തായ്‌ലൻഡിൽ മ്യൂസിക് ഫെസ്റ്റിവലിനെത്തിയ ഇന്ത്യൻ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ

തലാങ് : തായ്‌ലൻഡിൽ മ്യൂസിക് ഫെസ്റ്റിവൽ കാണാനെന്നുപറഞ്ഞ് പോയ ഇന്ത്യക്കാരനെ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. 28-കാരനായ സാക്ഷാം ജെയിനാണ് മരിച്ചത്. അന്താരാഷ്ട്ര സംഗീതോത്സവമായ ഇലക്ട്രിക് ഡെയ്സി കാർണിവലിൽ (ഇഡിസി) പങ്കെടുക്കാൻ തായ്ലൻഡിലെത്തിയതാണ് ഇയാളെന്ന് തായ് പോലീസ് പറഞ്ഞു. സംഭവത്തിൽ ഫുക്കറ്റിലെ തലാങ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ജനുവരി 18-നായിരുന്നു സംഭവം. ഇലക്ട്രിക് ഡെയ്സി കാർണിവൽ നടന്ന സ്ഥലത്തിനടുത്തുള്ള ഒരു താമസസ്ഥലത്തെ പാർക്കിങ്ങിലാണ് ജെയിനിനെ അബോധാവസ്ഥയിൽ കണ്ടെത്തുന്നത്. തുടർന്ന് ഇവിടത്തെ താമസക്കാരാണ് സംഭവം പോലീസിൽ അറിയിക്കുന്നതും എമർജൻസി നമ്പറിൽ വിളിച്ച് ആശുപത്രിയിലെത്തിക്കുന്നതും. എന്നാൽ, ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ഇയാൾ മരിച്ചിരുന്നതായി ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു.
ഇലക്ട്രിക് ഡെയ്സി കാർണിവൽ ആസ്വദിച്ചശേഷം ജെയിൻ അടുത്തുള്ള താമസസ്ഥലത്തെ പാർക്കിങ് ഏരിയയിലേക്ക് എത്തുകയായിരുന്നു. അവിടെ പാർക്ക് ചെയ്തിരുന്ന ഒരു പിക്കപ്പ് ട്രക്കിന്റെ പിന്നിൽ കയറി ഇയാൾ അസ്വാഭാവികമായി നൃത്തം ചെയ്യാൻ തുടങ്ങിയതായി സമീപവാസികൾ പോലീസിനോട് പറഞ്ഞു. അസ്വാഭാവികത തോന്നിയ താമസക്കാരിൽ ചിലർ വിവരം ഉടൻതന്നെ ലോക്കൽ പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് എത്തിയപ്പോഴേക്കും ഇയാൾ അബോധാവസ്ഥയിലായിരുന്നുവെന്നും പിന്നീട് നാട്ടുകാർ തന്നെ എമർജൻസി നമ്പറിൽ വിളിച്ച് ആശുപത്രിയിൽ എത്തിക്കുകയായിരുന്നുവെന്നും ബാങ്കോക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
ഡോക്ടർമാരിൽനിന്ന് അദ്ദേഹത്തിന്റെ മരണവിവരം ലഭിച്ചയുടനെ, ഫുക്കറ്റിലെ തലാങ് പോലീസ് കേസെടുത്ത് സംഭവം അന്വേഷിക്കാൻ തുടങ്ങി. ജെയിനിന്റെ ശരീരത്തിൽ മുറിവുകളൊന്നും പോലീസ് കണ്ടെത്തിയിട്ടില്ല. മരണകാരണം കണ്ടെത്താൻ ഡോക്ടർമാർക്ക് കഴിയാത്തതിനാൽ, മൃതദേഹം പോസ്റ്റുമോർട്ടത്തിനായി വച്ചിറ ഫുക്കറ്റ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.



