കാലാവസ്ഥാ വ്യതിയാന ബോധവൽക്കരണം; വല്ലെറ്റയിൽ നിന്ന് ഇന്ത്യയിലേക്ക് കാൽനടയാത്രയ്ക്ക് തുടക്കം കുറിച്ച് ഇന്ത്യൻ യുവാവ്

വല്ലെറ്റയിൽ നിന്ന് സ്വന്തം നാട്ടായ ഇന്ത്യയിലേക്ക് 12,000 കിലോമീറ്റർ ദൈർഘ്യമുള്ള കഠിനമായ കാൽനടയാത്രയ്ക്ക് തുടക്കം കുറിച്ച് ഇന്ത്യൻ യുവാവ്. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് ബോധവൽക്കരണം നടത്തുകയാണ് ജയദീപ് ലഖങ്കിയ എന്ന ഇന്ത്യൻ യുവാവിൻറെ ഈ യാത്രയുടെ ലക്ഷ്യം. 18 മാസം കൊണ്ടാണ് അദ്ദേഹം ഈ യാത്ര പൂർത്തികരിക്കുക.
ജയദീപ് ലഖങ്കിയ ശനിയാഴ്ച രാവിലെ കാസ്റ്റിലിന്റെ പടികളിൽ നിന്ന് യാത്ര ആരംഭിച്ചു. 20 രാജ്യങ്ങൾ മുഴുവൻ നടന്ന്, ഓരോ രാജ്യത്തെയും തലസ്ഥാന നഗരങ്ങൾ വഴി മുഴുവൻ യാത്രയും കാൽടയായി പൂർത്തിയാക്കാനാണ് 25 കാരന്റെ പദ്ധതി. യാത്രയ്ക്കിടെ പ്രതിദിന മാലിന്യ ശേഖരണം നടത്തുകയും അതിന്റെ ദൃശ്യങ്ങൾ ഓൺലൈനായി പങ്കുവെക്കുകയും കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതങ്ങളെക്കുറിച്ച് വിവരങ്ങൾ പതിവായി പോസ്റ്റ് ചെയ്യുകയും ചെയ്യുമെന്ന് ലഖങ്കിയ പറഞ്ഞു. ഓരോ രാജ്യത്തുനിന്നും ഒരു പ്രതീകാത്മക മാലിന്യ ബാഗും ശേഖരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. പരിസ്ഥിതി എൻജിഒയായ സിബെൽ നൽകിയ ബാഗുകളിലാണ് ഇത് ശേഖരിക്കുക.
കായാക്കിംഗ് പരിശീലകനും ലൈഫ്‌ഗാർഡും പാരാഗ്ലൈഡറുമായ ലഖങ്കിയ, മാൾട്ടയിൽ ഹോസ്പിറ്റാലിറ്റി ഡിപ്ലോമ പഠിക്കുന്നതിനിടെയാണ് കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ആഴത്തിൽ പഠിക്കാൻ തുടങ്ങിയത്. യാത്ര പൂർത്തിയാക്കിയ ശേഷം തനിക്കു പിന്തുണ നൽകിയവരെ കാണാനും “മാൾട്ടയ്ക്ക് നന്ദി പറയാനും” അദ്ദേഹം വീണ്ടും മാൾട്ടയിലേക്ക് മടങ്ങാനാണ് ഉദ്ദേശിക്കുന്നത്. തുടർന്ന് ഇന്ത്യയിൽ തിരിച്ചെത്തി യുവാക്കളെ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് ബോധവൽക്കരിക്കുകയും ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യും. മാൾട്ടയിൽ കഴിഞ്ഞ ഒന്നര വർഷത്തിനിടെ എല്ലാ പ്രദേശങ്ങളിലും നടത്തിയ ശുചീകരണങ്ങളിൽ ഏകദേശം 800 കിലോ മാലിന്യം ശേഖരിച്ചതായും അദ്ദേഹം പറഞ്ഞു
പ്രധാനമന്ത്രിയുടെ ഭാര്യയും അഭിഭാഷകയുമായ ലിഡിയ അബെല ഉൾപ്പെടെ സുഹൃത്തുക്കളും ആശംസകരും അദ്ദേഹത്തെ യാത്രയയപ്പു നൽകി.



