
ന്യൂഡൽഹി : 2030ലെ കോമൺവെൽത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ അപേക്ഷക്ക് അംഗീകാരം. ഇന്ന് നടന്ന ഒളിമ്പിക് അസോസിയേഷൻ ജനറൽ ബോഡി മീറ്റിംഗിൽ ആണ് അംഗീകാരം നൽകിയത്. അഹമ്മദാബാദാണ് പ്രധാനവേദിയാവുക.
ഇതു സംബന്ധിച്ച് അന്തിമ ബിഡ് രേഖകള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 31 ആണ്. നവംബർ അവസാന ആഴ്ച ഗ്ലാസ്‌ഗോയിൽ നടക്കുന്ന കോമൺവെൽത്ത് സ്‌പോർട്‌സ് ജനറൽ അസംബ്ലി ആതിഥേയ രാജ്യത്തെ തീരുമാനിക്കും. കാനഡ മത്സരത്തിൽ നിന്ന് പിന്മാറിയതോടെ 2030ലെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് പങ്കെടുക്കാനുള്ള സാധ്യത വർധിച്ചു.
കോമൺവെൽത്ത് സ്‌പോർട്‌സിന്റെ ഗെയിംസ് ഡയറക്ടർ ഡാരൻ ഹാളിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം അടുത്തിടെ അഹമ്മദാബാദ് സന്ദർശിച്ച് വേദികൾ പരിശോധിക്കുകയും ഗുജറാത്ത് സർക്കാർ ഉദ്യോഗസ്ഥരെ സന്ദർശിക്കുകയും ചെയ്തു. കോമൺവെൽത്ത് സ്‌പോർട്‌സിന്റെ ഒരു വലിയ പ്രതിനിധി സംഘം ഈ മാസം അവസാനം ഇന്ത്യ സന്ദർശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നു.
2010ൽ ഡൽഹിയിൽ നടന്ന മൾട്ടി-സ്‌പോർട്‌സ് ഇവന്റിന് ഇന്ത്യ മുമ്പ് ആതിഥേയത്വം വഹിച്ചിട്ടുണ്ട്. 2036 ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കുന്നതിനുള്ള ഉദ്ദേശ്യപത്രം ഇന്ത്യ ഇതിനകം അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിക്ക് സമർപ്പിച്ചിട്ടുണ്ട്.