ട്രംപ് ഭയം : യുഎസിൽ പാർട്ട് ടൈം ജോലി ഉപേക്ഷിച്ച് ഇന്ത്യൻ വിദ്യാർഥികൾ
വാഷിങ്ടൺ : യുഎസ് പ്രസിഡന്റായി ഡോണൾഡ് ട്രംപ് അധികാരമേറ്റതിന് പിന്നാലെ പാർട്ട് ടൈം ജോലികൾ ഉപേക്ഷിച്ച് ഇന്ത്യൻ വിദ്യാഥികൾ. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തുമെന്ന ട്രംപിൻറെ പ്രഖ്യാപനമാണ് തീരുമാനത്തിന് പിന്നിൽ.
ഇന്ത്യയിൽനിന്നും ആയിരക്കണക്കിന് വിദ്യാർഥികളാണ് ഓരോ വർഷവും യുഎസിൽ പഠിക്കാനെത്തുന്നത്. ജീവിതച്ചിലവുകൾക്കായി ഇവരിൽ ഭൂരിഭാഗം പേരും ചില്ലറ വ്യാപാര സ്ഥാപങ്ങളിലും ഭക്ഷണ ശാലകളിലും പെട്രോൾ പമ്പുകളുിലും മറ്റും പാർട്ട് ടൈം ജോലി ചെയ്യുന്നവരാണ്. എന്നാൽ, ട്രംപിൻറെ പ്രഖ്യാപനത്തിന് പിന്നാലെ ഇത്തരം ജോലികൾ ചെയ്യുന്നത് നിയമവിരുദ്ധമാകുമോയെന്ന ഭയമാണ് വിദ്യാർഥികളെ ജോലി ഉപേക്ഷിക്കാൻ നിർബന്ധിതരാക്കുന്നത്.
യുഎസ് നിയമപ്രകാരം എഫ്-1 വിസയുള്ള വിദ്യാർഥികൾക്ക് ആഴ്ചയിൽ 20 മണിക്കൂർ വരെ ജോലി ചെയ്യാൻ അനുവാദമുണ്ട്. എന്നാൽ, വിദ്യാർഥികളിൽ പലരും കാമ്പസിന് പുറത്ത് അധികസമയം പാർട്ട് ടൈം ജോലി ചെയ്യുന്നവരാണ്. രേഖകളില്ലാത്ത ജോലികളാണ് അധികപേരും തെരഞ്ഞെടുക്കാറ്.
ട്രംപിന്റെ നിർദേശപ്രകാരം അനധികൃത തൊഴിലാളികളെ കണ്ടുപിടിക്കുന്ന കൂട്ടത്തിൽ തങ്ങളും പെടുമോ എന്ന ഭയത്താലാണ് വിദ്യാർഥികൾ ജോലി ഉപേക്ഷിക്കുന്നത്. ജോലിയെക്കാളും പ്രാധാന്യം പഠിത്തത്തിന് കൊടുക്കുന്നുവെന്നും വിദ്യാർഥികൾ പറയുന്നു. കുറച്ചുകാലം ഇതിൽനിന്ന് വിട്ടുനിന്നശേഷം എല്ലാം ശരിയായാൽ ജോലിയിലേക്ക് മടങ്ങിപ്പോകാനാണ് പലരുടെയും തീരുമാനം.
പാർട്ട് ടൈം ജോലി ചെയ്യുന്നവർക്ക് മണിക്കൂറിന് ആറോ ഏഴോ ഡോളറാണ് യുഎസിൽ ലഭിക്കുന്നത്. ഇങ്ങനെ ഒരു ദിവസം ആറ് മണിക്കൂർ ജോലി ചെയ്താൽ ജീവിതം നല്ല രീതിയിൽ മുന്നോട്ടുപോകുമെന്നാണ് വിദ്യാർഥികളുടെ പക്ഷം. വീട്ടിൽനിന്നും നല്ലൊരു തുക ചെലവാക്കിയാണ് ഇവർ പഠിക്കാനായി വിദേശത്തേക്ക് പോകുന്നത്. അതുകൊണ്ട് തന്നെ നിത്യചെലവിന് വീട്ടിൽ പണം ചോദിക്കാൻ ബുദ്ധിമുട്ടാണെന്നും ഇവർ പറയുന്നു. ഇത്തരം സാമ്പത്തിക പ്രതിസന്ധികൾ വിദ്യാർഥികളെ മാനസികമായും ബാധിക്കുന്നുണ്ട്.
അനധികൃത കുടിയേറ്റക്കാരെന്ന് കണ്ടെത്തി നിരവധി പേരാണ് കഴിഞ്ഞദിവസങ്ങളിലായി യുഎസി പിടിയിലായിട്ടുള്ളത്. അതേസമയം, രേഖകളില്ലാത്ത ഇന്ത്യക്കാരെ നിയമാനുസൃതമായി തിരികെ കൊണ്ടുവരാൻ രാജ്യം തയ്യാറാണെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ വ്യക്തമാക്കി