ഐ ഫോൺ 16 ന് പിന്നാലെ ഗൂഗിൾ പിക്സലിനും വിലക്കേർപ്പെടുത്തി ഇന്തോനേഷ്യ

ജക്കാർത്ത : ആപ്പിളിന്റെ ഐ ഫോൺ 16 സീരീസിനെതിരെ വിലക്കേർപ്പെടുത്തി ഞെട്ടിച്ച ഇന്തോനേഷ്യ ഗൂഗിൾ പിക്സലിനും പണികൊടുത്തു. ഐ ഫോൺ 16 ന് പിന്നാലെ ഗൂഗിൾ പിക്സലിനുമെതിരെ നടപടിയെടുത്തത് സ്മാർട്ട് ഫോൺഉപയോക്താക്കൾക്ക് കനത്തതിരിച്ചടിയാണുണ്ടാക്കിയിരിക്കുന്നത്. ഐ ഫോണിന്റെ വിൽപനക്ക് മാത്രമല്ല, ഉപയോഗത്തിനും നിരോധനമേർപ്പെടുത്തിയ വിവരം വ്യവസായ മന്ത്രി ഗുമിവാങ് കർത്താസാസ്മിതയാണ് രണ്ടാഴ്ച മുമ്പ് അറിയിച്ചത്. 16 ദിവസങ്ങൾക്ക് പിന്നാലെയാണ് സ്മാർട്ട് ഫോൺ വിപണിയിലെ പ്രമുഖ കമ്പനിയെയും വിലക്കിയിരിക്കുന്നത്.
ഇന്തോനേഷ്യയിൽ വിൽക്കുന്ന ഉത്പന്നങ്ങളുടെ 40 ശതമാനമെങ്കിലും തദ്ദേശീയമായി നിർമ്മിച്ചതാകണമെന്നാണ് നിലപാട്. ഇത് പരിശോധിച്ച ശേഷം ടികെഡിഎൻ എന്ന സർട്ടിഫിക്കറ്റ് രാജ്യം നൽകും. ആ സർട്ടിഫിക്കറ്റ് ലഭിച്ചാൽ മാത്രമെ ഏതൊരു ഉൽപ്പന്നവും രാജ്യത്ത് വിൽക്കാനുള്ള അനുമതി ലഭിക്കുകയുള്ളു. ഈ സർട്ടിഫിക്കറ്റ് ലഭിക്കാത്തതാണ് ഇരുകമ്പനികൾക്കും തിരിച്ചടിയായിരിക്കുന്നത്.
എല്ലാ നിക്ഷേപകർക്കും നീതി ഉറപ്പാക്കുന്നതിനും ആഭ്യന്തര വ്യവസായത്തെ ശക്തിപ്പെടുത്തുന്നതിനും തൊഴിൽ ലഭ്യത ഉറപ്പാക്കാനുമാണ് ടികെഡിഎൻ നയം പിന്തുടരുന്നതെന്നാണ് ഇന്തോനേഷ്യ അവകാശപ്പെടുന്നത്. ഐഫോൺ അപേക്ഷ നൽകിയെങ്കിലും അത് വ്യവസായ വകുപ്പ് നിരസിക്കുകയായിരുന്നു. 95 മില്യൺ ഡോളർ നിക്ഷേപം നടത്താമെന്ന വാഗ്ദാനം പാലിക്കാത്തതാണ് ഐ ഫോണിനെതിരെ നടപടിയെടുക്കാൻ കാരണമായത്.
വിലക്കേർപ്പെടുത്തിയ കമ്പനികളുടെ ഫോണുകൾ അനധികൃതമായി വിൽക്കുന്ന ഓൺലൈനുകൾക്കും ഷോപ്പുകൾക്കുമെതിരെ നടപടിയെടുക്കുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. വിദേശത്ത് നിന്ന് വാങ്ങിയ ഫോണുകളുമായി രാജ്യത്തെത്തുന്നവർക്ക് കനത്തഫീസ് നൽകിയാൽ വ്യക്തിഗത ഉപയോഗത്തിന് അനുവദിക്കുമെന്നും അറിയിച്ചിട്ടുണ്ട്.എന്നാൽ ഐ ഫോണും ഗൂഗിൾ പിക്സലും പുറത്തുനിൽക്കുന്നത് നേട്ടമായത് മറ്റുകമ്പനികൾക്കാണ്. ഷവോമി,ഒപ്പോ,വിവോ, സാംസങ് എന്നിവ ഇന്തോനേഷ്യൻ വിപണിയിൽ ആധിപത്യം സ്ഥാപിച്ചതായി കൗണ്ടർപോയിന്റ് റിസർച്ച് പറയുന്നു.