യൂറോപ്യൻ യൂണിയൻ വാർത്തകൾ

യുകെയില്‍ പിആര്‍ ലഭിക്കാനുള്ള യോഗ്യതാ കാലയളവ് ഉയര്‍ത്താനുള്ള നിര്‍ദ്ദേശം സമര്‍പ്പിച്ച് ആഭ്യന്തര സെക്രട്ടറി

ലണ്ടൻ : യുകെയില്‍ സ്ഥിരതാമസാനുമതി ലഭിക്കുന്നതിനുള്ള യോഗ്യതാ കാലയളവ് അഞ്ചുവര്‍ഷത്തില്‍ നിന്നും പത്തുവര്‍ഷമായും ചിലര്‍ക്ക് ഇരുപത്‌വര്‍ഷമായും ഉയര്‍ത്താനുള്ള നിര്‍ദ്ദേശം സമര്‍പ്പിച്ച് യുകെ ആഭ്യന്തര സെക്രട്ടറി ഷബാന മഹമൂദ്. യോഗ്യതാ മാനദണ്ഡങ്ങളും കര്‍ശനമാക്കും. പദ്ധതി നടപ്പിലായാല്‍ ഉയര്‍ന്ന വരുമാനമുള്ള മറ്റു ജനാധിപത്യരാജ്യങ്ങളെ അപേക്ഷിച്ച് ഏറ്റവുമധികം കാലം കാത്തിരിപ്പുവേണ്ട രാജ്യമായി യുകെ മാറും. അഭയാര്‍ഥികളുടെ കാര്യത്തിലും മറ്റു സമീപരാജ്യങ്ങളെ അപേക്ഷിച്ച് കൂടുതല്‍ സങ്കീര്‍ണ്ണമായ അവസ്ഥയാണ് ഉണ്ടാവുക.

സ്ഥിരതാമസത്തിനുള്ള യോഗ്യതയുടെ പ്രധാന മാനദണ്ഡങ്ങളിലൊന്ന് ക്ലീന്‍ ക്രിമിനല്‍ റെക്കോര്‍ഡാണ്. മുന്‍പ് 12 മാസം വരെ ശിക്ഷ ലഭിച്ചവര്‍ക്ക് ഇളവു നല്‍കിയിരുന്നു. എന്നാല്‍ പുതിയ പദ്ധതിപ്രകാരം ക്രിമിനല്‍ റെക്കോര്‍ഡുള്ള മുഴുവന്‍പേര്‍ക്കും യോഗ്യത നഷ്ടമാവും. ഉയര്‍ന്ന ഇംഗ്ലീഷ് ഭാഷാ നിലവാരം, ചുരുങ്ങിയത് മൂന്നു വര്‍ഷത്തേക്കെങ്കിലും 12570 പൗണ്ടിന് ( 1572651.56 രൂപ ) മുകളില്‍ വാര്‍ഷിക വരുമാനം എന്നിവ നിര്‍ബന്ധമാണ്. വര്‍ക്ക് വിസയിലുള്ളവരുടെ ആശ്രിതര്‍, കുടുംബവിസയില്‍ കഴിയുന്നവര്‍, അഭയാര്‍ത്ഥികള്‍ എന്നിവരടക്കം മുഴുവന്‍ സമയ ജോലിയില്‍ ഏര്‍പ്പെടാന്‍ സാധ്യത കുറഞ്ഞവരെയും ഇത് ബാധിക്കും.

സെറ്റില്‍മെന്റിനുള്ള നിലവിലെ 10 വര്‍ഷത്തെ കാലാവധി വ്യക്തിഗത സാഹചര്യങ്ങള്‍ക്കനുസരിച്ച് കൂടുകയോ കുറയുകയോ ചെയ്യും. എന്‍എച്ച്എസ് നഴ്‌സുമാര്‍, ഡോക്ടര്‍മാര്‍ എന്നിവരുള്‍പ്പെടെ ഉയര്‍ന്ന വൈദഗ്ധ്യമുള്ള തൊഴിലാളികള്‍ക്ക് അഞ്ചുവര്‍ഷത്തിനു ശേഷവും, 125140 പൗണ്ടില്‍ (1,56,56,453 രൂപ) കൂടുതല്‍ വരുമാനമുളളവര്‍ക്ക് മൂന്നു വര്‍ഷത്തിനുശേഷവും യോഗ്യത നേടാനാകും. ഫാമിലി വിസയിലുള്ളവര്‍ക്കും സന്നദ്ധസേവനങ്ങളില്‍ പങ്കാളികളാകുന്നവര്‍ക്കും അഞ്ച് മുതല്‍ ഏഴ് വര്‍ഷത്തിനിടെ യോഗ്യത നേടാം. ആനുകൂല്യങ്ങള്‍ക്കുള്ള ക്ലെയിം സമര്‍പ്പിച്ചവര്‍ക്ക് 20 വര്‍ഷംവരെ കാത്തിരിക്കേണ്ടി വരും. അതേസമയം നിയമവിരുദ്ധമായി രാജ്യത്ത് പ്രവേശിക്കുകയോ വിസ കാലാവധി കഴിഞ്ഞും തുടരുകയോ ചെയ്യുന്നവര്‍ക്ക് 30 വര്‍ഷംവരെ കാത്തിരിക്കണം.

