അന്തർദേശീയം

ആരോപണങ്ങൾ അവസാനിപ്പിക്കണം, തെളിവുതന്നേ തീരൂ; നിജ്ജാർ വധത്തിൽ കാനഡയോട് കടുപ്പിച്ച് ഇന്ത്യ

ന്യൂഡൽഹി : ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജാർ വധത്തിൽ കാനഡയ്ക്കെതിരെ ഇന്ത്യ. നിജ്ജാർ വധത്തിൽ ആരോപണങ്ങൾ ഉന്നയിക്കുന്നതല്ലാതെ എന്തെങ്കിലും തെളിവുകളുണ്ടോയെന്നാണ് ഇന്ത്യയുടെ ചോദ്യം. സംഭവത്തിൽ ഒരു തെളിവുകളും ഹാജരാക്കാതെയാണ് ജസ്റ്റിൻ ട്രൂഡോ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും ഇന്ത്യ ആരോപിച്ചു. ഇക്കാര്യത്തിൽ ഇന്ത്യക്കാരെ കുടുക്കാൻ രാഷ്ട്രീയനിർദേശങ്ങൾ കൂടി കാനഡ സർക്കാർ അന്വേഷണ സംഘത്തിന് നൽകിയെന്നും ഇന്ത്യ ആരോപിക്കുന്നുണ്ട്.

ട്രൂഡോ സർക്കാറിലെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരേയും നയതന്ത്ര പ്രതിനിധികളേയും കേന്ദ്രസർക്കാർ ഈ നിലപാട് അറിയിച്ചുവെന്നാണ് റിപ്പോർട്ട്. ക്രിമിനൽ നിയമത്തെ രാഷ്ട്രീയലക്ഷ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുകയാണ് ട്രൂഡോ സർക്കാർ ചെയ്യുന്നതെന്നും കേന്ദ്രസർക്കാർ കുറ്റപ്പെടുത്തിയിട്ടുണ്ട്. അന്വേഷണ ഏജൻസികൾക്ക് രാഷ്ട്രീയ നിർദേശങ്ങൾ നൽകുന്നത് നിയമപരമായി കുറ്റകരമാണെന്നും ട്രൂഡോ ഭരണകൂടത്തോട് ഇന്ത്യ വ്യക്തമാക്കി.

ലാവോസിൽ നടന്ന ആസിയാൻ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും തമ്മിൽ കൂടിക്കാഴ്ച നടത്തിയെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. എന്നാൽ, പിന്നീട് ഇന്ത്യ സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ കാര്യമായ ചർച്ചകളൊന്നും ഇരു നേതാക്കളും തമ്മിൽ നടന്നിരുന്നില്ലെന്ന് വ്യക്തമാക്കിയിരുന്നു.

ഇന്ത്യയുടെ ഉദ്യോഗസ്ഥർ കേസിൽ രാജ്യത്തിന് ഒന്നും മറക്കാനില്ലെന്ന് അറിയിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് ഇന്ത്യയെ അപമാനിക്കാനിടയായ സാഹചര്യം വിശദീകരിക്കണമെന്നും കാനഡയോട് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. 2023 ജൂൺ 18നാണ് ഖലിസ്ഥാൻ ടൈഗർ ഫോഴ്‌സ് ഭീകരൻ നിജ്ജാർ കൊല്ലപ്പെട്ടത്. ഈ കേസ് അന്വേഷിക്കുന്ന ആർസിഎംപി എന്ന ഏജൻസിയും കനേഡിയൻ പ്രധാനമന്ത്രിയും ഉന്നയിക്കുന്ന ആരോപണങ്ങളിലെ പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടിയാണ് ഇന്ത്യയുടെ പ്രതികരണം.

ഖലിസ്ഥാനി വോട്ട് ബാങ്കിനായി ഇന്ത്യയെ വിമർശിക്കുന്ന നിലപാടാണ് പലപ്പോഴും നിജ്ജാർ കൊലപാതകത്തിൽ ജസ്റ്റിൻ ട്രൂഡോ സ്വീകരിച്ചിട്ടുള്ളത്. അടുത്ത വർഷം കാനഡിയിൽ പൊതു തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button