കാനഡയിൽ ഖലിസ്ഥാനായി റഫറണ്ടം; രൂക്ഷ വിമർശനവുമായി ഇന്ത്യൻ ഹൈകമ്മീഷണർ

ഒട്ടാവ : കാനഡയിൽ ഖാലിസ്ഥാന് വേണ്ടി സിഖ് സംഘടനയുടെ റഫറണ്ടം. അൻപതിനായിരത്തിലേറെ പേർ റഫറണ്ടത്തിൽ പങ്കെടുത്തെന്ന് സിഖ്സ് ഫോർ ജസ്റ്റിസ് എന്ന സംഘടന അവകാശപ്പെട്ടു. ഇന്ത്യയുടെ ദേശീയ പതാകയെ റഫറണ്ടത്തിൽ പങ്കെടുത്തവർ അപമാനിച്ചു. റഫറണ്ടത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് ഇന്ത്യ രംഗത്തെത്തി. റഫറണ്ടം പ്രഹസനമാണെന്ന് ഇന്ത്യൻ ഹൈകമ്മീഷണർ ദിനേശ് പട്നായിക് വിമർശിച്ചു. ഇന്ത്യയിലെ ആഭ്യന്തര വിഷയങ്ങളിലെ കൈകടത്തലായി ഇതിനെ കാണുമെന്നും ഹൈകമ്മീഷണർ പറഞ്ഞു.
ഇന്ത്യയിൽ നിരോധിച്ചിട്ടുള്ള സംഘടനയാണ് സിഖ്സ് ഫോർ ജസ്റ്റിസ്. ഗുർപന്ത് സിങ് പന്നുവിന്‍റെ നേതൃത്വത്തിലായിരുന്നു റഫറണ്ടം. ഖാലിസ്ഥാൻ പതാകകളുമായാണ് പലരും വോട്ടെടുപ്പിന് എത്തിയത്. മണിക്കൂറുകൾ കാത്തുനിന്നാണ് പലരും വോട്ട് രേഖപ്പെടുത്തിയതെന്നും സംഘടന അവകാശപ്പെട്ടു. 2023ൽ കൊല്ലപ്പെടുന്നതുവരെ ഹർദീപ് സിംഗ് നിജ്ജാർ നേതൃത്വം നൽകിയ സംഘടനയാണ് സിഖ്സ് ഫോർ ജസ്റ്റിസ്.
ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിലുള്ള ഇടപെടൽ എന്നാണ് ഹൈകമ്മീഷണർ ദിനേശ് പട്നായിക് പ്രതികരിച്ചത്. സമാധാനപരമായി പ്രതിഷേധിക്കുന്നതിൽ തനിക്ക് പ്രശ്‌നമൊന്നുമില്ലെങ്കിലും, കാനഡ അത് അനുവദിക്കുന്നതിനെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ‘ഇത് നിങ്ങൾക്ക് നടത്താൻ കഴിയുന്ന’ പരിഹാസ്യമായ റഫറണ്ടമാണെന്ന് ഹൈകമ്മീഷണർ പറഞ്ഞു- “സമാധാനപരമായി പ്രതിഷേധിക്കുകയോ എന്തെങ്കിലും ആവശ്യപ്പെടുകയോ ചെയ്യുന്നത് രാഷ്ട്രീയ പ്രക്രിയയുടെ ഭാഗമാണ്. ഞങ്ങൾക്ക് അതിൽ ഒരു പ്രശ്‌നവുമില്ല. ഖാലിസ്ഥാനി സർക്കാർ രൂപീകരിക്കാൻ ആവശ്യപ്പെടുന്ന രാഷ്ട്രീയ പാർട്ടികൾ ഇന്ത്യയിലുണ്ട്. അവർ പാർലമെന്‍റിലുണ്ട്. അവരിൽ ഒരാൾ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വധത്തിന് ശിക്ഷിക്കപ്പെട്ടവരിൽ ഒരാളുടെ മകനാണ്. റഫറണ്ടം എന്താണെന്ന് നിങ്ങൾക്ക് അറിയാം. നിങ്ങൾ മുമ്പ് റഫറണ്ടങ്ങൾ നടത്തിയിട്ടുണ്ട്. ഇത് എത്രത്തോളം പരിഹാസ്യമാണെന്ന് നോക്കൂ. റഫറണ്ടങ്ങൾക്ക് പ്രത്യേക നടപടി ക്രമമുണ്ട്. കാനഡയിൽ കാനഡക്കാർ നടത്തുന്ന ഒരു റഫറണ്ടമാണിത്. നിങ്ങൾക്ക് അത് ചെയ്യണമെങ്കിൽ അത് ചെയ്യൂ”- ചാനൽ ചർച്ചയിൽ ഹൈകമീഷണർ പറഞു.
സമാധാനപരമാണെങ്കിൽ കുഴപ്പമില്ല. പക്ഷേ ഇവിടെ എന്താണ് ചെയ്യുന്നത്? ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി കൊല്ലപ്പെട്ടതിന്‍റ ചിത്രങ്ങൾ പ്രദർശിപ്പിക്കുകയാണ്. പഞ്ചാബിലെ മുൻ മുഖ്യമന്ത്രിയെ കൊലപ്പെടുത്തിയ ചാവേർ ബോംബർമാരെ മഹത്വവൽക്കരിക്കുകാണെന്നും ഹൈകമ്മീഷണർ കൂട്ടിച്ചേർത്തു- “ക്യൂബെക്കിൽ മറ്റേതെങ്കിലും രാജ്യം ഇതേ കാര്യം ചെയ്യുന്ന സാഹചര്യം സങ്കൽപ്പിക്കുക. നിങ്ങൾക്ക് എന്ത് തോന്നും?” ഇവ രണ്ടും ഒരേ കാര്യമല്ലെന്ന് പറഞ്ഞ് ചാനൽ അവതാരകൻ ഇടപെട്ടപ്പോൾ ഹൈകമ്മീഷണർ പറഞ്ഞത് പക്ഷേ ഇന്ത്യയിൽ ഈ വിഷയം സെൻസിറ്റീവ് ആണെന്നാണ്. കാനഡയിൽ നിന്ന് വേർപെട്ട് സ്വതന്ത്ര രാജ്യമാകണോ എന്നതിനെക്കുറിച്ച് ക്യൂബെക്ക് 1980 ലും 1995 ലും രണ്ട് റഫറണ്ടങ്ങൾ നടത്തി. ഭൂരിപക്ഷം പേരും ‘വേണ്ട’ എന്നാണ് വോട്ട് ചെയ്തത്.



