ഇറാനിലുള്ള ഇന്ത്യക്കാർ ഉടൻ രാജ്യം വിടണമെന്ന് ഇന്ത്യൻ എംബസി

ന്യൂഡൽഹി : ആഭ്യന്തര പ്രക്ഷോഭം ശക്തമായി തുടരുന്ന സാഹചര്യത്തിൽ ഇറാനിലുള്ള ഇന്ത്യക്കാർ ഉടൻ രാജ്യം വിടണമെന്ന് ഇറാനിലെ ഇന്ത്യൻ എംബസി. പ്രതിഷേധങ്ങൾ നടക്കുന്നയിടങ്ങളിൽ നിന്ന് അകന്നുനിൽക്കാനും നിർദേശമുണ്ട്.പാസ്പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ കൈവശമുണ്ടെന്ന് ഉറപ്പാക്കാനും എംബസിയുടെ നിർദേശമുണ്ട്.
ലഭ്യമായ യാത്ര സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി രാജ്യം വിടാൻ തയാറാകണമെന്നാണ് എംബസിയുടെ നിർദേശം. എംബസിയുമായി നിരന്തരം ബന്ധപ്പെടാനും അറിയിച്ചിട്ടുണ്ട്. ഇറാനിലെ പ്രക്ഷോഭകാരികള്ക്കുള്ള സഹായം പുറപ്പെട്ടു കഴിഞ്ഞുവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചതിന് പിന്നാലെ യുഎസ് ഇറാനെ ആക്രമിച്ചേക്കുമെന്ന പ്രചരണങ്ങളും ശക്തമാകുന്നുണ്ട്.
ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇറാനിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്ന് വിദേശകാര്യ മന്ത്രാലയവും അറിയിച്ചു. ഇറാനിലെ ഇന്ത്യക്കാർക്ക് വേണ്ടി ഹെൽപ് ലൈൻ നമ്പറും പുറത്തിറക്കിയിട്ടുണ്ട്. ബന്ധപ്പെടേണ്ട നമ്പറുകൾ; 989128109115, 989128109109, 989128109102, 989932179359.



