കൊച്ചി പനമ്പള്ളിനഗറിലെ വിദ്യാനഗറിൽ നവജാത ശിശുവിനെ എറിഞ്ഞുകൊലപ്പെടുത്തി. സമീപത്തുള്ള ഫ്ലാറ്റിൽ നിന്നാണ് കുഞ്ഞിനെ താഴേക്ക് എറിയുന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. പൊലീസും സംഘവും സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്. ഇന്ന് രാവിലെ 8.30 ഓടെയാണ് കുഞ്ഞിന്‍റെ മൃതദേഹം നാട്ടുകാര്‍ കണ്ടത്. തുടര്‍ന്ന് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. രണ്ടോ മൂന്നോ ദിവസം പ്രായമുള്ള കുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.
പൊലീസ് സി.സി.ടി.വി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ സമീപത്തെ ഫ്ളാറ്റില്‍ നിന്ന് ഒരു പൊതി താഴേക്ക് വലിച്ചെറിയുന്നതായി കണ്ടെത്തിയിട്ടുണ്ട്. എട്ടേകാലോടെയാണ് പൊതി വലിച്ചെറിയുന്നത്. ഫ്ളാറ്റില്‍ പൊലീസ് പരിശോധന നടത്തുകയാണ്. എന്നാല്‍ ഏഴുനിലകളുള്ള ഫ്ളാറ്റില്‍ ഗര്‍ഭിണികളാരും താമസിക്കുന്നതായി അറിയില്ലെന്നാണ് അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നത്.
കൊറിയർ കവറിൽ പൊതിഞ്ഞാണ് കുഞ്ഞിനെ എറിഞ്ഞത്. മൃതദേഹം ആദ്യം കണ്ടത് സമീപത്തെ ഡ്രൈവറാണ്. 8.20 ഓടെയാണ് മൃതദേഹം വലിച്ചെറിഞ്ഞതെന്ന് ഡ്രൈവര്‍ പറയുന്നു. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയും ചെയ്തു. ശുചീകരണതൊഴിലാളികൾ വന്ന് പരിശോധിച്ചപ്പോഴാണ് കുഞ്ഞിന്റെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞത്. ഏഴുനിലകളിലായി 21 ഫ്‌ളാറ്റുകളാണ് കെട്ടിടത്തിലുള്ളത്. ഇതിൽ ഒന്ന് ഒഴിഞ്ഞുകിടക്കുന്നതായി സമീപവാസികൾ പറയുന്നു.
ഫ്‌ളാറ്റുകളിൽ പൊലീസും ഫോറൻസിക് സംഘവും പരിശോധന നടത്തുകയാണ്. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും പരിശോധന നടത്തുന്നുണ്ട്. കുഞ്ഞിന്‍റെ മൃതദേഹം ആശുപത്രിയിലേക്ക് ഉടന്‍ മാറ്റും. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷമാണോ അതോ വീഴ്ചയുടെ ആഘാതത്തിലാണോ കുഞ്ഞ് മരിച്ചതെന്നതടക്കമുള്ള കാര്യങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മാത്രമേ വ്യക്തമാകൂ എന്നാണ് പൊലീസ് പറയുന്നത്.