ബാങ്കോകിലെ സിയാം സ്ക്വയറിൽ തോക്കിൻ്റെ രൂപത്തിലുള്ള ലൈറ്റർ ചൂണ്ടി ജനത്തെ ഭയപ്പെടുത്തിയ ഇന്ത്യാക്കാരൻ അറസ്റ്റിൽ

ബാങ്കോക് : ജനത്തിരക്കേറിയ ബാങ്കോക്കിലെ പാത്തൂം വാൻ ജില്ലയിലെ സിയാം സ്ക്വയറിൽ തോക്കുചൂണ്ടി ജനത്തെ ഭയപ്പെടുത്തിയ ഇന്ത്യാക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പരിശോധനയിൽ ഇയാളുടെ കൈയ്യിലുണ്ടായിരുന്ന പിസ്റ്റൾ ഒരു ലൈറ്ററാണെന്ന് തെളഞ്ഞു. സാഹിൽ റാം തദാനിയെന്ന 41കാരനെതിരെയാണ് പൊലീസ് നടപടി. ഇയാൾക്കെതിരെ പൊതുജനത്തെ ഭീഷണിപ്പെടുത്തിയതിനും ശല്യപ്പെടുത്തിയതിനും കേസെടുത്തതായാണ് വിവരം.
സംഭവത്തിൻ്റെ ദൃശ്യങ്ങളിൽ സാഹിൽ റാം നഗരത്തിലൂടെ നടക്കുന്നതും ഉറക്കെ ശബ്ദമുണ്ടാക്കുന്നതും വ്യക്തമാണ്. ഇയാളുടെ കൈയ്യിൽ തോക്കിന് സമാനമായ ഒരു വസ്തുവും കാണാനാകും. പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ അറസ്റ്റ് ചെയ്യാൻ സമീപിക്കുമ്പോൾ ഇയാൾ നിലത്ത് ഇരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഇയാളെ പിന്നീട് കസ്റ്റഡിയിലെടുത്ത് പാത്തൂം വാൻ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി, കഞ്ചാവ് ഉപയോഗം മൂലമുണ്ടായ ഭ്രമാത്മകതയാണ് അദ്ദേഹത്തിന്റെ പ്രവൃത്തികളെ സ്വാധീനിച്ചതെന്ന് അധികൃതർ വിശ്വസിക്കുന്നു.