സ്പോർട്സ്

ഒരേയൊരു പേര്- ജസ്പ്രീത് ബുംറ; പാകിസ്ഥാന്റെ ചുണ്ടിൽ നിന്നും വിജയം റാഞ്ചി ഇന്ത്യ

ന്യൂയോർക്:കൈവിട്ടെന്ന് കരുതിയ മത്സരം ഇന്ത്യക്കായി ബൗളർമാർ എറിഞ്ഞുപിടിച്ചു. ഇന്ത്യ ഉയർത്തിയ 119 റൺസ് പിന്തുടർന്ന പാകിസ്താൻ ഒരുഘട്ടത്തിൽ വിജയത്തിലേക്കെന്ന് തോന്നിച്ചെങ്കിലും അവസാന ഓവറുകളിൽ ഇന്ത്യൻ ബൗളർമാർ-പ്രത്യേകിച്ച് ബുംറ , പാകിസ്താനെ വരിഞ്ഞുമുറുക്കുകയായിരുന്നു. നിർണായകമായ മൂന്നുവിക്കറ്റുകൾ വീഴ്ത്തിയ ജസ്പ്രീത് ബുംറയാണ് ഇന്ത്യൻ വിജയത്തിൽ നിർണായക പങ്കുവഹിച്ചത്.

ചെറിയ സ്കോറിലേക്ക് ബാറ്റുവീശിയ പാകിസ്താൻ ഒരുഘട്ടത്തിൽ 73ന് 3 എന്ന ശക്തമായ നിലയിലായിരുന്നു. എന്നാൽ പാകിസ്താന്റെ മധ്യനിരയെ ഇന്ത്യൻ ബൗളർമാർ ചുരുട്ടിക്കെട്ടി.പത്തൊമ്പതാമത്തെ ഓവറിൽ 12 പന്തുകളിൽനിന്ന് 21 റൺസ് സ്കോർ ചെയ്താൽ പാക്കിസ്ഥാന് ജയിക്കാമായിരുന്നു. ആ ഘട്ടത്തിൽ എന്തെല്ലാം ആയുധങ്ങളാണ് ബുംറ പ്രയോഗിച്ചത്! ആദ്യം ഒരു ഓഫ്കട്ടർ. അതിനുശേഷം ഒരു സ്ലോ ബൗൺസർ. പിന്നീടൊരു പേസ് ഓൺ ഷോർട്ട് ഓഫ് എ ലെങ്ത്ത് ഡെലിവെറി. പത്തൊമ്പതാം ഓവറിൽ ബുംറ വഴങ്ങിയത് വെറും 3 റൺസ്! ഒരു ഫുൾ ടോസിലൂടെ ഇഫ്തിഖറിനെ പുറത്താക്കുകയും ചെയ്തു. ബാക്കിയുള്ള ജോലി അർഷ്ദീപ് സിങ്ങ് നിർവ്വഹിച്ചു. 4 ഓവറിൽ 31 റൺസ് വഴങ്ങിയ അർഷ്ദീപ് ഒഴികെയുള്ള ബൗളർമാരുടെയെല്ലാം എക്കോണമി ആറിൽ താഴെയാണ്. 44 പന്തിൽ 31 റൺസെടുത്ത മുഹമ്മദ് റിസ്‍വാനാണ് പാകിസ്താന്റെ ടോപ്പ് സ്കോറർ. ആദ്യ മത്സരത്തിൽ യു.എസ്.എയോട് തോറ്റ പാകിസ്താന്റെ സൂപ്പർ 8 പ്രവേശനം അനിശ്ചിതത്വത്തിലായപ്പോൾ തുടർച്ചയായ രണ്ടാം ജയത്തോടെ ഇന്ത്യ തുടക്കം ഗംഭീരമാക്കി.മഴയും പിച്ചും രസംകൊല്ലിയായ മത്സരത്തിൽ പാകിസ്താനെതിരെ 19 ഓവറിൽ ഇന്ത്യ ഉയർത്തിയത് 119 റൺസ്. 31 പന്തിൽ 42 റൺസെടുത്ത ഋഷഭ് പന്തും 18 പന്തിൽ 20 റൺസെടുത്ത അക്സർ പട്ടേലുമാണ് ​ഭേദപ്പെട്ട രീതിയിൽ ബാറ്റേന്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ആദ്യം നഷ്ടമായത് നാല് റൺസെടുത്ത കോഹ്‍ലിയുടെ വിക്കറ്റാണ്. തൊട്ടുപിന്നാ​ലെ 13 റൺസുമായി രോഹിത് ശർമയും മടങ്ങി. ഭാഗ്യത്തിന്റെ അകമ്പടിയോടെ ബറ്റേന്തിയ റിഷഭ് പന്തും അക്സർ പട്ടേലും ചെറുതായി ഇന്നിങ്സ് എടുത്തുയർത്തിയെങ്കിലും അതും അധികം നീണ്ടില്ല. ആറുബൗണ്ടറികൾ സഹിതമാണ് പന്ത് 42 റൺസ് കുറിച്ചത്.

സൂര്യകുമാർ യാദവ് (7), ശിവം ദുബെ (3), ഹാർദിക് പാണ്ഡ്യ (7), രവീ​ന്ദ്ര ജദേജ (0), അർഷദീപ് സിങ് (9), ജസ്പ്രീത് ബുംറ (0) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്കോറുകൾ. പാകിസ്താനായി നസീം ഷാ, ഹാരിസ് റൗഫ് എന്നിവർ മൂന്നുവിക്കറ്റ് വീതം വീഴ്ത്തി. മുഹമ്മദ് ആമിർ രണ്ടും ഷഹീൻ അഫ്രീദി ഒന്നും വിക്കറ്റെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button