അന്തർദേശീയം

ഹമാസ് ആശയങ്ങൾ പ്രചരിപ്പിച്ചു?; യുഎസിൽ വീണ്ടും ഇന്ത്യൻ വിദ്യാർഥി നാടുകടത്തൽ ഭീഷണിയിൽ

വാഷിങ്ടൺ : ഹമാസ് ആശയങ്ങൾ പ്രചരിപ്പിച്ചെന്ന് ആരോപിച്ച് ഇന്ത്യൻ വംശജനായ ഗവേഷക വിദ്യാർഥി യുഎസിൽ നാടുകടത്തൽ ഭീഷണിയിലെന്നു റിപ്പോർട്ട്. ഹമാസിനെ പിന്തുണച്ചെന്ന് ആരോപിച്ച് രഞ്ജിനി ശ്രീനിവാസൻ എന്ന ഗവേഷക വിദ്യാർഥി സ്വയം നാടുകടന്നെന്ന വാർത്തകൾ വന്നു ദിവസങ്ങൾക്കുള്ളിലാണു മറ്റൊരു ഇന്ത്യക്കാരൻ നാടുകടത്തൽ ഭീഷണി നേരിടുന്നത്. യുഎസിലെ ജോർജ്ടൗൺ സർവകലാശാലയിൽ പഠിക്കുന്ന ബാദർ ഖാൻ സുരി എന്ന ഗവേഷക വിദ്യാർഥിയാണ് നാടുകടത്തൽ ഭീഷണി നേരിടുന്നത്. ഇയാളെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ പിടിച്ചുകൊണ്ടു പോയതായി അദ്ദേഹത്തിന്റെ അഭിഭാഷകൻ അറിയിച്ചു.

തിങ്കളാഴ്ച രാത്രി വിർജീനിയയിൽ ബാദർ താമസിച്ച വീട്ടിൽനിന്നാണ് ‘മുഖംമൂടി ധരിച്ചെത്തിയ’ സംഘം അദ്ദേഹത്തെ അറസ്റ്റ് ചെയ്തു കൊണ്ടുപോയതെന്നാണ് റിപ്പോർട്ട്. ഡിപ്പാർട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയിൽ നിന്നാണെന്നു പറഞ്ഞെത്തിയ സംഘം സർക്കാർ ബാദറിന്റെ വീസ റദ്ദാക്കിയെന്നും അറിയിച്ചു. ബാദർ ഖാന് ഭീകരബന്ധമുണ്ടെന്നും ആരോപിക്കുന്നു. ഇയാൾ ഹമാസ് ആശയങ്ങൾ പ്രചരിപ്പിക്കുകയും സമൂഹമാധ്യമത്തിൽ യഹൂദ വിരോധം വളർത്താൻ ശ്രമിക്കുകയും ചെയ്യുന്നുവെന്നാണ് ഡിപ്പാർട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി അസിസ്റ്റന്റ് സെക്രട്ടറി ട്രിഷ്യ മക്‌ലോക്‌ലിൻ പറഞ്ഞത്.

‘‘ഹമാസിന്റെ മുതിർന്ന ഉപദേശകൻ എന്നു കരുതുന്ന ഭീകരനുമായി ബാദറിന് അടുത്ത ബന്ധമുണ്ട്. യുഎസിലെ ബാദറിന്റെ പ്രവർത്തനങ്ങളും സാന്നിധ്യവും ഇമിഗ്രേഷൻ ആൻഡ് നാഷനാലിറ്റി ആക്ട് സെക്‌ഷൻ 237(a)(4)(C)(i) പ്രകാരം നാടുകടത്താൻ ഉതകുന്നതാണെന്ന് സെക്രട്ടറി ഓഫ് സ്റ്റേറ്റ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നുണ്ടെന്നും ട്രിഷ്യ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button