സിംഗപ്പൂരിൽ ടാക്സി ഡ്രൈവറുടെ കരണത്തടിച്ചു ഇന്ത്യൻ വംശജയ്ക്ക് തടവ്

സിംഗപ്പൂർ : യാത്രാ കൂലിയെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ പോലീസ് സ്റ്റേഷനിൽ വെച്ച് ഡ്രൈവറെ തല്ലിയ ഇന്ത്യൻ വംശജയായ സിംഗപ്പൂർ യുവതിക്ക് രണ്ടാഴ്ചത്തെ തടവുശിക്ഷ. 36വയസ്സുകാരിയായ ശാലിനി ദേവരാജനാണ് ശിക്ഷിക്കപ്പെട്ടത്.
‘യിഷുൻ’പ്രദേശത്തെ തന്റെ ഫ്ലാറ്റിലേക്ക് പോകാനാണ് ശാലിനി ടാക്സി വിളിച്ചത്. മറ്റൊരു വ്യക്തി ശാലിനിക്കായി ടാക്സി വിളിച്ചു നൽകുകയായിരുന്നു. യാത്രയ്ക്കിടയിലും ശാലിനി മദ്യപിച്ചിരുന്നതായും ടാക്സിയിൽ ഉറങ്ങുകയായിരുന്നുവെന്നും ഡ്രൈവർ കോടതിയിൽ പറഞ്ഞു.
ലക്ഷ്യസ്ഥാനത്തെത്തിയപ്പോൾ ഇവരെ വിളിച്ചുണർത്തി പണം ആവശ്യപ്പെട്ടു. എന്നാൽ കയ്യിൽ പണമില്ലെന്നും ഓൺലൈൻ പേയ്മെന്റ് സാധ്യമല്ലെന്നും പറഞ്ഞു. പണമെടുക്കാൻ ഫ്ലാറ്റിലേക്ക് പോകണമെന്ന് അറിയിച്ചു. സുരക്ഷയ്ക്കായി ഫോൺ ടാക്സിയിൽ വെക്കാനോ അല്ലെങ്കിൽ കൂടെ കൂട്ടാനോ ഡ്രൈവർ ആവശ്യപ്പെട്ടെങ്കിലും ശാലിനി ഇതിന് തയ്യാറായില്ല. തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ ഇരുവരും പൊലീസ് സ്റ്റേഷനിലെത്തി. അവിടെ വെച്ചാണ് 73വയസ്സുകാരനായ ഡ്രൈവറുടെ കരണത്തടിച്ചത്.
മർദ്ദനമേറ്റ ഡ്രൈവർ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഡ്രൈവറുടെ ചികിത്സാ ചിലവായ 172സിംഗപ്പൂർ ഡോളർ നഷ്ടപരിഹാരമായി നൽകണമെന്ന് പ്രൊസിക്യൂഷൻ ആവശ്യപ്പെട്ടു. എങ്കിലും തന്റെ പക്കൽ പണമില്ലെന്ന നിലപാടാണ് ശാലിനി സ്വീകരിച്ചത്. ഇതോടെയാണ് തടവ് വിധിച്ചത്.



