ന്യൂഡല്‍ഹി : വിദേശത്തു നിന്ന് രാജ്യത്തെത്തിയ യുവാവിന് മങ്കിപോക്‌സ് ലക്ഷണം. ഇയാളുടെ സാംപിള്‍ അയച്ചിരിക്കുകയാണെന്നും, ആശങ്ക വേണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. എംപോക്‌സ് പടര്‍ന്നു പിടിച്ച ആഫ്രിക്കന്‍ രാജ്യത്തു നിന്നും മടങ്ങിയെത്തിയ യുവാവിനാണ് രോഗബാധയുടെ ലക്ഷണം കണ്ടത്.
ഇയാളുടെ സാംപിള്‍ പരിശോധനയ്ക്ക് അയച്ചു. യുവാവിന്റെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണ്. ഇയാളെ ആശുപത്രിയില്‍ ഐസൊലേഷനില്‍ ആക്കിയെന്നും, ഇയാളുടെ സമ്പര്‍ക്കപ്പട്ടിക പരിശോധിച്ചു വരികയാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. യുവാവിന്റെ വ്യക്തി വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.
സാംപിള്‍ പരിശോധനാ ഫലം ലഭിച്ചാലേ മങ്കിപോക്‌സ് സ്ഥിരീകരിക്കാനാകൂ. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ മങ്കി പോക്‌സ് പടരുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. വിമാനത്താവളങ്ങളില്‍ പരിശോധനയും കര്‍ശനമാക്കിയിരുന്നു. അത്തരത്തില്‍ പരിശോധനയിലാണ് രോഗലക്ഷണങ്ങളോടെ യുവാവിനെ കണ്ടെത്തിയത്.