വൈദഗ്ധ്യം കുറഞ്ഞ തൊഴിലാളികള്‍ക്കുള്ള യോഗ്യതാ കാലയളവ് 15 വര്‍ഷത്തിനു മുകളിലാണ്. അഭയാര്‍ത്ഥികള്‍ക്ക് 20 വര്‍ഷത്തിനു മുകളിലും. എന്നാല്‍ ജോലി ചെയ്യുകയോ പഠിക്കുകയോ ചെയ്യുന്നവര്‍ക്ക് ഇളവുകള്‍ ലഭിച്ചേക്കും. അവരുടെ വിസ ‘പ്രൊട്ടക്ഷന്‍ വര്‍ക്ക് ആന്‍ഡ് സ്റ്റഡി’ വിസയായി മാറുന്ന സാഹചര്യത്തില്‍ ഓരോ 30 മാസത്തിലും പരിശോധനക്ക് വിധയമാകും.

യുകെയില്‍ സെറ്റില്‍മെന്റ് അനുവദിച്ചു നല്‍കിയിട്ടുള്ള ആളുകളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചതാണ് പുതിയ ചട്ടങ്ങള്‍ നിര്‍ദ്ദേശിക്കാനുള്ള കാരണം. 2017 മുതലാണ് സ്ഥിരതാമസത്തിനായുള്ള അപേക്ഷകളില്‍ ഗണ്യമായ വര്‍ധനവുണ്ടായത്. 2025ലെ കണക്കുകളനുസരിച്ച് 1,63,000 ആളുകള്‍ക്കാണ് സ്ഥിരതാമസത്തിനുള്ള അനുമതി നല്‍കിയിട്ടുള്ളത്. അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ ഈ കണക്കില്‍ വലിയ മാറ്റങ്ങളുണ്ടാകുമെന്നും ആഭ്യന്തര മന്ത്രാലയം കണക്കുകൂട്ടുന്നുണ്ട്. ഡാനിഷ് മാതൃകയിലുള്ള പുതിയ പദ്ധതിപ്രകാരം, കാലയളവു വര്‍ധിപ്പിക്കുന്നത് മതിയായ രേഖകളില്ലാതെ രാജ്യത്തു പ്രവേശിക്കുന്നത് തടയുമെന്നും യുകെയിലേക്കുള്ള കുടിയേറ്റപ്രവാഹം നിയന്ത്രണവിധേയമാകുമെന്നും സര്‍ക്കാര്‍ സംവിധാനങ്ങള്‍ പറയുന്നു. എന്നാല്‍ ഇത്തരം പ്രതിരോധ നയങ്ങള്‍ കുടിയേറ്റം തടയുന്നതിനു പ്രാപ്തമല്ലെന്നാണ് ഗവേഷകരുടെ അഭിപ്രായം. കുടിയേറ്റത്തിനായുള്ള തീരുമാനങ്ങളിലെ പ്രധാന സ്വാധീനം കുടിയേറ്റരാജ്യമല്ലെന്നും മറിച്ച് സ്വന്തം രാജ്യത്തിലെ സാഹചര്യങ്ങളാണെന്നും പഠനങ്ങള്‍ പറയുന്നു.

എന്നാല്‍ വിമര്‍ശനങ്ങള്‍ കണക്കിലെടുക്കേണ്ടെന്നാണ് ആഭ്യന്തരവകുപ്പിന്റെ നിലവിലെ നിലപാട്. ഈ ഭേദഗതിക്ക് നിയമനിര്‍മ്മാണം ആവശ്യമില്ലെന്നും പാര്‍ലമെന്റില്‍ വോട്ടെടുപ്പിനു വിധേയമാക്കേണ്ടതില്ലെന്നും ആഭ്യന്തര മന്ത്രാലയം അവകാശപ്പെടുന്നു. എന്നാല്‍ മുന്‍കാലപദ്ധതികളുടെ അവലോകനം കൂടെ ചേര്‍ത്തുവെച്ചുകൊണ്ട് ഉയരുന്ന ആശങ്കകള്‍ ചര്‍ച്ചചെയ്യപ്പെടുന്ന തരത്തില്‍ വോട്ടെടുപ്പ് വേണമെന്നതാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.

അഭയാര്‍ത്ഥികള്‍ക്ക് സ്ഥിരതാമസം ലഭിക്കാന്‍ പ്രയാസമുണ്ടാകുന്നത് അവര്‍ക്കുള്ള ജോലിസാധ്യതയും കുറയ്ക്കുന്നു എന്നാണ് ഡെന്മാര്‍ക്ക് മോഡലുമായി ബന്ധപ്പെട്ടു നടത്തിയ പഠനം കണ്ടെത്തിയത്. പുതിയ നിയമപ്രകാരം ആവശ്യങ്ങള്‍ നിറവേറ്റാന്‍ സാധിക്കില്ലെന്ന് തിരിച്ചറിഞ്ഞ കുടിയേറ്റക്കാര്‍ തൊഴില്‍വിപണിയില്‍ നിന്നും അകന്നുനില്‍ക്കുകയാണ് ചെയ്തത്. അത് സര്‍ക്കാര്‍ ഉദ്ദേശങ്ങള്‍ക്ക് വിപരീതമായിരുന്നു. യുകെയുടെ നിലവിലെ നിര്‍ദ്ദേശങ്ങള്‍ സമാന സാഹചര്യങ്ങള്‍ ഒരുക്കുമെന്നും ആളുകളെ ദീർഘകാലം ത്രിശങ്കുവിലാക്കുമെന്നും കുടിയേറ്റം തടയാൻ ഈ മാർഗം സ്വീകരിക്കുന്നത് ഭാവിയിൽ ഗുണകരമാകുമോ എന്ന് സർക്കാർ പരിശോധിക്കണമെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button