അന്തർദേശീയം

ഇന്ത്യക്കാർ കാനഡയിൽ സുരക്ഷിതരല്ല : ഇന്ത്യൻ ഹൈക്കമ്മീഷണർ

ഓട്ടവ : കാനഡയിലെ ഇന്ത്യക്കാരുടെ സുരക്ഷയിൽ ആശങ്ക പ്രകടിപ്പിച്ച് കാനഡയിലെ പുതിയ ഇന്ത്യൻ ഹൈക്കമ്മീഷണർ ദിനേശ് പട്നായിക്. അടുത്തിടെ സിടിവി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ഇന്ത്യക്കാർ കാനഡയിൽ നേരിട്ടുകൊണ്ടിരിക്കുന്ന സുരക്ഷാ ഭീഷണികൾ അദ്ദേഹം എടുത്തുപറഞ്ഞത്.

‘‘ഇവിടെ ഇന്ത്യക്കാർക്ക് കാനഡ സുരക്ഷിതമാണോ? കാനഡ സ്വയം സുരക്ഷിതമാണോ? ഈ പ്രശ്നം സൃഷ്ടിക്കുന്നത് കാനഡക്കാരാണ്. നിങ്ങൾ കാനഡയിൽ എന്താണ് സംഭവിക്കുന്നതെന്ന് നോക്കുന്നുണ്ടോ? വാൻകൂവറിൽ ഒരു റെസ്റ്റോറന്റിന് നേരെ മൂന്നാം തവണയും ആക്രമണം ഉണ്ടായി. ഒരു ഇന്ത്യക്കാരന്റെ ഉടമസ്ഥതയിലുള്ള റെസ്റ്റോറന്റിന് നേരെ വെടിവയ്പ്പ് നടന്നു. ഇന്ത്യക്കാർ ഇവിടെ സുരക്ഷിതരല്ലെന്ന് തോന്നുന്നു. അവരുടെ സുരക്ഷിതത്വം നമ്മൾ ഉറപ്പാക്കേണ്ടതുണ്ടോ? ഇവിടെ എന്താണ് സംഭവിക്കുന്നത്? ഇന്ത്യയിലെ കനേഡിയൻ ഹൈക്കമ്മീഷണർക്ക് സംരക്ഷണം ആവശ്യമില്ല, പക്ഷേ കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർക്ക് സംരക്ഷണം ആവശ്യമാണ്’’ – ദിനേഷ് പട്‌നായിക് അഭിമുഖത്തിൽ പറഞ്ഞു.

ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്രബന്ധം രണ്ട് വർഷത്തിനു ശേഷം പൂർവസ്ഥിതിയിലായതിന് പിന്നാലെയാണ് കേന്ദ്രസർക്കാർ പുതിയ ഹൈക്കമ്മീഷണറായി പട്നായിക്കിന് നിയമനം നൽകിയത്. ഇന്ത്യയിലെ കാനഡയുടെ പുതിയ ഹൈക്കമ്മീഷണറായി ക്രിസ്റ്റഫർ കൂട്ടറെയും കാനഡ കഴിഞ്ഞ ദിവസം നിയമിച്ചിരുന്നു. കാനഡയിൽ നിന്ന് നാടുകടത്തപ്പെടുന്ന ഇന്ത്യക്കാരുടെ എണ്ണം വർധിച്ചുവരികയാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കനേഡിയൻ ബോർഡർ സർവീസസ് ഏജൻസിയുടെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ജൂലൈ 28 വരെ 1,891 ഇന്ത്യക്കാരെ കാനഡയിൽ നിന്ന് നാടുകടത്തി. കഴിഞ്ഞ വർഷം ഈ സംഖ്യ 1,997 ആയിരുന്നു. 2019 ൽ ഇത് 625 ആയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button