യൂറോപ്യൻ യൂണിയൻ വാർത്തകൾ

ലോകത്താദ്യം; ദയാവധത്തിലൂടെ മരണം വരിച്ച വ്യക്തിയുടെ മുഖം മറ്റൊരു സ്ത്രീക്ക് വിജയകരമായി വെച്ചുപിടിപ്പിച്ചു

ബാഴ്‌സലോണ : ലോകത്തെതന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട്, ദയാവധത്തിലൂടെ മരണം വരിച്ച വ്യക്തിയുടെ മുഖം മറ്റൊരു സ്ത്രീക്ക് വിജയകരമായി വെച്ചുപിടിപ്പിച്ചു. സ്പെയിനിലെ ബാഴ്‌സലോണയിലുള്ള വാല് ഡി ഹെബ്രോൺ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലാണ് വൈദ്യശാസ്ത്ര ചരിത്രത്തിലെ ഈ അപൂർവ്വ നേട്ടം. ഇത്തരമൊരു ശസ്ത്രക്രിയ ലോകത്ത് തന്നെ ഇതാദ്യമാണ്.

കടുത്ത ബാക്ടീരിയൽ അണുബാധയെത്തുടർന്ന് മുഖത്തിന്റെ മധ്യഭാഗം പൂർണ്ണമായും തകരുകയും ശ്വസിക്കാനും സംസാരിക്കാനും ആഹാരം ചവയ്ക്കാനും ബുദ്ധിമുട്ടുകയും ചെയ്തിരുന്ന സ്ത്രീയ്ക്കാണ് പുതുജീവിതം ലഭിച്ചത്. ഏകദേശം 100 ഓളം വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ 15 മുതൽ 24 മണിക്കൂർ വരെ നീണ്ട സങ്കീർണ്ണമായ പ്രക്രിയയിലൂടെയാണ് മുഖം മാറ്റിവെച്ചത്.

സ്പെയിനിലെ നിയമപരമായ ദയാവധം സ്വീകരിക്കുന്നതിന് മുൻപ് തന്നെ തന്റെ അവയവങ്ങളും മുഖവും ദാനം ചെയ്യാൻ ആ സ്ത്രീ തയ്യാറായിരുന്നു. മരണസമയം മുൻകൂട്ടി നിശ്ചയിക്കപ്പെട്ടിരുന്നതിനാൽ, അത്യാധുനികമായ 3D ഇമേജിംഗും പ്രിന്റിംഗും ഉപയോഗിച്ച് അതീവ കൃത്യതയോടെ ശസ്ത്രക്രിയ പ്ലാൻ ചെയ്യാൻ ഡോക്ടർമാർക്ക് സാധിച്ചു. ത്വക്ക്, പേശികൾ, ഞരമ്പുകൾ, കൊഴുപ്പ്, അസ്ഥികൾ എന്നിവ ഉൾപ്പെടെയാണ് മാറ്റിവെച്ചത്.

“മരിക്കാൻ തീരുമാനിച്ച ഒരാൾ തന്റെ അവസാന ആഗ്രഹമായി അപരിചിതനായ ഒരാൾക്ക് ഇത്തരമൊരു ജീവിതം സമ്മാനിക്കുന്നത് വാക്കുകൾക്ക് അതീതമാണ്,” എന്ന് ആശുപത്രിയിലെ മെഡിക്കൽ കോർഡിനേറ്റർ ഡോ. എലിസബത്ത് നവാസ് പറഞ്ഞു. ശസ്ത്രക്രിയയ്ക്ക് ശേഷം ഒരു മാസത്തോളം തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞ രോഗി ഇപ്പോൾ ഫേഷ്യൽ റീഹാബിലിറ്റേഷനിലൂടെ സംസാരശേഷിയും മുഖത്തെ ചലനങ്ങളും വീണ്ടെടുത്തു വരികയാണ്. 2010-ൽ ലോകത്തെ ആദ്യത്തെ പൂർണ്ണ മുഖം മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയതും ഇതേ ആശുപത്രിയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button