അമേരിക്കൻ ഉപരോധത്തിന് പുല്ലുവില, റഷ്യയിൽ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്ന ഇന്ത്യയ്‌ക്കെതിരെ അമേരിക്കയുടെ മുന്നറിയിപ്പ്
വാഷിംഗ്ടണ്‍ : യുക്രെയിനില്‍ റഷ്യ നടത്തുന്ന അധിനിവേശത്തിനുള്ള മറുപടിയായി റഷ്യയ്ക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്താനുള്ള അമേരിക്കന്‍ നയം പാളുന്നു.
ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ റഷ്യയില്‍ നിന്നും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്ത് തുടങ്ങിയതോടെയാണ് അമേരിക്കയുടെ പദ്ധതി പാളിയത്. ഇതേ തുടര്‍ന്ന് ഉപരോധങ്ങള്‍ പാലിക്കാത്ത ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ വിമര്‍ശിച്ച് അമേരിക്ക രംഗത്ത് വന്നു. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ സാക്കിയാണ് കഴിഞ്ഞ ദിവസത്തെ പത്രസമ്മേളനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്. വാഷിംഗ്ടണ്‍ റഷ്യക്കെതിരെ പ്രഖ്യാപിച്ച ഉപരോധം ലോകമെമ്ബാടുമുള്ള എല്ലാ രാജ്യങ്ങളും പാലിക്കണമെന്ന് യുഎസ് പ്രതീക്ഷിക്കുന്നതായി സാകി പറഞ്ഞു.
റഷ്യയില്‍ നിന്നും എണ്ണയുടേയും മറ്റ് വസ്തുക്കളുടേയും ഇറക്കുമതി ത്വരിതപ്പെടുത്തുകയോ വര്‍ദ്ധിപ്പിക്കുകയോ ചെയ്യുന്നത് ഇന്ത്യയുടെ താല്‍പ്പര്യമാണെന്ന് അമേരിക്ക വിശ്വസിക്കുന്നില്ലെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ സാക്കി പറഞ്ഞു. റഷ്യയില്‍ നിന്നും ഇന്ത്യയുടെ എണ്ണ ഇറക്കുമതി രാജ്യത്തിന്റെ മൊത്തം ആവശ്യത്തിന്റെ 12% മാത്രമാണെന്നും അമേരിക്ക ചൂണ്ടിക്കാട്ടി. അതേസമയം ഇന്ത്യയുടെ റഷ്യന്‍ എണ്ണ ഇറക്കുമതിയെക്കുറിച്ചുള്ള നേരിട്ടുള്ള ചോദ്യമാണ് സാകിയെ പ്രകോപിപ്പിച്ചത്. ഇതിന് മറുപടിയായാണ് റഷ്യയ്‌ക്കെതിരെ വാഷിംഗ്ടണ്‍ പ്രഖ്യാപിച്ച ഉപരോധം ലോകമെമ്ബാടുമുള്ള എല്ലാ രാജ്യങ്ങളും പാലിക്കുമെന്ന് യു എസ് പ്രതീക്ഷിക്കുന്നതായി പ്രസ്താവിച്ചത്.
റഷ്യയില്‍ നിന്നും അമേരിക്ക ഇപ്പോഴും എണ്ണയും ഗ്യാസും ഇറക്കുമതി ചെയ്യുന്നുണ്ടെന്നും, ഇതിന്റെ അളവ് വര്‍ദ്ധിപ്പതായും അടുത്തിടെ റഷ്യ വ്യക്തമാക്കിയിരുന്നു. റഷ്യന്‍ സെക്യൂരിറ്റി കൗണ്‍സില്‍ ഡെപ്യൂട്ടി സെക്രട്ടറി മിഖായേല്‍ പോപോവാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എണ്ണ ഇറക്കുമതി വലിയ അളവില്‍ വര്‍ദ്ധിപ്പിക്കാന്‍ അമേരിക്കന്‍ കമ്ബനികള്‍ തയ്യാറായി എത്തിയതിന്റെ പശ്ചാത്തലത്തിലായിരുന്നു ഇത്.
അമേരിക്കയടക്കമുള്ള രാജ്യങ്ങളില്‍ നിന്നും സമ്മര്‍ദ്ദം നേരിടുമ്ബോഴും റഷ്യയില്‍ നിന്നും കൂടുതല്‍ എണ്ണ വാങ്ങാനാണ് ഇന്ത്യയുടെ തീരുമാനം. ഇറക്കുമതി നിര്‍ത്താതെയുള്ള ഇന്ത്യന്‍ നയതന്ത്രത്തിന് പാകിസ്ഥാനില്‍ നിന്നുപോലും അഭിനന്ദനങ്ങള്‍ ലഭിച്ചിരുന്നു.