മുന്നറിയിപ്പില്ലാതെ ഉറി ഡാം തുറന്ന് ഇന്ത്യ; ഝലം നദിയില്‍ ജലനിരപ്പ് ഉയര്‍ന്നു, പാക് അധീന കശ്മീരില്‍ വെള്ളപ്പൊക്കം

ന്യൂഡല്‍ഹി : പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മുന്നറിയിപ്പില്ലാതെ ഉറി ഡാം തുറന്നു വിട്ട് ഇന്ത്യയുടെ തിരിച്ചടി. ഇതേത്തുടര്‍ന്ന് ഝലം നദിയില്‍ വെള്ളപ്പൊക്കമുണ്ടായി. പാകിസ്ഥാന്‍ അധീന കശ്മീരിലെ വിവിധ പ്രദേശങ്ങളില്‍ വെള്ളം കയറി.
പാക് അധീന കശ്മീരിലെ ഹത്തിയന്‍ ബാല ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിലാണ് സ്ഥിതി രൂക്ഷമായത്. വെള്ളപ്പൊക്കത്തെ ത്തുടര്‍ന്ന് നദീ തീരത്തുള്ളവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചു. സിന്ധു നദീ ജല കരാര്‍ മരവിപ്പിച്ചതിന് ശേഷമുള്ള ഇന്ത്യയുടെ ആദ്യ പ്രധാന നടപടിയാണിത്.
പാകിസ്ഥാനെതിരെ നയതന്ത്ര തലത്തില്‍ ഇന്ത്യ കനത്ത തിരിച്ചടി തുടരുന്നതിനിടെയാണ് ഉറി ഡാം തുറന്നുവിട്ടുകൊണ്ടുള്ള നീക്കമുണ്ടായിരിക്കുന്നത്. ഇന്ത്യയുടെ നടപടിയെ പാകിസ്ഥാന്‍ ശക്തമായ ഭാഷയില്‍ അപലപിച്ചു. അന്താരാഷ്ട്ര മാനദണ്ഡങ്ങളുടെയും സിന്ധു നദീജല ഉടമ്പടിയുടെയും (ഐഡബ്ല്യുടി) ലംഘനമാണെന്ന് പാകിസ്ഥാന്‍ ആരോപിച്ചു.