ഇമ്രാന്‍ ഖാന്‍ പാക് ജയിലില്‍ കൊല്ലപ്പെട്ടു?; അഭ്യൂഹങ്ങള്‍ക്കിടെ കാണാന്‍ അനുമതി തേടി സഹോദരിമാര്‍

ഇസ്ലാമബാദ് : മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ജയിലില്‍ വച്ച് കൊല്ലപ്പെട്ടെന്ന അഭ്യൂഹങ്ങള്‍ക്കിടെ, തടവിലുള്ള സഹോദരനെ കാണാന്‍ അനുമതി ചോദിച്ചതിന് പൊലീസുകാര്‍ ക്രൂരമായി മര്‍ദിച്ചെന്ന് ഇമ്രാന്റെ സഹോദരിമാര്‍. ഖാന്റെ സഹോദരിമാരായ നൊറീന്‍ ഖാന്‍, അലീമ ഖാന്‍, ഉസ്മ ഖാന്‍ എന്നിവര്‍ക്കാണ് പൊലീസിന്റെ മര്‍ദനമേറ്റത്. റാവല്‍പിണ്ടിയിലെ അഡിയാല ജയിലില്‍ കഴിയുന്ന ഇമ്രാനെ കാണാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടതിനാണ് തങ്ങളെയും പാര്‍ട്ടി പ്രവര്‍ത്തകരെയും പൊലീസ് ക്രൂരമായി മര്‍ദിച്ചെന്നാണ് ഇവരുടെ ആരോപണം. മരിച്ചെന്ന ആഭ്യൂഹങ്ങള്‍ക്കിടെ ഇമ്രാന്റെ നൂറ് കണക്കിന് അനുയായികളും ജയിലിന് മുന്നില്‍ പ്രതിഷേധവുമായി എത്തിയിരുന്നു.
2023 മുതല്‍ ഇമ്രാന്‍ ഖാന്‍ റാവല്‍പിണ്ടിയിലെ അഡിയാല ജയിലിലാണ്. തങ്ങളുടെ സഹോദരനെ മൂന്നാഴ്ചയിലധികമായി കാണാന്‍ അധികൃതര്‍ അനുവദിച്ചിട്ടില്ലെന്നും ഖാന്റെ സഹോദരിമാര്‍ ആരോപിക്കുന്നു. ഇമ്രാന്‍ ഖാനെ കാണണമെന്ന് സഹോദരിമാര്‍ ആവശ്യപ്പെട്ടതിനാണ് പാക്ഭരണകൂടം ക്രൂരമായി അദ്ദേഹത്തിന്റെ സഹോദരിമാരെ മര്‍ദിച്ചതെന്ന് പാകിസ്ഥാന്‍ തെഹ്രീക് ഇ ഇന്‍സാഫ് പാര്‍ട്ടി ആരോപിച്ചു.
യാതൊരു പ്രകോപനവുമില്ലാതെയാണ് പൊലീസ് തങ്ങളെ മര്‍ദിച്ചതെന്നും ഇമ്രാന്റെ സഹോദരിമാര്‍ പറഞ്ഞു. അദ്ദേഹത്തിന്റെ ആരോഗ്യനിലയെ കുറിച്ചുള്ള ആശങ്കകള്‍ക്കിടെ റോഡില്‍ തങ്ങളും പാര്‍ട്ടി പ്രവര്‍ത്തകരും സമാധാനപരമായി പ്രതിഷേധിക്കുകയായിരുന്നു. ഗതാഗതം തടസ്സപ്പെടുത്തുകയോ നിയമവിരുദ്ധമായ ഒരു പ്രവര്‍ത്തനമോ ഒന്നും തങ്ങളുടെയോ പാര്‍ട്ടി പ്രവര്‍ത്തകരുടെയോ ഭാഗത്തുനിന്നുണ്ടായിട്ടില്ല. രാത്രി തെരുവ് വിളക്കുകള്‍ അണച്ച ശേഷം പൊലീസ് ക്രൂരമായ മര്‍ദനമാണ് അഴിച്ചുവിട്ടത്. 71 വയസ്സായ തന്നെ അവര്‍ മുടിക്ക് പിടിച്ച് നിലത്തേക്ക് വലിച്ചിഴച്ചാണ് മര്‍ദിച്ചത്. തനിക്ക് സാരമായ പരിക്ക് പറ്റിയെന്നും പൊലീസ് മേധാവിക്ക് അയച്ച കത്തില്‍ അവര്‍ പറയുന്നു.
കഴിഞ്ഞ മൂന്ന് വര്‍ഷമായി സമാധാനപരമായി പ്രതിഷേധിക്കുന്ന പൗരന്‍മാരെ മര്‍ദിക്കുന്ന നടപടിയാണ് പൊലീസ് തുടരുന്നത്. ഇത് അങ്ങേയറ്റം അപലപനീയമാണ്. ക്രൂരമായി ആക്രമണം നടത്തിയ പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്നും കത്തില്‍ പറയുന്നു. ഇമ്രാന്‍ ഖാന്‍ ജയിലില്‍ വച്ച് കൊല്ലപ്പെട്ടന്ന രീതിയില്‍ നിരവധി വാര്‍ത്തകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങള്‍ ഒന്നും പുറത്തുവന്നിട്ടില്ല.



