധകളെ ചെറുക്കാൻ പ്രതിരോധ സംവിധാനത്തെ സഹായിക്കുന്ന മതിയായ ഉറക്കം ഉറപ്പാക്കുക.

വാക്സിനേഷൻ എടുക്കുക.

പുകവലി ഒഴിവാക്കുക, മദ്യപാനം മിതമാക്കുക.

ആരോഗ്യം നിലനിർത്താൻ മാനസിക സമ്മർദ്ദം നിയന്ത്രിക്കുക.

പതിവായി കൈ കഴുകുക, ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ മുഖവും വായും മൂടുക, യാത്ര ചെയ്യുമ്പോൾ ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസർ ഉപയോഗിക്കുക.

ആരോഗ്യമുള്ള മിക്ക വ്യക്തികൾക്കും ഇൻഫ്ലുവൻസ അപകടകരമാകാൻ സാധ്യതയില്ല. എന്നിരുന്നാലും, ഈ ഫ്ലൂ സീസണിൽ ആരോഗ്യത്തോടെയിരിക്കാൻ വാക്സിനേഷൻ എടുക്കുകയും പ്രതിരോധ നടപടികൾ പാലിക്കുകയും ചെയ്യുന്നത് സഹായകമാകും.

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button