അന്തർദേശീയം

ഇന്ത്യയുടെ സമ്മർദ്ദം ഫലിച്ചു, യുക്രൈനിൽ കുടുങ്ങിയവർക്ക് സുരക്ഷിത പാതയൊരുക്കാമെന്ന് റഷ്യ

റഷ്യൻ അംബാസിഡർ അനുകൂലമായി പ്രതികരിച്ചെങ്കിലും എപ്പോൾ മുതൽ രക്ഷാപ്രവ‍ർത്തനം തുടങ്ങുമെന്ന് വ്യക്തമല്ല. മാനുഷിക പരി​ഗണന നൽകി യുക്രൈനിൽ കുടുങ്ങിയവ‍ർക്ക് തിരികെ വരാൻ സുരക്ഷിത പാതയൊരുക്കാം എന്നാണ് റഷ്യ പറയുന്നത്.

 

ദില്ലി/മോസ്കോ: യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാനുള്ള ദൗത്യവുമായി സഹകരിക്കാമെന്ന് റഷ്യ. ഇന്ത്യയിലെ റഷ്യൻ അംബാസിഡർ ഡെനീസ് അലിപോവ് ആണ് രക്ഷാദൗത്യത്തിൽ സഹകരിക്കാനുള്ള റഷ്യയുടെ സന്നദ്ധത അറിയിച്ചത്. യുക്രൈൻ്റെ കിഴക്കൻ അതി‍ർത്തിയിൽ കുടുങ്ങിയ ഇന്ത്യക്കാരെ റഷ്യ വഴി ഇന്ത്യയിൽ തിരിച്ചെത്തിക്കാൻ സഹായിക്കണമെന്ന് ഇന്ത്യ പലവട്ടം റഷ്യയോട് ആവ‍ർത്തിച്ചിരുന്നു. എന്നാൽ ഇതിനോട് റഷ്യ ഇതുവരെ പ്രതികരിച്ചിരുന്നില്ല.

റഷ്യൻ അംബാസിഡർ അനുകൂലമായി പ്രതികരിച്ചെങ്കിലും എപ്പോൾ മുതൽ രക്ഷാപ്രവ‍ർത്തനം തുടങ്ങുമെന്ന് വ്യക്തമല്ല. മാനുഷിക പരി​ഗണന നൽകി യുക്രൈനിൽ കുടുങ്ങിയവ‍ർക്ക് തിരികെ വരാൻ സുരക്ഷിത പാതയൊരുക്കാം എന്നാണ് റഷ്യ പറയുന്നത്. ഖർഖീവ്, സുമി ന​ഗരങ്ങളിലായി കുടുങ്ങി കിടക്കുന്ന നാലായിരത്തോളം ഇന്ത്യൻ വിദ്യാ‍ർത്ഥികളെ റഷ്യ വഴി പുറത്ത് എത്തിക്കാനുള്ള ആലോചനയാണ് നിലവിലുള്ളത്. ഇതിനു സാധിച്ചാൽ യുക്രൈൻ രക്ഷാദൗത്യത്തിലെ നിർണായക പ്രതിസന്ധി ഒഴിയുകയും ചെയ്യും.
നേരത്തെ തന്നെ റഷ്യയിലെ ഇന്ത്യൻ എംബസി ഉദ്യോ​ഗസ്ഥ‍ർ യുക്രൈൻ അതി‍ർത്തികളിലേക്ക് എത്തിയെങ്കിലും ഇവ‍ർക്ക് റഷ്യൻ ഉദ്യോ​ഗസ്ഥരിൽ നിന്നും ഒരു ഉറപ്പും കിട്ടിയിരുന്നില്ല. എന്നാൽ കഴിഞ്ഞ ദിവസം ഇന്ത്യൻ വിദ്യാ‍ർത്ഥിയായ നവീൻ ഖർകീവിൽ കൊല്ലപ്പെട്ടതോടെ റഷ്യയ്ക്ക് മേൽ കനത്ത സമ്മ‍ർദ്ദമുണ്ടായെന്നാണ് സൂചന. കഴിഞ്ഞ ദിവസം റഷ്യൻ അംബാസിഡറെ വിളിച്ചു വരുത്തിയ വിദേശകാര്യമന്ത്രാലയം ഇക്കാര്യത്തിൽ ശക്തമായ നിലപാട് അറിയിച്ചുവെന്നാണ് സൂചന.

ഇന്ത്യൻ വി​ദ്യാ‍ർത്ഥികൾ കൊല്ലപ്പെടുമ്പോൾ കൈയും കെട്ടി നോക്കി നിൽക്കാനാവില്ലെന്ന നിലപാട് ഇന്ത്യ റഷ്യയെ അറിയിച്ചുവെന്നാണ് വിവരം. ഇന്ത്യക്കാരെ സുരക്ഷിതമായി പുറത്ത് എത്തിക്കാൻ സാധിച്ചില്ലെങ്കിൽ യുക്രൈൻ വിഷയത്തിൽ ഇന്ത്യയുടെ നിലപാട് മാറുമെന്ന മുന്നറിയിപ്പും റഷ്യയ്ക്ക് നൽകി. ഇതോടെയാണ് വിഷയത്തിൽ അടിയന്തര ഇടപെടൽ നടത്താൻ റഷ്യ തയ്യാറാവുകയായിരുന്നു.

റഷ്യൻ അംബാസിഡറുടെ വാക്കുകൾ –

ഖാർകിവിലും കിഴക്കൻ ഉക്രെയ്നിലെ മറ്റു പ്രദേശങ്ങളിലും കുടുങ്ങിയ ഇന്ത്യക്കാരെ പുറത്ത് എത്തിക്കാൻ ഞങ്ങൾ ഇന്ത്യൻ എംബസി ഉദ്യോ​ഗസ്ഥരുമായി ബന്ധപ്പെട്ടുവരികയാണ്. റഷ്യയിലെ റുസൈൻ പ്രദേശം വഴി അവിടെ കുടുങ്ങിക്കിടക്കുന്ന എല്ലാവരെയും അടിയന്തിരമായി ഒഴിപ്പിക്കാനുള്ള ഇന്ത്യ ഞങ്ങളോട് അഭ്യ‍ർത്ഥിച്ചിട്ടുണ്ട്.

ഞങ്ങൾ ഇന്ത്യയുമായി തന്ത്രപരമായ സഖ്യകക്ഷികളാണ്. യുക്രൈൻ വിഷയം ഐക്യരാഷ്ട്രസഭയിൽ എത്തിയപ്പോൾ ഇന്ത്യ എടുത്ത നിലപാടിന് ഞങ്ങൾ നന്ദിയുള്ളവരാണ്. ഇന്ത്യയിലേക്കുള്ള എസ്-400 പ്രതിരോധസംവിധാനത്തിൻ്റെ വിതരണത്തെ നിലവിലെ സാഹചര്യം ബാധിക്കില്ല. ഈ ഇടപാട് തടസ്സമില്ലാതെ തുടരാൻ വഴികളുണ്ട്.

നേരോടെ അറിയാൻ..
നേരത്തേ അറിയാൻ..

യുവധാര ന്യൂസ്‌

യുവധാര ന്യൂസിൽ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക:

https://chat.whatsapp.com/By7bzLMxbepJEo8bTftLnh

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button