റഷ്യൻ തടവിലായിരുന്ന റഷ്യൻ-അമേരിക്കൻ വനിതയെ മോചിപ്പിച്ചു

മോസ്കോ : റഷ്യൻ തടവിലായിരുന്ന റഷ്യൻ-അമേരിക്കൻ വനിതയെ മോചിപ്പിച്ചു. അമേരിക്കയും റഷ്യയും തമ്മിൽ തടവുകാരെ കൈമാറുന്നതിെന്റ ഭാഗമായാണ് നടപടി. ലോസ് ആഞ്ജലസ് സ്വദേശിയായ സെനിയ കരേലിന എന്ന വനിതക്കാണ് മോചനം ലഭിച്ചത്. 2024 തുടക്കത്തിൽ അറസ്റ്റിലായ ഇവർ ഒരു വർഷത്തിലേറെയായി തടവിലായിരുന്നു. യുക്രെയ്നിന് മാനുഷിക സഹായം നൽകുന്ന അമേരിക്കൻ സന്നദ്ധ സംഘടനക്ക് 39 ഡോളർ സംഭാവന നൽകിയെന്നാണ് ഇവർക്കെതിരായ കുറ്റം. 12 വർഷത്തെ തടവ് ശിക്ഷയാണ് ഇവർക്ക് ലഭിച്ചത്.
സെനിയ കരേലിനയുടെ മോചനത്തിന് പകരമായി, 2023ൽ സൈപ്രസിൽ അറസ്റ്റിലായ ജർമൻ-റഷ്യൻ പൗരൻ ആർതർ പെട്രോവിനെ അമേരിക്ക വിട്ടയച്ചതായാണ് വിവരം. റഷ്യൻ സൈന്യവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന നിർമാതാക്കൾക്ക് സൂക്ഷ്മ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ അനധികൃതമായി കയറ്റുമതി ചെയ്തുവെന്നാണ് ഇദ്ദേഹത്തിനെതിരായ കുറ്റം.
വ്യാഴാഴ്ച അബൂദബിയിലാണ് തടവുകാരെ കൈമാറിയത്. കൈമാറ്റച്ചടങ്ങിൽ സി.ഐ.എ ഡയറക്ടർ ജോൺ റാറ്റ്ക്ലിഫും സന്നിഹിതനായിരുന്നു. കരേലിന അമേരിക്കയിലേക്ക് യാത്രതിരിച്ചതായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ സ്ഥിരീകരിച്ചു. പ്രസിഡന്റ് ഡോണൾഡ് ട്രംപാണ് മോചനം സാധ്യമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.