അന്തർദേശീയം

ലയനം ഉപേക്ഷിച്ച്​​ ഹോണ്ടയും നിസ്സാനും

ടോക്കിയോ : ഡിസംബറിൽ പ്രഖ്യാപിച്ച ലയന ചർച്ചകൾ ഉപേക്ഷിച്ചതായി ജാപ്പനീസ് വാഹന ഭീമന്മാരായ ഹോണ്ടയും നിസ്സാനും സ്ഥിരീകരിച്ചു. ലോകത്തിലെ മൂന്നാമത്തെ വലിയ വാഹന നിർമാതാവുക എന്ന ലക്ഷ്യത്തിന്​ ഇതോടെ അറുതിയായി.

ഇരു കമ്പനികളും തമ്മിലുള്ള ലയനം പരിഗണിക്കുന്നതിനായി 2024 ഡിസംബർ 23ന് ഒപ്പുവച്ച ധാരണാപത്രം അവസാനിപ്പിക്കാൻ തീരുമാനിച്ചതായി സംയുക്ത പ്രസ്താവനയിൽ കമ്പനികൾ വ്യക്​തമാക്കി. ഇലക്ട്രിക് വാഹന വിപണിയിൽ ടെസ്‌ലയെയും ചൈനീസ് കമ്പനികളെയും മറികടക്കാനുള്ള ശ്രമമായാണ് ലയനത്തെ കണ്ടിരുന്നത്​.

അതേസമയം, വലിയ പ്രതിസന്ധി നേരിടുന്ന നിസ്സാന്​ ഇതൊരു രക്ഷാമാർഗമല്ലെന്ന്​ ഹോണ്ടയുടെ സിഇഒ ഡിസംബറിൽ തറപ്പിച്ചുപറയുകയുണ്ടായി. കഴിഞ്ഞ വർഷം ആദ്യ പകുതിയിലെ അറ്റാദായത്തിൽ 93 ശതമാനം ഇടിവാണ്​ നിസ്സാൻ രേഖപ്പെടുത്തിയത്​. കൂടാതെ ആയിരക്കണക്കിന് തൊഴിലാളികളെ പിരിച്ചുവിടുകയും ചെയ്തു.

പുതിയൊരു ഹോൾഡിങ്​ കമ്പനിക്ക്​ കീഴിൽ ലയിക്കുമെന്നായിരുന്നു ഡിസംബറിൽ പ്രഖ്യാപിച്ചിരുന്നത്​. എന്നാൽ, നിസ്സാനെ അനുബന്ധ സ്ഥാപനമാക്കാൻ ഹോണ്ട നിർദ്ദേശിച്ചതോടെ തുടർ ചർച്ചകൾ വഴിമുട്ടിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

ഒരു ജോയിന്റ് ഹോൾഡിങ്​ കമ്പനി സ്ഥാപിക്കുന്നതിൽനിന്ന് വ്യത്യസ്തമായി ഹോണ്ട മാതൃ കമ്പനിയായും നിസ്സാൻ അനുബന്ധ സ്ഥാപനമായുള്ള ഘടനാമാറ്റം ഹോണ്ട നിർദ്ദേശിച്ചതായി സംയുക്ത പ്രസ്താവനയിൽ വാഹന നിർമ്മാതാക്കൾ സ്ഥിരീകരിക്കുന്നുണ്ട്​. ഇതിന്‍റെ അടിസ്ഥാനത്തിൽ ചർച്ചകൾ നിർത്തിവച്ച് ധാരണാപത്രം അവസാനിപ്പിക്കുന്നതാണ് ഏറ്റവും ഉചിതമെന്ന് രണ്ട് കമ്പനികളും തീരുമാനത്തിലെത്തിയതായും പ്രസ്താവനയിൽ പറയുന്നു.

അതേസമയം, ഇന്‍റലിജൻസിന്‍റെയും ഇലക്​ട്രിക്​ വാഹനങ്ങളുടെയും യുഗം ലക്ഷ്യമിട്ട്​ തന്ത്രപരമായ പങ്കാളിത്തത്തിന്‍റെ ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ട്​ സഹകരിക്കുന്നത് തുടരുമെന്നും രണ്ട് കമ്പനികളുടെയും കോർപ്പറേറ്റ് മൂല്യം പരമാവധിയാക്കാൻ ശ്രമിക്കുമെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button