ബഹ്റൈനില്‍ സിഐഡി ഏജന്റ് ചമഞ്ഞ് പ്രവാസികളില്‍നിന്ന് പണം തട്ടി; ഇന്ത്യക്കാരന് അറസ്റ്റില്‍

മനാമ : സി.ഐ.ഡി. ഏജന്റായി നടിച്ച് പ്രവാസികളില്‍നിന്ന് പണം തട്ടിയെടുത്ത കേസില്‍ ബഹ്റൈനില്‍ 23കാരനായ ഇന്ത്യക്കാരന് അറസ്റ്റിലായി. ഇയാള്‍ക്കെതിരായ കേസ് അന്വേഷണം പൂര്‍ത്തിയാക്കി ഹൈ ക്രിമിനല്‍ കോടതിക്ക് കൈമാറി.
ഒരു മൊബൈല്‍ കടയിലെ ജീവനക്കാരനായ ഇയാള്‍ വിദേശികളെ വ്യാജ ഐ.ഡി. കാര്‍ഡ് കാണിച്ച് സ്വകാര്യ വിവരങ്ങള്‍ ആവശ്യപ്പെടുകയും ഭീഷണിപ്പെടുത്തി പണം വാങ്ങുകയുമാണ് ചെയ്തിരുന്നത്. പണം നല്‍കിയില്ലെങ്കില്‍ നിയമനടപടികള്‍ നേരിടേണ്ടി വരുമെന്ന് ഇയാള്‍ വിദേശികളെ ഭീഷണിപ്പെടുത്തിയിരുന്നു എന്ന് പോലീസ് പറഞ്ഞു.
രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് ഗുദൈബിയയിലെ ഒരു മൊബൈല്‍ കടയ്ക്ക് സമീപത്തുനിന്നാണ് ഇയാളെ പിടികൂടിയത്. പോലീസിനെ കണ്ട് ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിടിയിലാകുകയായിരുന്നു. വ്യാജരേഖ ചമയ്ക്കല്‍, വ്യാജരേഖ ഉപയോഗിക്കല്‍, പൊതു സുരക്ഷാ ഉദ്യോഗസ്ഥനായി ആള്‍മാറാട്ടം, പണം തട്ടിയെടുക്കല്‍ എന്നീ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.