വിർജീനിയയുടെ ലെഫ്റ്റനന്റ് ഗവർണർ പദവിയിൽ ഇന്ത്യൻ വംശജ ഗസാല ഹാഷ്മി

വിർജീനിയ : ഇന്ത്യയിൽ ജനിച്ച അമേരിക്കൻ രാഷ്ട്രീയക്കാരിയായ ഗസാല ഹാഷ്മി വിർജീനിയയുടെ ലെഫ്റ്റനന്റ് ഗവർണറായി തെരഞ്ഞെടുക്കപ്പെട്ടു. ന്യൂയോർക്ക് സിറ്റി മേയർ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് നേതാവായ സൊഹ്റാൻ മംദാനി ഉജ്ജ്വല വിജയ നേടിയതിനൊപ്പമാണ് ഗസാലയും ചരിത്രം കുറിക്കുന്നത്. സംസ്ഥാനത്തെ ഉന്നത രാഷ്ട്രീയ പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ ദക്ഷിണേഷ്യൻ അമേരിക്കക്കാരിയാണ്.
ഡെമോക്രാറ്റായ 61 കാരിയായ ഹാഷ്മി 1,465,634 വോട്ടുകൾ (54.2 ശതമാനം) നേടി, റിപ്പബ്ലിക്കൻ എതിരാളിയായ ജോൺ റീഡിനെക്കാൾ വളരെ മുന്നിലാണ്. 1,232,242 വോട്ടുകളാണ് അദ്ദേഹത്തിന് ലഭിച്ചത്.
2025 ലെ തെരഞ്ഞെടുപ്പിൽ രാജ്യവ്യാപകമായി പ്രധാന സ്ഥാനങ്ങളിലേക്ക് മത്സരിച്ച 30-ലധികം ഇന്ത്യൻ-അമേരിക്കൻ, സ്ഥാനാർത്ഥികളിൽ ഒരാളാണ് ഗസാല. ഉന്നത സംസ്ഥാന പദവിയിലേക്കുള്ള മത്സരത്തിൽ ഹാഷ്മിയുടെ തെരഞ്ഞെടുപ്പ് ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു.
പരിചയസമ്പന്നയായ അധ്യാപികയും എല്ലാവരെയും ഉൾക്കൊള്ളുന്ന മൂല്യങ്ങളുടെയും സാമൂഹിക നീതിയുടെയും വക്താവും എന്നാണ് ഗസാല വിശേഷിപ്പിക്കപ്പെട്ടത്. പൊതുവിദ്യാഭ്യാസം, വോട്ടവകാശം, ജനാധിപത്യ സംരക്ഷണം, പ്രത്യുൽപാദന സ്വാതന്ത്ര്യം, തോക്ക് അക്രമം തടയൽ, പരിസ്ഥിതി, ഭവന നിർമ്മാണം, താങ്ങാനാവുന്ന ആരോഗ്യ സംരക്ഷണം എന്നിവ നിയമനിർമ്മാണ മുൻഗണനകളിൽ ഉൾപ്പെടുത്തി പ്രചാരണ രംഗത്തെത്തി.
2019 നവംബറിൽ ഗസാല ഹാഷ്മി ആദ്യമായി വിർജീനിയ സെനറ്റിലേക്ക് എത്തി. 2024 ൽ, സെനറ്റിലെ വിദ്യാഭ്യാസ, ആരോഗ്യ കമ്മിറ്റിയുടെ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടു. ഒരു സംസ്ഥാന സെനറ്റർ എന്ന നിലയിൽ, ഭവന നിർമ്മാണം, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, പരിസ്ഥിതി നീതി എന്നിവയിലെ അസമത്വത്തിന്റെ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് മറ്റുള്ളവരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായി സമർപ്പിച്ചു.
1964 ജൂലൈ 5 ന് ഇന്ത്യയിലെ ഹൈദരാബാദിൽ ജനിച്ചു. ഹാഷ്മിക്ക് നാല് വയസ്സുള്ളപ്പോഴാണ് അമ്മയ്ക്കും മൂത്ത സഹോദരനുമൊപ്പം ഇന്ത്യയിൽ നിന്ന് യുഎസിലേക്ക് എത്തുന്നത്. ജോർജിയക്കാരനാണ് പിതാവ്. അന്താരാഷ്ട്ര ബന്ധങ്ങളിൽ പിഎച്ച്ഡി പൂർത്തിയാക്കി. യു എസിൽ എത്തി. യൂണിവേഴ്സിറ്റിയിൽ അധ്യാപകനായി.
ഗസാല ഹഷ്മി ജോർജിയ സതേൺ യൂണിവേഴ്സിറ്റിയിൽ നിന്ന് ഓണേഴ്സോടെ ബിഎ ബിരുദവും അറ്റ്ലാന്റയിലെ എമോറി യൂണിവേഴ്സിറ്റിയിൽ നിന്ന് അമേരിക്കൻ സാഹിത്യത്തിൽ പിഎച്ച്ഡിയും നേടി.
ഭർത്താവ് അസ്ഹറും ഒരുമിച്ച് 1991-ൽ യു എസിലെ റിച്ച്മണ്ട് പ്രദേശത്തേക്ക് താമസം മാറി. ആദ്യം റിച്ച്മണ്ട് യൂണിവേഴ്സിറ്റിയിലും പിന്നീട് റെയ്നോൾഡ്സ് കമ്മ്യൂണിറ്റി കോളേജിലും പ്രൊഫസറായി ഏകദേശം 30 വർഷം ചെലവഴിച്ചു. റെയ്നോൾഡ്സിൽ ആയിരിക്കുമ്പോൾ, സെന്റർ ഫോർ എക്സലൻസ് ഇൻ ടീച്ചിംഗ് ആൻഡ് ലേണിംഗിന്റെ സ്ഥാപക ഡയറക്ടറായും അവർ സേവനമനുഷ്ഠിച്ചു.



