മൂന്ന് കടലുകളിലായി ആറ് കപ്പലുകൾക്ക് നേരെ ഹൂതി ആക്രമണം
മനാമ : ചെങ്കടൽ, മെഡിറ്ററേനിയൻ കടൽ, അറബിക്കടൽ എന്നിവിടങ്ങളിൽ ആറ് കപ്പലുകൾക്ക് നേരെ മിസൈൽ ആക്രമണം നടത്തിയതായി യെമനിലെ ഹൂതി മിലിഷ്യ. ചെങ്കടലിൽ മോറിയ, സീലാഡി, ലാക്‌സ് കപ്പലുകൾക്കും അറബിക്കടലിൽ ആൽബ, മെഴ്‌സ്‌ക് ഹാർട്ട്‌ഫോർഡ് കപ്പലുകൾക്കും മെഡിറ്ററേനിയനിൽ മിൻവേര അന്റോണിയ എന്നിവയ്ക്കും നേരെയാണ് ആക്രമണം നടത്തിയതെന്ന് ഹൂതി സൈനിക വക്താവ് യഹ്‌യ സാരി അൽ മാസിറ ടിവിയിൽ അറിയിച്ചു. ഈ ആക്രമണങ്ങളെക്കുറിച്ച് കൂടുതൽ വിവരം പുറത്ത് വിട്ടിട്ടില്ല.
മിസൈൽ പതിച്ചതിനെ തുടർന്ന് മാർഷൽ ദ്വീപുകളുടെ പതാക വഹിക്കുന്ന ലാക്‌സ് കപ്പലിന്റെ ഹോൾഡിന് കേടുപാടുകൾ സംഭവിച്ചതായും കപ്പൽ വെള്ളം കയറി ഒരു വശത്തേക്ക് ചരിഞ്ഞതായും ബ്രിട്ടീഷ് സുരക്ഷാ സ്ഥാപനമായ ആംബ്രെ ബുധനാഴ്ച പറഞ്ഞിരുന്നു. ധാന്യങ്ങളുമായി പോകുകയായിരുന്ന കപ്പലിൽ യെമനിൽ നിന്ന് തൊടുത്ത അഞ്ച് മിസൈലുകൾ പതിക്കുകയായിരുന്നു.
കഴിഞ്ഞ നവംബർ മുതൽ ചെങ്കടൽ, ബാബ് അൽ-മന്ദാബ് കടലിടുക്ക്, ഏദൻ ഉൾക്കടൽ എന്നിവിടങ്ങളിലെ കപ്പൽ പാതകളിൽ കപ്പലുകൾക്ക് നേരെ നിരവധി തവണ ഹൂതികൾ ഡ്രോൺ, മിസൈൽ ആക്രമണം നടത്തി. മാർച്ചിൽ ഹൂതി ആക്രമണത്തിൽ റൂബിമർ എന്ന ചരക്ക് കപ്പൽ മുങ്ങി. ബാർബഡോസ് പതാക വഹിക്കുന്ന ട്രൂ കോൺഫിഡൻസ് എന്ന കപ്പലിന് നേരെ മാർച്ച് ആദ്യവാരത്തിൽ നടത്തിയ മിസൈൽ ആക്രമണത്തിൽ രണ്ട് ജീവനക്കാർ കൊല്ലപ്പെട്ടു. നവംബറിൽ ഗാലിക്‌സി ലീഡർ എന്ന ഇസ്രയേൽ ചരക്ക് കപ്പൽ ഹൂതികൾ പിടികൂടി. ഇതുവരെ നിരവധി കപ്പലുകൾക്ക് സാരമായി കേടുപാടുകൾ പറ്റി.